ലോട്ടറി മേഖലയെ തകര്‍ക്കാന്‍ നീക്കമെന്ന്‌ ഏജന്റ്‌സ്‌ ആന്‍ഡ്‌ സെല്ലേഴ്‌സ്‌ അസോസിയേഷന്‍

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  പതിനായിരം ലോട്ടറി ടിക്കറ്റില്‍ കൂടുതല്‍ എടുക്കുന്ന ഏജന്റുമാരുടെ പത്ത്‌ ശതമാനം കുറച്ച്‌ ആ ടിക്കറ്റ്‌ ചെറുകിട കച്ചവടക്കാര്‍ക്ക്‌ വിതരണം ചെയ്യുക എന്ന സര്‍ക്കാര്‍ ഉത്തരവ്‌ ഈ മേഖലയിലെ വന്‍കിട കുത്തകകളെ സംരക്ഷിക്കുന്നതിനും ലോട്ടറി വിതരണത്തിലെ ഭരണപക്ഷ അനുകൂലികളുടെ പക്ഷപാതവും അഴിമതിയും മറച്ചുവയ്‌ക്കുന്നതിനുമാണെന്നും കേരളാ സ്റ്റേറ്റ്‌ ലോട്ടറി ഏജന്‍സ്‌്‌ & സെല്ലേഴ്‌സ്‌ അസോസിയേഷന്‍ (ഐ.എന്‍.റ്റി.യു.സി (ഐ)) സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ലിജീവ്‌ വിജയന്‍ ചൂണ്ടികാട്ടി.

Advertisment

publive-image

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ ടിക്കറ്റ്‌ അച്ചടി 20 ലക്ഷത്തിനു മുകളില്‍ വര്‍ദ്ധിപ്പിച്ച്‌ ടിക്കറ്റുകള്‍ ഭൂരിപക്ഷവും നല്‍കുന്നത്‌ ഭരണ അനുകൂല തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക്‌ വേണ്ടപ്പെട്ട വന്‍കിട ഏജന്റുമാര്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും ലോട്ടറി ക്ഷേമബോര്‍ഡ്‌ ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റികള്‍ക്കും ഇവരുടെ ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കുമാണ്‌.

ഇങ്ങനെ അധികമായി ലഭിച്ച ടിക്കറ്റുകള്‍ ഇവര്‍ മൊത്തമായി ലോട്ടറി മാഫിയാകള്‍ക്ക്‌ മറിച്ചു വില്‍ക്കുകയാണ്‌ ചെയ്യുന്നത്‌. ആയതിനാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം യാതൊരു മാനദണ്‌ഡവുമില്ലാതെ ടിക്കറ്റുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കിയ ഏജന്‍സിയെക്കുറിച്ചും ടിക്കറ്റ്‌ വിതരണത്തിലെ വന്‍ തട്ടിപ്പുകളെക്കുറിച്ചും വിജിലന്‍സ്‌ അന്വേഷണം നടത്തുകയും ഈ ഏജന്‍സികള്‍ക്ക്‌ അധികമായി അനുവദിച്ച ടിക്കറ്റുകള്‍ റദ്ദാക്കി ചെറുകിട ഏജന്റുമാര്‍ക്ക്‌ നല്‍കുകയും ചെയ്യാതെ ആയിരം പതിനായിരം ടിക്കറ്റിന്‌ മുകളില്‍ എടുക്കുന്ന എല്ലാ ഏജന്റുമാരെയും ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരം നടത്തുമെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

തൊടുപുഴ ഇന്ദിരാഭവനില്‍ ചേര്‍ന്ന കേരള ലോട്ടറി ഏജന്റസ്‌ & സെല്ലേഴ്‌സ്‌ അസോസിയേഷന്‍ (ഐ.എന്‍.റ്റി.യു.സി (ഐ)) ജില്ലാ നേതൃത്വ യോഗം യൂണിയന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ലിജീവ്‌ വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ ഇടുക്കി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജോമോന്‍ പോള്‍ (തെക്കുംഭാഗം) അദ്ധ്യക്ഷത വഹിച്ചു.

നേതാക്കളായ എ.പി. ഉസ്‌മാന്‍, ജയിംസ്‌ അധികാരം, ജേണ്‍ നെടിയപാല, റ്റി.പി. ജോയി, വത്സമ്മ വി.ആര്‍, പ്രഭാകരന്‍ കെ.എസ്‌., റ്റോമി സെബാസ്റ്റ്യന്‍, ആനീസ്‌ കെ.എസ്‌. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment