പിതാവിന്റെ വേര്‍പാടിന്റെ അടുത്തദിവസം പത്താംക്ലാസ്സ്‌ പരീക്ഷയെഴുതിയ ആതിരയ്‌ക്ക്‌ ഒരു എ പ്ലസ്‌ നഷ്‌ടമായി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ ആതിര നേടിയ വിജയത്തിന്‌ തിളക്കമേറെ

author-image
സാബു മാത്യു
New Update

കരിമണ്ണൂര്‍:  നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍ സ്‌കൂളില്‍ നിന്നും ഇക്കഴിഞ്ഞ എസ്‌. എസ്‌.എല്‍.സി.പരീക്ഷയില്‍ ജീവിതത്തിലെ പ്രതികൂല പരീക്ഷണങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട്‌ 9 എ പ്ലസ്സു നേടി ഉന്നതവിജയം നേടിയ ആതിര തുളസീദാസ്‌ നാടിന്‌ അഭിമാനമായി.

Advertisment

publive-image

പിതാവ്‌ തുളസീദാസ്‌ എസ്‌.എസ്‌.എല്‍.സി.പരീക്ഷയിലെ ഐ.ടി. പരീക്ഷയ്‌ക്ക്‌ തലേദിവസം മരണമടഞ്ഞിരുന്നു. കടുത്ത പനി വന്ന്‌ ആശുപത്രിയില്‍ കിടന്നെങ്കിലും കൂടുതല്‍ ചികില്‍സ ലഭ്യമാകാതെയാണ്‌ തുളസീദാസ്‌ മരിച്ചത്‌. പിതാവിന്റെ മരണത്തിനടുത്ത ദിവസം പരീക്ഷ എഴുതിയ ആതിരയ്‌ക്ക്‌ ഒരു വിഷയത്തിന്‌ മാത്രമാണ്‌ എ പ്ലസ്‌ നഷ്‌ടമായത്‌. പ്ലസ്‌ വണ്ണില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌ എടുത്ത്‌ തുടര്‍വിദ്യാഭ്യാസം നടത്താനാണാഗ്രഹമെന്ന്‌ ആതിര പറഞ്ഞു.

ചേച്ചിക്ക്‌ ഫുള്‍ എപ്ലസ്‌ കിട്ടണമെന്നായിരുന്നു ആഗ്രഹമെന്നും ഇപ്പോള്‍ കിട്ടിയ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നതായും ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ അനിയത്തി ആര്യ പറയുന്നു. സാമ്പത്തിക സ്ഥിതി വളരെ മോശമാണെങ്കിലും രണ്ടു മക്കളെയും തുടര്‍ന്നും നല്ല രീതിയില്‍ പഠിപ്പിക്കുവാന്‍ ആഗ്രഹമെന്ന്‌ അമ്മ വിജയമ്മ പറയുന്നു.

ഹാര്‍ട്ട്‌ പേഷ്യന്റ്‌ ആയ ആതിരയുടെ അമ്മാവന്‍ ഉണ്ണി തന്റെ കഴിവനുസരിച്ച്‌ എല്ലാ വിധ സഹായ സഹകരണവും നല്‍കി വരുന്നു. ആകെയുള്ള പത്തു സെന്റില്‍ താമസിക്കുന്ന ഇവര്‍ക്ക്‌ വീടിന്റെ പണി പൂര്‍ത്തീകരിക്കാനും, കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം നടത്താനും ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്‌.

കൂലിപ്പണി ചെയ്‌താണ്‌ വിജയമ്മ മക്കളെ പഠിപ്പിക്കുന്നത്‌. മകളുടെ മികച്ച വിജയം ഈ കുടുംബത്തിന്‌ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നു.

Advertisment