നിര്‍മ്മാണ സാധനങ്ങളുടെലഭ്യത ഉറപ്പ്‌ വരുത്തണം – തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍

സാബു മാത്യു
Friday, August 23, 2019

തൊടുപുഴ: പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്‌ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നതിനെ തുടര്‍ന്ന്‌ മണല്‍, മിറ്റല്‍ എന്നിവയ്‌ക്ക്‌ കടുത്ത ക്ഷാമമാണ്‌. ഇതിനെ തുടര്‍ന്ന്‌ നിര്‍മ്മാണ മേഖല ഒന്നാകെ സ്‌തംഭനാവസ്ഥയിലാണ്‌. കെട്ടിട നിര്‍മ്മാണം, റോഡ്‌ നിര്‍മ്മാണം, മറ്റ്‌ സമയാസമയങ്ങളില്‍ പൂര്‍ത്തീകരിക്കേണ്ട കരാര്‍ പ്രവര്‍ത്തികള്‍ എന്നിവ ആഴ്‌ചകളായി നിര്‍ത്തിവച്ചിരിക്കുകയാണ്‌.

പഞ്ചായത്തില്‍ നിന്നും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ്‌ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പോലും നിലച്ചിരിക്കുകയാണ്‌. ഈ മേഖലയില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന്‌ തൊഴിലാളികള്‍ക്ക്‌ നിര്‍മ്മാണ സാമഗ്രികളുടെ അപര്യാപ്‌തതയും പ്രളയവും നിമിത്തം തൊഴില്‍ നഷ്‌ടപ്പെട്ടിട്ട്‌ മാസങ്ങളായി.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും ക്രഷറുകളുടെയും ക്വാറികളുടെയും നിയന്ത്രണം നീക്കിയെങ്കിലും ഇടുക്കി ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം നിലനില്‍ക്കുകയാണ്‌. ഹൈറേഞ്ച്‌ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടുതന്നെ ജില്ലയിലെ ലോറേഞ്ച്‌ പ്രദേശത്തെ ലൈസന്‍സുള്ള കരിങ്കല്‍ ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുവാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കണം.

തൊടുപുഴ താലൂക്കില്‍ കാര്യമായ പ്രകൃതിക്ഷോഭങ്ങള്‍ ഇല്ലെന്നിരിക്കെ അതിരൂക്ഷമല്ലാത്ത സ്ഥലങ്ങളിലെ നിയന്ത്രണം എങ്കിലും ഒഴിവാക്കി വ്യാപാരികളെ രക്ഷിക്കണമെന്ന്‌ തൊടുപുഴ മര്‍ച്ചന്റ്‌സ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജു തരണിയില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിനോട്‌ ആവശ്യപ്പെട്ടു.

×