കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് ഇന്ന് 44 വർഷം തികയുന്നു

New Update

പാലാ:  കുറവിലങ്ങാടിനെ ആകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് ഇന്ന് 44 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു.

Advertisment

ഇവർക്കുവേണ്ടിയുള്ള പ്രത്യേക അ​നു​സ്മ​ര​ണപ്രാർത്ഥനകൾ ഇന്ന് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീർത്ഥാടന ​ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ബന്ധുമിത്രാധികൾക്കു തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം ഇല്ല.

publive-image

1976 മേ​യ് 7 ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ 43 സൺഡേ സ്‌കൂൾ അദ്ധ്യാപകരും മൂ​ന്ന് വൈ​ദി​ക​രും ഒരു വൈദികവിദ്യാർത്ഥിയും രണ്ട് ബസ് ജീവനക്കാരും ഉൾപ്പെട്ട 49 അംഗ സംഘം ആണ് അപകടത്തിൽ പെട്ടത്.

സം​ഘം യാ​ത്ര പു​റ​പ്പെ​ട്ട് തേ​ക്ക​ടി, മ​ധു​ര മു​ത​ലാ​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പി​റ്റേ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ടൈ​ക്ക​നാ​ലെ​ത്തി, അ​വി​ടു​ത്തെ കാ​ഴ്ച​ക​ൾ ക​ണ്ട് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു വരുംവഴി ഡം​ഡം പാ​റ എ​ന്ന സ്ഥ​ല​ത്തു​വ​ച്ച് ബ​സ് 600 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യിരു​ന്നു.

റോഡരികിലെ മതില്‍ ഇടിച്ചുതകര്‍ത്ത ബസ് തലകുത്തനെ കൊക്കയിലേക്ക് മറിയുകയായിരുന്നു. അഞ്ചരയോടെ അപകടത്തില്‍പ്പെട്ടവരെ റോഡിലെത്തിച്ചപ്പോള്‍ രാത്രി 11 കഴിഞ്ഞിരുന്നു. കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയില്‍ വീണ് എല്ലാവർക്കും ദേഹമാസകലം ഗരുതരമായി പരിക്കേറ്റിരുന്നു.

ര​ണ്ട് വൈ​ദി​ക​രും, 16 സൺഡേ സ്‌കൂൾ അദ്ധ്യാപകരും അപകടത്തിൽ മ​രി​ച്ചു.  ഫാ. മാത്യു പട്ടരുമഠം, ഫാ. പോള്‍ ആലപ്പാട്ട്,  കെ. ഡി. ജോര്‍ജ് കൂനംമാക്കീല്‍, കെ. ഡി. വര്‍ക്കി കൊള്ളിമാക്കിയില്‍, സി. കെ. വര്‍ക്കി ചിറ്റംവേലില്‍, വി. കെ. ഐസക് വാക്കയില്‍, കെ. എം. ജേക്കബ് കാരാംവേലില്‍, എം. എം. ജോണ്‍ കൂഴാമ്പാല, എം. എം. ജോസഫ് കൂഴാമ്പാല, ടി. എം. ലൂക്കോസ് താന്നിക്കപ്പുഴ, പി. എം. ജോസഫ് പുന്നത്താനത്ത്, ടി. ഒ. മാത്യു തേക്കുങ്കല്‍, സെബാസ്റ്റ്യന്‍ ചിങ്ങംതോട്ട്, കെ. എം. കുര്യന്‍ കരോട്ടെകുന്നേല്‍, കെ. എം. ജോസഫ് കൊച്ചുപുരയ്ക്കല്‍, വര്‍ക്കി മുതുകുളത്തേല്‍, ദേവസ്യ പൊറ്റമ്മേല്‍, ജോസഫ് പുല്ലംകുന്നേല്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

അന്ന് ടെലിഫോണുകൾ വളരെ അപൂർവ്വമായിരുന്ന കാലം. സ്റ്റോക്ക്എടുപ്പിനായി അസാധാരണമായി അന്ന് രാത്രി മുഴുവൻ തുറന്നുവെച്ചിരുന്ന പന്തനാപ്പള്ളി കൊച്ചേട്ടന്റെ മരുന്നുകടയിലേക്ക് വെളുപ്പിന് മൂന്നുമണിക്ക് ദീപിക പത്രത്തിൽനിന്നെത്തിയ ഫോൺവഴിയാണ് കുറവിലങ്ങാട്ട് ആദ്യം ദുരന്തവാർത്ത എത്തുന്നത്.

കൊച്ചേട്ടൻ അപ്പോൾതന്നെ വെള്ളയിപ്പറമ്പിൽ കുഞ്ഞേട്ടനെ (വി യു ഉതുപ്പ്) വിവരം അറിയിച്ചു. കുഞ്ഞേട്ടൻ തിരക്കിട്ടു പാലായിലെത്തി പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാ​ർ ജോസ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ലി​നെ ഒപ്പംകൂട്ടി ദുരന്തഭൂമിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തകർ ബ​ത്ത​ൽ​ഗു​ണ്ട ആ​ശു​പ​ത്രി​യി​ൽ എത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു.

ഒരു കെഎസ്ആർടിസി ബസ് അത്യവശ്യം ആൾക്കാരുമായി രാവിലെ അപകടസ്ഥലത്തേക്ക് പുറപ്പെട്ട് അതിൽ മരിച്ചവരുടെ മൃതദേഹങ്ങളുമായി അടുത്തദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു.

കുറവിലങ്ങാട് പള്ളിയിലെ പുനരുത്ഥാന പൂന്തോട്ടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കൊടൈക്കനാലിൽ പൊലിഞ്ഞവരുടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സംസ്കരിച്ചിട്ടുള്ളത്.

Advertisment