Advertisment

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വാച്ച് ബിഷപ്പ് പൊന്നുപോലെ സൂക്ഷിച്ചു. പക്ഷേ പറ്റിപ്പോയി...! വാച്ച് പിന്നെ പ്രത്യക്ഷപ്പെട്ടത് കാണികള്‍ക്കിടയിലിരുന്ന വലിയ പെട്ടിയില്‍!

New Update

പാലാ: വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വാച്ച് പെട്ടിയില്‍ പൊന്നുപോലെ സൂക്ഷിച്ചു ബിഷപ്പ് ; പക്ഷേ ശൂന്യതയിലൂടെ പോയി ഇരുന്നതാകണം വാച്ച് പിന്നെ പ്രത്യക്ഷപ്പെട്ടത്, കാണികള്‍ക്കിടയിലിരുന്ന വലിയ പെട്ടിയില്‍ !

Advertisment

publive-image

വാച്ച് കൊടുത്ത വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും ഇത് പെട്ടിയിലാക്കി സൂക്ഷിച്ച ബിഷപ്പ് ജേക്കബ്ബ് മുരിക്കനും ഉള്‍പ്പെടെയുള്ള കാണികളെ അത്ഭുതസ്തബ്ധരാക്കി ഞൊടിയിടയില്‍ വാച്ച് സ്ഥാനം മാറ്റി കാണിക്കുകയായിരുന്നു മജീഷ്യന്‍ കണ്ണന്‍മോന്‍.  ഏഴാച്ചേരി സ്റ്റോണേജ് ക്ലബ്ബ് നടത്തിയ വല്യതോടിന് വല്യാദരം പരിപാടിയോട് അനുബന്ധിച്ചാണ് 11 വയസ്സുകാരന്‍ മജീഷ്യന്‍ കണ്ണന്‍മോന്‍ മാജിക് അവതരിപ്പിച്ചത്.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയോട് വാച്ചു വാങ്ങി കാണികളില്‍ ഒരാളോട് ഒരു ടവ്വലും വാങ്ങി, വാച്ച് ടവ്വലില്‍ പൊതിഞ്ഞ് മജീഷ്യന്‍ ഒരു കൊച്ചു തടിപ്പെട്ടിയിലാക്കി റിബണിട്ടു കെട്ടിയാണ് ബിഷപ്പ് ജേക്കബ്ബ് മുരിക്കനെ ഏല്പിച്ചത്. മാജിക് തീരുംവരെ പെട്ടി ശ്രദ്ധയോടെ സൂക്ഷിക്കണമെന്നും കണ്ണന്‍മോന്‍ ബിഷപ്പിനോട് അപേക്ഷിച്ചു.

publive-image

തുടര്‍ന്ന് നേരത്തെ തന്നെ കാണികള്‍ക്കിടയില്‍ വച്ചിരുന്ന ഒരു പെട്ടി മജീഷ്യന്‍ എടുത്തുകൊണ്ടുവന്നു. അതു തുറന്നപ്പോള്‍ അതില്‍ മറ്റൊരു പെട്ടി. ഇങ്ങനെ നാലു പെട്ടികള്‍ തുറന്ന് കണ്ണന്‍മോന്‍ അന്തരീക്ഷത്തില്‍ കൈയൊന്നു ചുഴറ്റി; അതാ ടൗവ്വലില്‍ പൊതിഞ്ഞ വയലാറിന്റെ വാച്ച് മജീഷ്യന്റെ കയ്യില്‍ !

കണ്‍മുന്നിലെ വിസ്മയത്തിന് കാണികളുടെ നിലയ്ക്കാത്ത കൈയ്യടി അകമ്പടിയായി. പിന്നീട് ബിഷപ്പ് ജേക്കബ്ബ് മുരിക്കന്‍ സൂക്ഷിച്ചിരുന്ന പെട്ടി തുറന്നപ്പോള്‍ അതാകട്ടെ കാലിയും !

ബിഷപ്പ് മുരിക്കന്‍ സമ്മാനിച്ച മുല്ലപ്പൂക്കള്‍ ഞൊടിയിടയില്‍ മുല്ലമാലയാക്കി അദ്ദേഹത്തിന്റെ കഴുത്തിലണിയിച്ചാണ് മജീഷ്യന്‍ കണ്ണന്‍മോന്‍ മാജിക്ക് ആരംഭിച്ചത്. വല്യതോട്ടിലെ ജലത്തെ ശൂന്യമായൊരു കുടത്തിലേക്ക് ആവാഹിച്ചും, ബിഷപ്പ് മുരിക്കന്‍ മനസ്സില്‍ വിചാരിച്ച കാര്യം ''മൈന്‍ഡ് റീഡിങ്ങിലൂടെ'' സദസ്സിനോട് വെളിപ്പെടുത്തിയും കണ്ണന്‍മോന്‍ കാണികളെ അത്ഭുതപരതന്ത്രരാക്കി.

publive-image

ഒന്നാംതരം മാജിക്കെന്ന് അഭിപ്രായപ്പെട്ട് കണ്ണന്‍മോനെ അഭിനന്ദിച്ച ബിഷപ്പ് മുരിക്കന്‍ സ്വന്തം പേന സമ്മാനമായി നല്കി. വിശിഷ്ടാതിഥികളായിരുന്ന എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യനും, വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും കണ്ണന്‍മോന് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ഏഴാച്ചേരി തുമ്പയില്‍ സുനില്‍കുമാര്‍ - ശ്രീജ ദമ്പതികളുടെ മകനായ എസ്. അഭിനവ് കൃഷ്ണ എന്ന കണ്ണന്‍മോന്‍ മൂന്നാം വയസ്സ് മുതല്‍ മാജിക് വേദിയിലുണ്ട്. ഇതിനോടകം മുന്നൂറോളം വേദികളില്‍ മാജിക് അവതരിപ്പിച്ചു കഴിഞ്ഞു. ഒരു സിനിമയിലും അഭിനയിച്ചു. വെള്ളിലാപ്പിള്ളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Advertisment