ഓണവുമായി ഇഴചേര്‍ന്ന പ്രചാരണവുമായി മാണി സി കാപ്പന്‍

ന്യൂസ് ബ്യൂറോ, പാലാ
Tuesday, September 10, 2019

പാലാ:  നാടും നഗരിയും തിരുവോണത്തിരക്കിലോടുമ്പോഴും ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും ആഘോഷങ്ങള്‍ക്കൊപ്പം ചേര്‍ന്നു തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നേറുന്നു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ടുകളുറപ്പിക്കുന്ന തിരക്കിലാണ് കാപ്പന്‍.

ഇതിന്റെ ഭാഗമായി വ്യക്തികളെ നേരിട്ടും സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥി. നാട്ടിലെവിടെയും ഓണാഘോഷമായതിനാല്‍ പരമാവധി ഓണാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാനും സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തുന്നുണ്ട്.

ഇന്നലെ രാവിലെ നഗരത്തിലെ സ്വകാര്യ ജിമ്മിലെത്തി വോട്ടുകളഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു പ്രചാരണത്തിനു തുടക്കമിട്ടത്. ളാലം സെന്റ് മേരീസ് മഠത്തില്‍ വോട്ടു തേടി പുറത്തിറങ്ങുമ്പോള്‍ സെന്റ് മേരീസ് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ ചുറ്റുംകൂടി. അവരുമായി കുറച്ചുനേര സംഭാഷണം. ഫോട്ടോയെടുക്കല്‍. അപ്പോഴേയ്ക്കും ചാനലുകാര്‍ എത്തി. തുടര്‍ന്ന് കടപ്പാട്ടൂരില്‍ സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് വോട്ടുകള്‍ തേടി.

തിരക്കിട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്‍സിപി നേതാക്കളുമായി ചേര്‍ന്നു വിലയിരുത്തി. ബെന്നി മൈലാടൂര്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ജോസ് കുറ്റിയാനിമറ്റം, താഹ തലനാട് തുടങ്ങിയവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഉച്ചഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ക്ലോക്കില്‍ മണി മൂന്നടിച്ചു. പിന്നെ ഭക്ഷണം കഴിച്ചെന്നു വരുത്തി വീണ്ടും പ്രചാരണത്തിരക്കിലേയ്ക്ക് കടന്നു. ഇന്നലെ ഭരണങ്ങാനം, മീനച്ചില്‍, എലിക്കുളം, കൊഴുവനാല്‍, പാലാ മേഖലകളിലായിരുന്നു പ്രചാരണ പരിപാടികള്‍.

×