പാലായിലെ എം എൽ എ ഫണ്ട് വിതരണം: കുടിവെള്ളം, റോഡ് മേഖലകൾക്കു മുൻഗണന

ന്യൂസ് ബ്യൂറോ, പാലാ
Friday, December 13, 2019

പാലാ: പാലായിലെ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിന് എം എൽ എ ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പന്‍ എം എല്‍ എ.  ഈ ഫണ്ട് അപര്യാപ്തമായതിനാല്‍ സ്റ്റേഡിയത്തിനാവശ്യമായ ബാക്കി തുകയായ അഞ്ച് കോടി രൂപ ബജറ്റിലൂടെ പാലായ്ക്കു ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും എം എൽ എ അറിയിച്ചു.

പാലാ മണ്ഡലത്തിൽപ്പെട്ട മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷമാണ്. അവയ്ക്ക് പരിഹാരം കാണേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ കുടിവെള്ളം, റോഡ് തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന നൽകി ഫണ്ട് അനുവദിച്ചിരിക്കുന്നത്.

പൊതുജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ക്രിയാത്മകമായി പ്രവർത്തിക്കാൻ എം എൽ എ യ്ക്കു വിവേചനാധികാരം ഉണ്ടെന്നും എം എൽ എ ഫണ്ട് വിനിയോഗത്തെ വിവാദത്തിലാക്കാൻ നടത്തുന്ന ഗൂഢശ്രമങ്ങളെ പാലാക്കാർ തള്ളിക്കളയുമെന്നും എം എൽ എ അറിയിച്ചു.

വില കുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ഇത്തരം ഹീന നീക്കങ്ങളെ പാലാക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എം എൽ എ വ്യക്തമാക്കി.

×