തലയോലപ്പറമ്പ് - കൂത്താട്ടുകുളം റോഡ് നവീകരണം ആരംഭിക്കുന്നതിന് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു - മോൻസ് ജോസഫ് എംഎൽഎ

New Update

പെരുവ: സർക്കാർ തലത്തിൽ വിവിധങ്ങളായ സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി കിടന്നിരുന്ന തലയോലപ്പറമ്പ് - കൂത്താട്ടുകുളം റോഡുമായി ബന്ധപ്പെട്ട എല്ലാവിധ വികസന തടസ്സങ്ങളും നിരന്തരമായ ഇടപെടലിലൂടെ പരിഹരിക്കാൻ കഴിഞ്ഞതായി അഡ്വ. മോൻസ് ജോസഫ് എം എൽ എ അറിയിച്ചു.

Advertisment

ടി. കെ റോഡിന് ഏറ്റവും കൂടുതൽ ശോച്യാവസ്ഥയുണ്ടായ കീഴൂർ - പെരുവ - അവർമ റീച്ചിന്റെ റീ ടാറിംഗ് ജോലികൾ ഉടനെ ആരംഭിക്കാൻ കഴിയുന്ന വിധത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതായി എംഎൽഎ വ്യക്തമാക്കി.

publive-image

പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ റീ ടാറിംഗിന് മുന്നോടിയായുള്ള ലെവൽസ് - സർവ്വേ ജോലികൾ ഇപ്പോൾ നടന്ന് വരികയാണ്. ചീഫ് ടെക്നിക്കൽ എക്സാമിനറുടെ റോഡ് പരിശോധന ഉടനെ നടക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങൾ പൂർത്തീകരിച്ചാൽ മെയ് 25നും 30നും ഇടയിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് എംഎൽഎ അറിയിച്ചു.

മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ടാറിംഗ് നടത്താനുള്ള പരിശ്രമമാണ് വകുപ്പ് തലത്തിൽ ചെയ്തിട്ടുള്ളത്. പ്രതികൂല കാലാവസ്ഥക്ക് ഇടവന്നാൽ ടാറിംഗ് ജോലികൾ മുന്നോട്ട് നീട്ടി വയ്ക്കാൻ നിർബന്ധിതമാകും.

കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കീഴൂർ - പെരുവ - അവർമ റോഡ് റീച്ചിന്റെ വികസനത്തിന് വേണ്ടി 2 കോടി 95 ലക്ഷം രൂപയുടെ പദ്ധതിയാണ് മോൻസ് ജോസഫ് എം എൽ എയുടെ പരിശ്രമഫലമായി അനുവദിച്ച് കിട്ടിയത്.

എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെയും, സർക്കാർ തലത്തിലും ഉണ്ടായ വിവിധ സാങ്കേതിക പ്രശ്നങ്ങൾ മൂലം റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിയാതെ നിരവധി പ്രതിസന്ധികളാണ് കടന്നു വന്നത്. ഇക്കാര്യങ്ങളെല്ലാം പരിഹരിച്ചതിനെ തുടർന്നാണ് ടി. കെ റോഡ് വികസനം ഇപ്പോൾ നടപ്പാക്കാൻ സാഹചര്യം ഉണ്ടായിരിക്കുന്നത്.

കീഴൂർ മുതൽ അവർമ വരെ ഉന്നത നിലവാരത്തിലുള്ള ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗാണ് നടപ്പാക്കുന്നത്. പിറവം - കടുത്തുരുത്തി റോഡിന്റെ പെരുവ ടൗൺ ഭാഗവും റീടാറിംഗ് നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതായി മോൻസ് ജോസഫ് അറിയിച്ചു.

എം. വി. ഐ. പി കനാൽ നിർമ്മാണത്തിന് വേണ്ടി റോഡ് മുറിക്കേണ്ടി വന്ന മൂർക്കാട്ടിപ്പടി ഭാഗത്ത് മെയിൻ റോഡ് സഞ്ചാര യോഗ്യമാക്കുന്നത് സംബന്ധിച്ച് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റുമായി മോൻസ് ജോസഫ് എംഎൽഎ കൂടിയാലോചന നടത്തി. ഇക്കാര്യം പരിഹരിക്കുന്നതിന് വകുപ്പ് തലത്തിൽ ധാരണ ഉണ്ടായിട്ടുണ്ട്.

മൂർക്കാട്ടിപ്പടി ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നടപ്പാക്കാവുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി എംഎൽഎ ചർച്ച നടത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മെയ് 20ന്, പിഡബ്ല്യുഡി - എം.വി.ഐ.പി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ജോയിന്റ് ഇൻസ്പെക്ഷൻ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Advertisment