കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിന് അന്താരാഷ്ട്ര അംഗീകാരം

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, June 11, 2019

കോഴിക്കോട്:  കാരിക്കേച്ചറിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് കാരിക്കേച്ചറിസ്റ്റ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ (ഐ.എസ്.സി.എ) ഇന്ത്യയില്‍ നിന്നുള്ള ഏക പ്രഫഷണല്‍ മെമ്പറായി കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിന് ലോകാംഗീകാരം.

കാരിക്കേച്ചറിനെ പ്രോത്സാഹിപ്പിക്കുന്നതിനും കാരിക്കേച്ചറിനെ ജനങ്ങളിലേക്കെത്തിക്കുന്നതിനും വേണ്ടി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഫഷണല്‍ കാരിക്കേച്ചറിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടനയാണ് ഐ.എസ്.സി.എ. അമേരിക്കയിലെ കന്‍സാസ് സിറ്റിയാണ് ആസ്ഥാനം.

2019 നവംബര്‍ 17 ന് അമേരിക്കയിലെ മെംഫിസ് ടി.എന്നില്‍ നടക്കുന്ന 28 ാമത് ഐ.എസ്.സി.എ വാര്‍ഷിക കണ്‍വന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എം. ദിലീഫ് പങ്കെടുക്കും. 2017 ല്‍ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ റാക്കറ്റ് നിര്‍മ്മിച്ച് എം. ദിലീഫ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.

‘യെനിസൊജ്’ തുര്‍ക്കി ദിന പത്രം ഉള്‍പ്പടെ അന്താരാഷ്ട്ര പത്രങ്ങളില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന ദിലീഫ് ആര്‍ട്ട് ഗ്യാലറിയുടെ ചെയര്‍മാനാണ്. കോഴിക്കോട് ജില്ലയിലെ മുക്കം-നെല്ലിക്കാപറമ്പ് സ്വദേശിയാണ്.

×