പൗരത്വനിയമത്തിനെതിരെ സഫീറ കൊടിയത്തൂർ പാടിയ സമരപ്പാട്ട് വൈറലാവുന്നു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, December 30, 2019

‘പൗരത്വത്തിന്‍ പേരുപറഞ്ഞ് നാടു കടത്താന്‍ നോക്ക്ണ മോഡി… തല്‍ക്കാലം ഈ വണ്ടിയില്‍ ഞങ്ങള്‍ കേറൂലാ…. കൊന്നാലും ഈ ഇന്ത്യയെ ഞങ്ങള്‍ പിരിയൂലാ…’

പൗരത്വനിയമത്തിനെതിരെ ആസാദി മുദ്രാവാക്യവുമായി രാജ്യ തെരുവുകള്‍ പ്രക്ഷുബ്ധമാവുമ്പോള്‍ സമരക്കാര്‍ക്ക് ആവേശം പകരുന്ന സമരപ്പാട്ട് വീഡിയോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് സഫീറ കൊടിയത്തൂര്‍.

സഫീറ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത പാട്ടുവീഡിയോ ഇതിനകം നിരവധി പേർ ഇഷ്ടപ്പെടുകയും പങ്കുവെക്കുകയും ചെയ്തുകഴിഞ്ഞു. പാട്ടിന് വരികളെഴുതി, ഈണം നല്‍കി, എഡിറ്റിംഗ് നിര്‍വഹിച്ചതും സഫീറ തന്നെയാണെന്നതാണ് ശ്രദ്ധേയം.

”_പൗരത്വത്തിന്‍ പേരുപറഞ്ഞ് നാടു കടത്താന്‍ നോക്ക്ണ മോഡി… തല്‍ക്കാലം ഈ വണ്ടിയില്‍ ഞങ്ങള്‍ കേറൂലാ…. കൊന്നാലും ഈ ഇന്ത്യയെ ഞങ്ങള്‍ പിരിയൂലാ…”

”വെടിവെപ്പും ലാത്തിയടിയും ഞങ്ങളെത്ര കണ്ടതാ… ഭീഷണിയും കൊലവിളി ഞങ്ങളെത്ര കേട്ടതാ…. തല്‍ക്കാലം ഈ ചതിയില് ഞങ്ങള് വീഴൂലാ… അമിത്ഷാ നിന്റെ പരിപ്പീ ചട്ടിയില്‍ വേവൂലാ….” എന്നു തുടങ്ങി മനോഹര വരികള്‍ക്ക് ഇന്ത്യയിൽ നടന്ന സമരചിത്രങ്ങളുടെ പശ്ചാത്തല അകമ്പടികൂടിയായപ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായി.

മോഡിയുടെയും അമിത്ഷായുടെയും പേരെടുത്ത് വിളിച്ച് പൗരത്വ ബില്ലിവിടെ നടക്കില്ലെന്ന് പറയാൻ കാണിച്ച ചങ്കൂറ്റം, ലാത്തിയുമായി വന്ന പോലീസുകാരന് നേരെ വിരല്‍ചൂണ്ടി ‘പീച്ചേ ചലോ’ എന്നാക്രോശിച്ച ജാമിഅയിലെ പെണ്‍പുലികളെയാണ് ഓര്‍മിപ്പിക്കുന്നത്. ഇതിനകം നിരവധി സമരവേദികളില്‍ സഫീറയുടെ ഈ പാട്ട് താരമായിക്കഴിഞ്ഞു.

https://m.facebook.com/story.php?story_fbid=2536551836565838&id=100006331387958

×