കലാകുടുംബത്തിന്റെ സ്വപ്‌നം ‘വെല്‍ഫെയര്‍ ഹോമി’ലൂടെ യാഥാര്‍ഥ്യമാവുന്നു

സാലിം ജീറോഡ്
Friday, October 18, 2019

മുക്കം:  സ്വന്തമായി ഒരു തുണ്ടു ഭൂമിയോ കൂരയോ ഇല്ലാതെ ഒരു പതിറ്റാണ്ടുകാലമായി വാടകവീടുകളില്‍ മാറിമാറി താമസിച്ചുവരുന്ന കലാ-കായിക കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കി വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകരുടെ വേറിട്ട മാതൃക.

മാട്ടുമുറി സ്വദേശിയായ കലാഭവന്‍ ബാലു-സജ്‌ന കുടുംബത്തിന്റെ ചിരകാല സ്വപ്‌നമാണ് ‘വെല്‍ഫെയര്‍ ഹോമി’ലൂടെ യാഥാര്‍ഥ്യമാവുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തില്‍ നാല് സെന്റ് ഭൂമി വാങ്ങിക്കുകയും പ്രവര്‍ത്തകരുടെ പണവും അധ്വാനവും ചേര്‍ത്ത് ഏകദേശം ആറ് ലക്ഷത്തോളം രൂപ ചെലഴിച്ചാണ് ഗോതമ്പറോഡ് -തോണിച്ചാലില്‍ വീട് പണി പൂര്‍ത്തീകരിച്ചത്.

കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകള്‍ പാടിയാണ് ബാലുവിന് കൊച്ചിന്‍ കലാഭവനില്‍ സെലക്ഷന്‍ ലഭിച്ചത്. കേരളത്തിലുടളീനം ഇതിനകം നിരവധി സ്റ്റേജുകളില്‍ പാടി. ഫുട്ബാളിലൂടെ മക്കളായ ശ്രീനന്ദനയും ശ്രീപ്രിയയും കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

മുക്കം ഫുട്ബാള്‍ അക്കാദമിയിലെ താരമായ ശ്രീനന്ദന പതിനാല് വയസ്സിനു താഴെയുള്ള വര്‍ക്കായി ആലപ്പുഴയില്‍ സംഘടിപ്പിച്ച സംസ്ഥാന ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീമിനു വേണ്ടി ബൂട്ടണിഞ്ഞ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇളയകള്‍ ശ്രീപ്രീയക്ക് ഫുട്‌ബോളും ജൂഡോയുമാണ് താല്‍പര്യം. അമ്മ സജ്‌നയും കലാ രംഗത്ത് മികച്ചനേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 20ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര തോണിച്ചാല്‍ വെല്‍ഫെയര്‍ ഹോം അങ്കണത്തില്‍ താക്കോല്‍ ദാനം നിര്‍വഹിക്കും.

ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ അബ്ദുമാസ്റ്റര്‍, സാലിം ജീറോഡ്, വെല്‍ഫെയര്‍ഹോം ഗോതമ്പറോഡ് യൂനിറ്റ് കണ്‍വീനര്‍ മുള്ളന്‍മട അബ്ദുറഹിമാന്‍ എന്നിവര്‍ സംബന്ധിക്കും.

×