കാപ്‌സ് സോഷ്യൽ വർക്ക്‌ സ്റ്റുഡന്റ് അവാർഡ് അട്ടപ്പാടി ചീരക്കടവ് ഊരിലെ ശരണ്യക്ക്

സമദ് കല്ലടിക്കോട്
Thursday, March 19, 2020

പാലക്കാട്‌: പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ സംഘടനയായ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) പാലക്കാട് ചാപ്റ്റർ ഏർപ്പെടുത്തിയ പ്രഥമ സോഷ്യൽ വർക്ക്‌ സ്റ്റുഡന്റ് അവാർഡ് അട്ടപ്പാടി പുതൂർ ചീരക്കടവ് ഊരിലെ ശരണ്യക്ക് ലഭിച്ചു.

അന്താരാഷ്ട്ര സോഷ്യൽ വർക്ക്‌ ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ ഡി. ബാലമുരളി ഐ. എ. എസ് അവാർഡ് വിതരണം ചെയ്തു.

സീനിയർ ഗ്രേഡ് പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേംനാഥ് പൊന്നാട അണിയിച്ചു, എം. നബീസ സുലൈമാൻ ക്യാഷ് അവാർഡ് നൽകി. പൊതുപരിപാടികൾ ഒഴിവാക്കിയതിനാൽ കളക്ടറുടെ ചേമ്പറിൽ വെച്ചാണ് അവാർഡ് നൽകിയത്.

ഊര് മൂപ്പൻ രംഗന്റെയും, ലക്ഷ്മിയുടെ മകളാണ് ശരണ്യ. 2013 ൽ സെന്റ് പീറ്റേഴ്സ് കോൺവെന്റ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി.ക്ക് ആദിവാസി വിഭാഗത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ ശരണ്യ, അഗളി ഹയർ സെക്കന്ററിസ്കൂളിൽ നിന്നും പ്ലസ്ടുവും, ഐഎച്ച്ആർഡി കോളേജിൽ നിന്നും ബി. കോമും ഉന്നത മാർക്കോടുകൂടി പാസ്സായ ശേഷമാണ് കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി കോളേജിൽ എം.എസ്.ഡബ്ല്യു പഠനത്തിനായി ചേർന്നിരിക്കുന്നത്.

മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, തൃശ്ശൂർ വിമലാ കോളേജ്, പത്തനംതിട്ട സെന്റ് ഗ്രിഗോറിയസ് കോളേജ് ഓഫ് സോഷ്യൽ സയൻസ്, ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ്, പാലക്കാട്‌ മേഴ്‌സി കോളജ് തുടങ്ങിയവയിൽ നിന്നും അവാർഡ് നോമിനേഷൻ വന്നുവെങ്കിലും, ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത് സോഷ്യൽ വർക്ക്‌ പഠനത്തിനായി എത്തിചേർന്ന ശരണ്യയെ കാപ്‌സ് അഞ്ചംഗ ജൂറി ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നു.

കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു അവാർഡ് ഏർപ്പെടുത്തുന്നത്. കാപ്‌സ് ജില്ലാ പ്രസിഡന്റ്‌ സതീഷ്. കെ, സെക്രട്ടറി ദൃശ്യ കെ. എം, കാപ്‌സ് റീജിയണൽ പ്രസിഡന്റ്‌
എസ്. അബ്ദുൾ റഹിമാൻ, ബിബിത് കെ. ബി, സംഗീത കെ, ജിജിൻ ജി, ഫാ. ലെനിൻ ആന്റണി, സറീന എം, സൗമ്യ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

×