സാംക്രമിക രോഗങ്ങൾ തടയുന്നതിനും ആരോഗ്യ പരിപാലനം ലക്ഷ്യമാക്കിയും ‘ആയുർകരിമ്പ’ ആയുർവേദ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

സമദ് കല്ലടിക്കോട്
Wednesday, September 12, 2018

കല്ലടിക്കോട്:  രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, മഴക്കാല, പ്രളയാനന്തര രോഗങ്ങളിൽ മുൻകരുതൽ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ‘ആയുർകരിമ്പ’ സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പിന് കരിമ്പ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

കരിമ്പ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സ വകുപ്പും എൻ എച്ച് എം ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർസ്പർശം പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായാണ് ‘ആയുർകരിമ്പ’ എന്ന പേരിൽ സൗജന്യ ചികിത്സയും ബോധവൽക്കരണ പരിപാടികളും നടത്തുന്നത്.

പ്രളയാനന്തരം മണ്ണിലും ശരീരത്തിലും സംഭവിക്കുന്ന വ്യതിയാനങ്ങളെ പൂർവ സ്ഥിതിയിലാക്കുക എന്ന ലക്ഷ്യത്തോടെ ആറു കേന്ദ്രങ്ങളിലായാണ് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.ആയുർകരിമ്പ പദ്ധതി പ്രവർത്തനത്തിന്റെ ഉദ്ഘാടനം കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ നിർവഹിച്ചു.

അഴകിന്റെയും ആരോഗ്യത്തിന്റെയും ആയുസ്സിന്റെയും പാഠങ്ങളുണ്ട് ആയുർവേദത്തിൽ. പ്രളയത്തിനു ശേഷം ഇപ്പോൾ തന്നെ പ്രകൃതിയിൽ വരൾച്ചയും ഉഷ്ണവും പ്രകടമായി തുടങ്ങി. മനുഷ്യനെയും ജീവജാലങ്ങളെയും നടുക്കിയ ദുരന്തത്തില്‍ നാം പതുക്കെ കരകയറിയെങ്കിലും ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധയൂന്നിയാൽ രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കും. ആയുർ കരിമ്പ ഇത്തരം വിപുലമായ ലക്ഷ്യത്തോടു കൂടിയുള്ളതാണ്.

ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയലക്ഷ്മി ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷയായി. ജിമ്മി മാത്യു,ആന്റണി മതിപ്പുറം,രാജി,ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു. കരിമ്പ എൻ എച്ച് എം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.വിൻസി,ഡോ.നീതു ജോയ്,ഡോ.ഗംഗ എന്നിവരാണ് മെഡിക്കൽക്യാമ്പിന് നേതൃത്വം നൽകുന്നത്.

×