പരിസ്ഥിതി സൗഹൃദം, പ്ലാസ്റ്റിക് മുക്തം. റവന്യൂ ജില്ലാ ശാസ്ത്രോത്സവം ശ്രദ്ധേയം

സമദ് കല്ലടിക്കോട്
Saturday, October 26, 2019

ചിറ്റൂർ:  ഹരിത പെരുമാറ്റ ചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദ ശാസ്ത്രോത്സവം എന്ന പ്രത്യേകതയുമായാണ് ചിറ്റൂർ ഗവ.വിക്ടോറിയ ഗേൾസ് സ്കൂളിലും ,ചിറ്റൂർ വിജയമാതാ സ്കൂളിലുമായി പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രമേള സംഘടിപ്പിച്ചിട്ടുള്ളത് . ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് എല്ലാ വേദികളിലും മല്‍സരങ്ങള്‍ നടക്കുന്നത്.

എൻ എസ് എസ് വളണ്ടിയർമാരുടെ സഹായത്താൽ പ്രത്യേക ഹരിത കർമ്മ സേനയും രൂപീകരിച്ചിട്ടുണ്ട്.പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകും വേദികള്‍. പരിസ്ഥിതി സൗഹൃദ കൗണ്ടറുകളാണ് വേദിയിലുള്ളത്. ചപ്പുചവറുകള്‍ ഇടേണ്ട കുട്ടമുതല്‍ തുടങ്ങി മാറ്റം.മുള കൊണ്ടാണ് കുട്ടകൾ നിർമിച്ചിട്ടുള്ളത്.

ഫ്ലക്സില്‍ നിറഞ്ഞ പ്രചരണബോര്‍ഡുകള്‍ വേദിയിൽ എവിടെയും കാണില്ല. പകരം തുണിയില്‍ തീര്‍ത്ത സ്വാഗതബോര്‍ഡുകള്‍ മാത്രം. ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട് ഭക്ഷണമൊരുക്കുന്ന ഊട്ടുപുരയിലും വിളമ്പുന്ന സ്ഥലത്തും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് പരിസ്ഥിതി സൗഹൃദമാക്കിയിരിക്കുന്നത്.

ഊണിന് എല്ലാവർക്കും വാഴയിലയിലാണ് ചോറ് വിളമ്പുന്നത്. കുടിവെള്ളത്തിന് സ്റ്റീൽ ഗ്ലാസ്സുകളും ഉപയോഗിക്കുന്നു.  ചിറ്റൂർ നഗര സഭയുടെയും ,ശുചിത്വ മിഷന്റെയും സഹായം ഇതിനായി ലഭിക്കുന്നുണ്ട് . തികച്ചും പൈതൃക രീതിയിൽ തയ്യാറാക്കിയ ഗ്രീൻ പ്രോട്ടോകോൾ പവലിൻ ആണ് മറ്റൊരു ആകർഷണം.

ഇവിടെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ പ്രദർശനവും ബോധവൽക്കരണവും സംഘടിപ്പിച്ചിട്ടുണ്ട് .നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ കെ എച്ച് ഫഹദാണ് പ്രോഗ്രാം കൺവീനർ. ഡ്രീം ടൈംസ് ക്രിയേഷൻസ് സുബീഷാണ് പവലിൻ നിർമ്മാണം പൂർത്തിയാക്കിയത്.

×