കുളിരണിയിക്കും കാഴ്ചകളുമായി രവിയുടെ തനതു കൃഷി രീതി. ഉത്സവമായി കരിമ്പയിൽ പച്ചക്കറി വിളവെടുപ്പ്

സമദ് കല്ലടിക്കോട്
Wednesday, September 4, 2019

പാലക്കാട്:  കരിമ്പ പഞ്ചായത്തും കൃഷി ഭവനും നടത്തുന്ന കാർഷിക ഇടപെടലുകൾക്ക് കൂടുതൽ കരുത്തായി ഇടക്കുറുശ്ശി പതിനേഴാം വാർഡ് രവിയുടെ കൃഷിയിടത്തിൽ നൂറു മേനി വിളവെടുപ്പ്. പച്ചക്കറി വികസന പദ്ധതി- വിളവെടുപ്പ് ഉത്സവം ശ്രദ്ധേയമായത് രവി എന്ന കർഷകനിലൂടെ.

ഉപയോഗശൂന്യമായിക്കിടന്ന ഏഴ് ഏക്കർ സ്ഥലത്താണ്‌ മത്തൻ, കുമ്പളം എന്നിവ കൃഷി ചെയ്യാൻ രവി സ്ഥലം പാട്ടത്തിനെടുത്ത് തനതുകൃഷി ആരംഭിച്ചത്. വിവിധയിനം പച്ചക്കറികൾ വിളയിച്ചെടുത്ത രവി കൃഷിയെ ഉത്തരവാദിത്തമായി കാണുന്നു. കൃഷി ലാഭകരമായാലും അല്ലെങ്കിലും ഭക്ഷണത്തിന്റെ സ്വയം പര്യാപ്തതയാണ് മുഖ്യം.

വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പി.സാജിദലി നേതൃത്വം നൽകി. കുടുംബത്തിന്റെയും പ്രദേശത്തെ കർഷകരുടെയും സഹായത്തോടെ മാസങ്ങൾ നീണ്ടു നിന്ന കാർഷിക പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ രവിക്ക് സാധിച്ചത് . ഇവിടെ വിളവെടുക്കുന്നവ കരിമ്പ ഇക്കോ ഷോപ്പിൽ വിപണനത്തിനായി എത്തിക്കുകയും ചെയ്യുന്നു.

തിരക്കുപിടിച്ച ജീവിതത്തില്‍ കമ്പോളവല്‍ക്കരണത്തിനു പിറകെ പോകാതെ കരിമ്പയുടെ മണ്ണില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ വിളയിച്ച രവിയെ കൃഷി സ്നേഹികൾ അഭിനന്ദിച്ചു. വാർഡ് മെമ്പർമാരായ ജിമ്മി മാത്യു, മണികണ്ഠൻ, ഇക്കോ ഷോപ്പ് കോഡിനേറ്റർ രാമകൃഷ്ണൻ, കൃഷി ഉദ്യോഗസ്ഥരായ പ്രദീപ്,മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

×