‘പാഠം ഒന്ന് പാടത്തേക്ക്’ കാർഷിക സംസ്കാരം കുട്ടികളിലൂടെ ജീവിതത്തിന്റെ ഭാഗമാക്കുക

സമദ് കല്ലടിക്കോട്
Friday, September 27, 2019

പാലക്കാട്: പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളിലെ കാർഷിക ക്ലബ്ബുകളുടെ സഹകരണത്തോടെ കരിമ്പ കൃഷി ഭവന്റെയും അയ്യപ്പൻകോട്ട പാടശേഖര സമിതിയുടെയും കീഴിൽ ആലിപ്പാടത്ത് ലക്ഷ്മി അമ്മാൾ, രാമചന്ദ്രൻ എന്നിവരുടെ കൃഷിയിടത്തിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു.

നെൽക്കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിൽ കണ്ട് ബോധ്യമാക്കുന്നതിനു ‘പാഠം ഒന്ന് പാടത്തേക്ക്’ എന്ന പരിപാടിയിലൂടെ പരിചയപ്പെടുത്തണമെന്ന് സർക്കാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടി. വിദ്യാർത്ഥികൾ ജൈവ കൃഷി രീതിയെകുറിച്ച് കർഷകരോട് ചോദിച്ചറിഞ്ഞു.

കൃഷിയിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ കാർഷിക സംസ്കാരം കുട്ടികളിലൂടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യമെന്ന്കൃഷി ഓഫീസർ പി.സാജിദലി പറഞ്ഞു. കുട്ടികൾ ഞാറു നടൽ കൃഷിരീതികൾ നേരിട്ട് കണ്ട് മനസിലാക്കി.

പാടവും വരമ്പും നെൽകർഷകരെയും വിദ്യാർഥികൾ കണ്ടു. കർഷകർ കൃഷിപാഠങ്ങൾ വിശദീകരിച്ചു. പഴയ കൃഷി രീതികളും, വിവിധ ഇനം നെല്ലുകളെക്കുറിച്ചും, പ്രായംചെന്ന കര്‍ഷകർ വിവരിച്ചു കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജന പ്രതിനിധികളും സ്‌കൂൾ ക്ലബ്ബ്‌ അംഗങ്ങളും കൃഷി സ്നേഹികളും പങ്കെടുത്തു.

×