മലമ്പുഴ വാരണി പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി ഉപവാസ സമരം നടത്തി

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, January 14, 2020

പാലക്കാട്: മലമ്പുഴ വാരണി പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് പരിസരത്ത് പത്ത് മണിക്കൂര്‍ ഉപവാസ സമരം നടത്തി.

ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. മലമ്പുഴ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി ശശികുമാര്‍,

മലമ്പുഴ നിയോജകമണ്ഡലം സെക്രട്ടറി സജിത ബാബു, വാര്‍ഡ് മെമ്പര്‍മാരായ ഓമന പരമേശ്വരന്‍, സൗമ്യ സതീഷ്, മലമ്പുഴ ബ്ലോക്ക് മെമ്പര്‍ സി സുബ്രഹ്മണ്യന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.

2018 ലെ പ്രളയത്തില്‍ പുഴപ്പാലത്തിന്റെ നടുവിലെ തൂണ് കേടുവന്ന് പാലം താഴേക്ക് അല്‍പം വളഞ്ഞിരുന്നു. പിന്നീട് ഭാരമേറിയ വാഹനങ്ങള്‍ പോകുന്നതിനാല്‍ അപകടാവസ്ഥയിലായി.

2019 ലെ പ്രളയവും കൂടി ഏറ്റുവാങ്ങിയപ്പോള്‍ പാലത്തിന്റെ അപകടാവസ്ഥ രൂക്ഷമായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത് അക്കരക്കാട്, കാഞ്ഞിരക്കടവ്, വാരണി പ്രദേശത്തെ ജനങ്ങള്‍ക്ക് വാഹനയാത്രസൗകര്യം ഇല്ലാതാക്കി.

എത്രയും വേഗം പാലം പുനര്‍നിര്‍മ്മാണം നടത്തി യാത്രാസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസ സമരം.

×