നിലമ്പൂരിന് സ്നേഹ സ്പർശമേകി പുലാപ്പറ്റയിലെ യുവാക്കൾ

സമദ് കല്ലടിക്കോട്
Monday, August 19, 2019

പ്രളയ കേരളത്തിന്റെ ദുരന്ത ഭൂമിയായ ഇടങ്ങളിലേക്ക് കൈത്താങ്ങായി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും നിലമ്പൂരിലെത്തിച്ചു.  പാലക്കാട് പുലാപ്പറ്റയിലെ യുവാക്കളാണ് ഈ സ്നേഹ സ്പർശമേകിയത്.

3 ലക്ഷത്തോളം രൂപയുടെ വിഭവങ്ങൾ പുലാപ്പറ്റയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ചാണ് ഇവർ നിലമ്പൂരിലേക്ക് എത്തിച്ചു നൽകിയത്. വ്യാപാരികൾ, മറ്റു സുമനസുകൾ എന്നിവരിൽ നിന്ന് പണമോ വിഭവമോ ആയാണ് ശേഖരണം നടത്തിയത്. പ്രളയം തീർത്ത വേദനയിൽ നിലമ്പൂരിനു കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തിലാണ് വിഭവ സമാഹരണം നടത്തിയതെന്ന് യുവാക്കൾ പറഞ്ഞു.

ഏകഉപജീവന മാർഗമായ വാഹനം ദിവസങ്ങളോളം ഇതിനായി മാറ്റിവെക്കാൻ പലരും തയ്യാറായി.സ്വന്തം സന്തോഷവും സമയവും സൗകര്യങ്ങളും പങ്കുവെയ്ക്കാനുള്ള സന്നദ്ധതയും കാണിച്ചു. സേവനം ആവശ്യമായ ഏതു സമയത്തും സ്വയംസന്നദ്ധരായി ഈ നാട്ടുകാർ സാധ്യമായ ഇടപെടൽ നടത്തിയിട്ടുണ്ട്.

പുലാപ്പറ്റയിൽ നിന്നും വിഭവങ്ങളുമായി വയനാട്ടിലെത്തിയസംഘം അവിടെ പ്രളയബാധിതർക്ക് ആശ്വാസമാകും വിധം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദുരിതബാധിതരായ സഹോദരങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് കുടിവെള്ള സഹായവുമായി തിങ്കളാഴ്ച വീണ്ടും ഒരു സംഘം നിലമ്പൂരിലേക്ക് പുറപ്പെട്ടു. പ്രളയജലം കയറി ജലസ്രോതസ്സുകൾ മലിനമായ ആ ജനതക്ക് സുമനസ്സുകളുടെ കാരുണ്യം അളവറ്റതായി.

×