ഷീജക്കും മക്കൾക്കും ദയാഭവനം. താക്കോൽ സമർപ്പണം നടത്തി

സമദ് കല്ലടിക്കോട്
Tuesday, March 19, 2019

ന്തോഷം കൊണ്ട് ഷീജയുടെ കണ്ണുകൾ നിറഞ്ഞു. അഭിമാനം കൊണ്ട് അവളുടെ ക്ലാസ്സ്മേറ്റ്സിന്റെ മനസ്സു നിറഞ്ഞു. സാർത്ഥകമായൊരു പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ മാതൃകാപരമായൊരു സഹായഹസ്തം കണ്ട് സദസ്സിന്റെ മുഖം വിടർന്നു.

ദയാകുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും നാട്ടുകാരും ക്ലാസ്സ്മേറ്റ്സും സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാക്കിയ സദസ്സിനെ സാക്ഷിനിർത്തി അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. പി ആർ ശ്രീമഹാദേവൻ പിള്ള ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയുടെ നാലാമത് ദയാഭവനമായ “ഷീജയ്ക്കും മക്കൾക്കും ഒരു ദയാഭവന”ത്തിന്റെ താക്കോൽ സമർപ്പണം ഉദ്ഘാടനം ചെയ്തു.

ദയ ചാരിറ്റബിൾ ചെയർമാൻ ഇ ബി രമേഷ് അധ്യക്ഷത വഹിച്ചു. കുത്തനൂർ ഹൈസ്കൂളിലെ 1996-97 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 22 വർഷത്തിനുശേഷം തങ്ങളുടെ സ്കൂളിലെ പഴയ ക്ലാസ്സ്മുറിയിൽ ഒത്തുകൂടിയപ്പോഴാണ്സഹപാഠികളിലൊരാളായ പ്രീതിഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചത്.

തങ്ങളുടെ സഹപാഠിയായിരുന്ന ഷീജയുടെ കദനകഥ ക്ലാസ്സ്മേറ്റ്സിന്റെ മനസ്സിലൊരു നൊമ്പരമായി തീരുകയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞതോടെ വിവാഹം കഴിച്ച് കോയമ്പത്തൂരിലേക്ക് ചേക്കേറിയ ഷീജയുടേയും ഭർത്താവിന്റേയും ജീവിതത്തിലേക്ക് രണ്ട് ആൺമക്കൾ കൂടി കടന്നുവന്നതോടെ മിന്നിത്തിളങ്ങിയ സന്തോഷപ്പൂത്തിരികൾക്ക് അധികം ആയസ്സുണ്ടായിരുന്നില്ല.

താങ്ങും തണലുമായിരുന്ന ഭർത്താവിനേയും ആങ്ങളയേയും അപകടത്തിന്റെ രൂപത്തിൽ വിധി കവർന്നെടുത്തപ്പോൾ , പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയും കൊണ്ട് തളർന്നുവീണ ഷീജയ്ക്ക് കഴിഞ്ഞ 5 വർഷം താങ്ങായത് വൃദ്ധരായ സ്വന്തം മാതാപിതാക്കളായിരുന്നു. പ്രായം തളർത്തിയ രോഗബാധിതരായ മാതാപിതാക്കളോടൊപ്പം മക്കളേയും കൊണ്ട് അസൗകര്യങ്ങൾക്കിടയിൽ ചുരുണ്ടുകൂടുന്ന തങ്ങളുടെ സഹപാഠി ഷീജയുടെ കദനകഥ സജീഷും കൂട്ടുകാരും ദയ ചാരിറ്റബിൾട്രസ്റ്റിനുമുന്നിൽ അവതരിപ്പിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങൾ അവലംബിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ദയഷീജയ്ക്കും മക്കൾക്കും ഒരു ദയാഭവനം സഫലമാക്കുന്നതിന് മുന്നിട്ടിറങ്ങിയത് വിജയംകണ്ടു. ദയയുടെ നാലാമത് ദയാഭവനമാണിത്. ദയ സാമൂഹിക വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതും ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതും സോഷ്യൽ മീഡിയ ഗുണപ്രദമായി ഉപയോഗിച്ചു കൊണ്ടാണ്.

പഞ്ചായത്ത് അധികൃതരുടെയും ക്ലാസ്മേറ്റ്സിന്റെയും സഹായത്തോടെ വേഗത്തിൽനിർമാണംപൂർത്തീകരിച്ച വീടിന്റെ താക്കോൽ സമർപ്പണത്തിൽ പങ്കുചേരാന്‍ സമൂഹത്തിന്റെ വിവിധ തുറയിലുള്ളവർ ചടങ്ങിനെത്തി.

എസ് വിജയൻ , രമണി ടീച്ചർ , ജമീല ഇബ്രാഹിം , സീത തമ്പി , ശങ്കർജി കോങ്ങാട് , ബൈജു എം എസ് , ലിജു , സജീഷ് , ഷിജു , ഷീജ എന്നിവർ പ്രസംഗിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റ് അഡ്വൈസറി ബോർഡ് അംഗം ദീപ ജയപ്രകാശ് സ്വാഗതവും ക്ലാസ്സ്മേറ്റ്സ് പ്രതിനിധി പ്രസാദ് എ നന്ദിയും പറഞ്ഞു.

×