എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കരുത്: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് – കെ.എസ്.ടി.എം ജില്ലാ സമ്മേളനം

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, March 10, 2020

പാലക്കാട്:   പതിനായിരങ്ങൾ ചിലവഴിച്ച് സ്കൂളുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ചോദ്യപേപ്പറുകൾ സൂക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കിയ ശേഷം പരീക്ഷ വെവ്വേറെ നടത്താനും ട്രഷറികളിൽ തന്നെ ചോദ്യപേപ്പർ സൂക്ഷിക്കുകയും ചെയ്യുന്നത് ഗുരുതരമായ പാളിച്ചയാണെന്ന് കേരള സ്കൂൾ ടീച്ചേഴ് മൂവ് മെന്റ് പാലക്കാട് ജില്ലാ സമ്മേളനം വ്യക്തമാക്കി.

ട്രഷറികളിലേക്ക് നിയോഗിക്കുന്ന അധ്യാപകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റുമായി ഇരട്ടി ചിലവാണ് ഖജനാവിനുണ്ടാക്കുന്നതെന്നും ഭയരഹിതമായി അധ്യാപകർക്ക് ജോലി ചെയ്യാനാവാത്ത അവസ്ഥ വർധിച്ചതിന്റെ അവസാന സൂചനയാണ് പൂക്കോട് സ്കൂളിലെ പ്രധാനാധ്യാപകൻ വിനോദിന്റെ മരണമെന്നും സമ്മേളനം വ്യക്തമാക്കി.

പാഠ്യപദ്ധതി ജീവിതം തന്നെയാണ് എന്ന പ്രമേയം ഉയർത്തിയ ജില്ലാ സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് കെ.സി.നാസർ ഉദ്ഘാടനം നിർവ്വഹിച്ചു.

സത്യാനന്തര കാലത്ത് അധ്യാപന ജോലി വളരെ ഉത്തരവാദിത്തമുള്ളതാണെന്നും സഹിഷ്ണുക്കളും ധാർമ്മിക മൂല്യങ്ങൾ സൂക്ഷിക്കുന്ന മറ്റുള്ളവരുടെ വിശ്വാസങ്ങൾ സംരക്ഷിക്കുന്നവരുമായ തലമുറയെ വാർത്തെടുക്കാൻ നാം ജാഗരൂകരായിരിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യയുടെ ജനാധിപത്യപരമായ നിലനിൽപിന് നേതൃപരമായ പങ്ക് വഹിക്കാൻ അധ്യാപക സമൂഹത്തിന് കഴിയുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി നാസർ ഇ എച്ച് അധ്യക്ഷത വഹിച്ചു.

കെ.എസ്.ടി.എമ്മിന്റെ ഇടപെടലുകളെ കുറിച്ച് വിശദീകരിച്ച അദ്ദേഹം വരാനിരിക്കുന്ന പാഠ്യപദ്ധതി പരിഷ്കരണം നാളിതുവരെ നടന്ന പരിഷ്കരണങ്ങളെ സൂക്ഷ്മമായി വിലയിരുത്തി കൊണ്ട് മാത്രമായിരിക്കണമെന്നും ആവശ്യപ്പെട്ടു.

2020-2022 കാലയളവിലേക്ക് പുതിയ ജില്ലാ പ്രസിഡന്റായി സലാഹുദ്ദീൻ പി എയും ജില്ലാ ജനറൽ സെക്രട്ടറിയായി ഫാറൂക്ക്. വി.ഐ യും ജില്ലാ ട്രഷററായി രഹ് ന. എ. എസിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സുമയ്യ എം കെ, സിദ്ധീഖ് ടി എയേയും ജോയിൻ സെക്രട്ടറിമാരായി അനസ് എസ്, ബഷാർ.കെ.എൻ.എം എന്നിവരേയും തിരഞ്ഞെടുത്തു.

11 അംഗ സ്റ്റേറ്റ് കൗൺസിൽ മെമ്പർ മാരും ഉൾപ്പെടുന്ന 27 അംഗ ജില്ലാ കമ്മിറ്റിയും നിലവിൽ വന്നു. കെ.എസ്.ടി.എം സംസ്ഥാന കമ്മിറ്റി അംഗം ഷെരീഫ്.വി തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം സുലൈമാൻ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് മോഹൻ ദാസ് പറളി എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറർ പി ലുഖ്മാൻ അസെറ്റ് ജില്ലാ ചെയർമാൻ അഷ്‌റഫ്.പി, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബാബു തരൂർ വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ചന്ദ്രൻ പുതുക്കോട് കെ.എസ്.ഇ.എം ജില്ലാ സെക്രട്ടറി സലീം കെ എ തുടങ്ങിയവർ അഭിവാദ്യ പ്രഭാഷണം നടത്തി.

അധ്യാക്ഷൻ നാസർ ഇ എച്ച് സമ്മേളനത്തിന്റെ സമാപനം നിർവ്വഹിച്ചു. കെ.എസ്.ടി.എം ജില്ലാ പ്രസിഡൻറ് സലാഹുദ്ദീൻ പി എ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ഫാറൂക്ക് വി ഐ നന്ദിയും പറഞ്ഞു.

×