പ്രളയ ബാധിതർക്കായി ടീം വെൽഫയറിന്റെ സൗജന്യ ടെക്സ്റ്റയിൽസ് തുടങ്ങി

ന്യൂസ് ബ്യൂറോ, മലപ്പുറം
Monday, August 19, 2019

എടക്കര: കേരളത്തെ പ്രളയ ബാധിതസംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും പുതിയ സാഹചര്യത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പരിസ്ഥിതി കാഴ്ചപ്പാടിൽ ഊന്നിയ വികസനനയം സർക്കാർ സ്വീകരിക്കണമെന്നും വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പ്രളയ ബാധിതർക്കായി ടീം വെൽഫയർ ആരംഭിച്ച സൗജന്യ ടെക്സ്റ്റയിൽസ് എടക്കര പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ സാമൂഹ്യ നിയന്ത്രണം ഉണ്ടാവണമെന്നും പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം.പ്രളയത്തിൽ കർഷകർക്കും വ്യാപാരികൾക്കും ഉണ്ടായ നഷ്ട്ടം നികത്താൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.മുതിർന്നവർക്കും കുട്ടികൾക്കുമുള്ള എല്ലാ തരം വസ്ത്രങ്ങളുടെയും വിവിധ മോഡലുകളിലുള്ള പുതുവസ്ത്രങ്ങളാണ് ടെക്സ്റ്റയിൽസിൽ ക്രമീകരിച്ചിരിക്കുന്നത്.

ടീം വെൽഫയർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുകയും സ്പോൺസർ ചെയ്യിപ്പിക്കുകയും ചെയ്ത പുതിയ വസ്ത്രങ്ങളാണ് ടെക്സ്റ്റയിൽസിൽ ഉള്ളത്.

വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ടീം വെൽഫയർ ജില്ലാ ക്യാപ്റ്റൻ ആരിഫ് ചൂണ്ടയിൽ, എഫ്.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി തസ്ലീം മമ്പാട്, വെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സുഭദ്ര വണ്ടൂർ, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി ശ്രീനിവാസ് എടപ്പറ്റ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് പൊന്നാനി, വെൽഫയർ പാർട്ടി നിലമ്പൂർ മണ്ഡലം പ്രസിഡന്റ് മൊയ്‌തീൻ അൻസാരി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ.അഷ്റഫ്, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

×