വ്രതം – ആഹാരത്തിന്റെ വിലയറിഞ്ഞ് ദാനം ചെയ്യാൻ വീണു കിട്ടുന്ന പുണ്യ ദിനങ്ങൾ ..

Thursday, April 30, 2020

ടി. കെ. സുബ്രമണ്യൻ
(മലബാർ ദേവസ്വം ബോർഡ്‌ അംഗം)

ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഗൃഹാതുരത്വം നഷ്ടപ്പെടുന്ന ഇക്കാലത്ത് പൊയ്‌പോയ നാളുകളുടെ ഓര്‍മകളില്‍ ജീവിക്കാനാണിഷ്ടം. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ നാലു വിഭാഗങ്ങളിൽ വൈശ്യ വിഭാഗത്തിൽപെട്ട ഞങ്ങളുടെ കുടുംബത്തിൽ പെട്ടവർക്ക് ആചാരങ്ങളുടെ ഭാഗമായി ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം ഓരോ ആഗ്രഹ, ഐശ്വര്യ സിദ്ധിക്കായും, എല്ലാ മാസവും ഷഷ്ടി, ഏകാദശി എന്നിങ്ങനെ ഉപവാസ വൃതം വീട്ടിലെ പ്രായപൂർത്തിയായവർ അനുഷ്ഠിക്കാറുണ്ട്.

ഇതൊന്നും കൂടാതെ എന്റെ അച്ഛൻ മരണം വരെ തിങ്കളാഴ്ച്ച വ്രതം നോറ്റിരുന്നു. അതിനു കാരണം, ഭക്ഷ്യക്ഷാമകാലത്ത് അന്ന് പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ആഹ്വാന പ്രകാരമാണ് എന്ന് തോന്നുന്നു വ്രതം അനുഷ്ഠിച്ചിരുന്നു.

ഓരോ ഉപവാസത്തിനും, വ്രതത്തിനും ഒരു നല്ല ലക്ഷ്യം ഉണ്ടാകുമെന്നതിൽ സംശയം ഇല്ല. ഉപവാസം നമ്മുടെ ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ടത് ആണല്ലോ. പ്രകൃതി ചികിത്സ സമ്പ്രദായത്തിൽ അസുഖങ്ങൾക്ക് പ്രധാന ചികിത്സ ഉപവാസമാണ്.

മനുഷ്യേതര ജീവികൾ അസുഖം വന്നാൽ ഭക്ഷണം ഉപേക്ഷിക്കുമത്രെ. മാനവരാശി സാംസ്‌കാരികമായി ഉയർന്നു വന്നത് മുതൽ പല തരത്തിലുള്ള ഉപവാസങ്ങളും അനുഷ്ഠിച്ചു പോരുന്നു.

കൃത്യമായ ചിട്ടകൾ പല കാര്യത്തിനും ഇല്ലാതിരുന്ന കാലത്ത് ആയിരത്തി നാനൂറു വർഷങ്ങൾക്കു മുമ്പ് ശാസ്ത്രം ഇത്രയൊന്നും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത കാലത്ത് മാനവരാശിയുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റുമായി പ്രവാചകൻ മുഹമ്മദ്‌ നബിയിലൂടെ നോമ്പ് പഠിപ്പിക്കപ്പെട്ടല്ലോ.

എല്ലാ മുൻ കഴിഞ്ഞ സമൂഹങ്ങളിലും വ്രതം ഉണ്ടായിരുന്നതായി പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിൽ കോടാനുകോടി സെല്ലുകളുണ്ട്. അവയിൽ അധികവളർച്ച വരാൻ സാധ്യതയുള്ള കാൻസർ സെല്ലുകളും ഉണ്ടാവുമത്രെ. അവ ഒരു ദിവസം ഇരുപത്തേഴു പ്രാവശ്യം ഭക്ഷിക്കുമത്രെ ആ സെല്ലുകളെ നശിപ്പിക്കണമെങ്കിൽ ഭക്ഷണം കൊടുക്കാതിരിക്കണം.

നോമ്പ് കാലത്ത് ഇത്തരം സെല്ലുകൾ തീർച്ചയായും നശിച്ചു പോവാനിടയുണ്ട്. നോമ്പ് നോൽക്കുന്ന സഹോദരങ്ങളെ വളരെ ബഹുമാനപൂർവ്വമാണ് ഞാൻ നോക്കികാണുക.

എന്റെ മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും വാക്കിലൂടെ, പ്രവൃത്തിയിലൂടെ നോമ്പിന്റെ മഹത്വം ഞാൻ അറിഞ്ഞിട്ടുണ്ട്.  അച്ചടക്കത്തിന്റെ, സഹവർത്തിത്വത്തിന്റെ, പങ്കുവെക്കലിന്റെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്.

നോമ്പ് കാലത്ത് ഭക്ഷണം മാത്രമല്ലല്ലോ മാറ്റിവെക്കുന്നത്. ദുഷ്ട ചിന്തകൾ, അനാവശ്യ വാക്കുകൾ, സഹജീവികളെ മാനസികമായോ ശാരീരികമായോ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും നോമ്പുകാരന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല.

മറിച്ചു സാധാരണയിൽ കവിഞ്ഞുള്ള സ്നേഹം, ദീനാനുകമ്പ, സഹായ മനസ്ഥിതി എന്നിവ കൂടുതൽ പ്രകടിപ്പിക്കുന്നതായും കാണുന്നു. അപ്പോൾ ഈ വ്യക്തി സംസ്‌ക്കരണ അനുഷ്ഠാനങ്ങളിൽ വിയോജിക്കാനാവില്ലല്ലോ.

നോമ്പ് നോൽക്കുന്നവർക്ക് ക്ഷമ കൂടും. മാത്രവുമല്ല അവർ വിശപ്പിന്റെ വേദന അറിയും. മനുഷ്യന്റെ നൊമ്പരങ്ങൾ തിരിച്ചറിയും. ചുറ്റിലുമുള്ളവരെ സഹായിക്കാൻ മനസ്സിൽ തോന്നും. മനശുദ്ധി കൈവരും. അങ്ങനെ എത്രയോ നന്മകൾ നിറഞ്ഞതാണ് വ്രതം.

എന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്നെല്ലാം നോമ്പിന്റെ ചൈതന്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. പ്രവാചകൻ പറഞ്ഞിട്ടുള്ളതെല്ലാം മുഴുവൻ മാനവരാശിയുടെയും നന്മക്കായി മാത്രം.

ശാരീരിക ശുദ്ധി, അഞ്ചുനേരത്തെ നിർബന്ധ നിസ്കാരം, ധനത്തെ ശുദ്ധീകരിക്കുന്ന സക്കാത്ത്, ആപത്തുകൾ തടയപ്പെടുന്ന ദാനധർമാദികൾ തുടങ്ങീ ഒട്ടേറെ കാര്യങ്ങളിൽ മത കല്പനകൾ പ്രസക്തിയുള്ളതാണ്.

വ്രതകാലം ആഹാരത്തിന്റെ വിലയറിഞ്ഞ് ദാനം ചെയ്യാൻ വീണു കിട്ടുന്ന പുണ്യ ദിനങ്ങൾ ആണ്. എന്നാൽ ചിലപ്പോഴെങ്കിലും ആഹാരം ആർഭാടമാകുന്ന കാഴ്ചയുമുണ്ട്.

മനുഷ്യകുലം വിവിധ കോണുകളില്‍ നിന്നും പുതിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ കോവിഡ് കാലത്തെ നോമ്പ് അസാധാരണമായ അനുഭവവും തിരിച്ചറിവും സമ്മാനിക്കുമെന്ന് ഉറപ്പാണ്.

റമദാനിനെ അതിന്റെ പവിത്രതയോടെ മാത്രം അനുഷ്ഠിക്കാനും സമൂഹത്തിൽ നന്മയുടെ സുഗന്ധം പരത്താനും ഓരോ വിശ്വാസിക്കും കഴിയട്ടെ എന്ന് സർവശക്തനോട് പ്രാർത്ഥിക്കുന്നു.

×