വൈദ്യുതി ചാർജ് വർധനക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ മാർച്ച്

സമദ് കല്ലടിക്കോട്
Thursday, July 11, 2019

പാലക്കാട്:  വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃതത്തിൽ വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

ചാർജ് വര്‍ധിപ്പിച്ച നടപടി പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ നടത്തിയ ഇരുട്ടടിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റ് വന്നതിന് മുകളില്‍ ഇരട്ട പ്രഹരമാണ് വര്‍ധനവ് വഴി കേരള സര്‍ക്കാരും കെ.എസ്.ഇ.ബിയും ചേര്‍ന്ന് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെടുകാര്യസ്ഥതയും ആഡംബരവും വന്‍കിടക്കാരുടെ കിട്ടാക്കടം പിരിക്കാത്തതുമെല്ലാണ് കേരളത്തിലെ വൈദ്യുതി മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പ്രധാനകാരണം.

ഇതിനൊന്നും പരിഹാരം കാണാതെ ചാര്‍ജ് വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ഇപ്പോള്‍തന്നെ കേരളത്തില്‍ അസഹ്യമായ വിലക്കയറ്റമാണ്. വൈദ്യുത ചാര്‍ജ് വര്‍ധന എല്ലാ മേഖലയിലും വിലക്കയറ്റം ഇനിയും ശക്തമാകാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് റിയാസ് ഖാലിദ് അധ്യക്ഷത വഹിച്ചു. നേരത്തേ ബിഗ്ബസാറിൽ നിന്നും ആരംഭിച്ച് മാർക്കറ്റ് റോഡ് വഴി, ടി.ബി.റോഡിലൂടെ വൈദ്യുതി ഭവന് മുന്നിലെത്തിയ മാർച്ചിനെ പോലിസ് തടഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട്‌ ആർ. മണികണ്0ൻ മുഹമ്മദ് മാഷ്, തുടങ്ങിയവർ നേതൃത്വം നൽകി.

×