ഭരണഘടനാ വിരുദ്ധ പൗരത്വ ബില്‍ പിന്‍വലിക്കുക - പൗരാവകാശ സംരക്ഷണ റാലി തൃപ്രയാറില്‍

New Update

തൃശൂർ:  പൗരത്വ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ റാലി 22 ഞായര്‍ വൈകീട്ട് 4 മണിക്ക് തൃപ്രയാറില്‍ നിന്നും ആരംഭിക്കുന്നു.

Advertisment

മതേതരത്വവും ജനാധിപത്യവും പൗരാവകാശവും അടിസ്ഥാനശിലയായി കാണുന്ന മഹത്തായ ഭരണഘടനയാണ് ഭാരതത്തെ മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓരോ ഭാരതീയരും അതില്‍ അഭിമാനം കൊള്ളുന്നവരാണ്.

ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുകയും മതപരമായി രാജ്യത്തെ ജനങ്ങളെ വെട്ടിമുറിക്കുകയും ചെയ്യുന്ന ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് നമ്മുടെ നാട് കടന്നുപോകുന്നത്.

publive-image

ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന പൗരന്മാരുടെ പൗരത്വം പോലും നിഷേധിക്കപ്പെടുന്ന കാലം. ലോകസഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് നാളിതുവരെ നമ്മുടെ നാട് ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങള്‍ ചവിട്ടി മെതിക്കപ്പെടുകയാണ്.

നരേന്ദ്രമോദി ഭരണകൂടം തീര്‍ത്തും ആര്‍.എസ്.എസ്. അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള തിരക്കിലാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഇതിനെതിരാണ്.

അതുകൊണ്ട് തന്നെ രാജ്യമൊട്ടാകെ പ്രതിഷേധാഗ്നികള്‍ ആളിക്കത്തുന്നു. NRC എന്ന പുതിയ കാടന്‍ നിയമത്തിലൂടെ രാജ്യത്ത് പുതിയ പൗരത്വ രജിസ്റ്ററുണ്ടാക്കി പൗരന്മാര്‍ക്ക് ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം പോലും ചോദ്യ ചെയ്യുകയാണ് ഭരണകൂടം.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒട്ടനവധി ജീവല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരം കരിനിയമങ്ങള്‍ ഒരു മത വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി. സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

രാജാധികാരം നിലനിര്‍ത്താന്‍ ഉള്ള തന്ത്രപ്പാടില്‍ സര്‍ക്കാര്‍ തകര്‍ക്കുന്നത് നമ്മുടെ നാടിന്റ മഹിത പാരമ്പര്യത്തെയാണ്. ഈ ബില്ലിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും നടക്കുന്ന ജനാധിപത്യപരമായ പോരാട്ടങ്ങളില്‍ നിന്ന് യഥാര്‍ത്ഥ രാജ്യസ്‌നേഹിക്ക് പുറം തിരിഞ്ഞ് നില്‍ക്കാനാവില്ല.

സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ ബ്രിട്ടീഷുകാരന്റെ ബൂട്ടുകള്‍ നെഞ്ചകം തകര്‍ക്കുമ്പോഴും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണ് നമ്മുടെ പൂര്‍വ്വീകന്മാര്‍. അവരുടെ പിന്‍മുറക്കാര്‍ ഈ നീതി നിഷേധത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

നാട്ടിക മേഖല മഹല്ല് പൗരാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മഹല്ല് നിവാസികള്‍ സംബന്ധിക്കുന്ന പൗരാവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഇതിന്റെ ഭാഗമായി നടത്തപ്പെടുകയാണ്.

2019 ഡിസംബര്‍ 22 ഞായറാഴ്ച വൈകീട്ട് 4 മണിക്ക് തൃപ്രയാര്‍ സെന്ററില്‍ നിന്നും ആരംഭിച്ച് വലപ്പാട് ചന്തപ്പടിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കുകയാണ്. പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്.

ഈ പ്രതിഷേധ കൂട്ടായ്മയില്‍ മുഴുവന്‍ മഹല്ല് നിവാസികളും മതേതര ജനാധിപത്യ വിശ്വാസികളും അണി നിരക്കണമെന്ന് പൗരാവകാശ സംരക്ഷണ സമിതി നാട്ടിക മേഖല കമ്മിറ്റി അറിയിച്ചു.

Advertisment