/sathyam/media/post_attachments/ULVmyeBzmMVA7JGqrpNT.jpg)
അറിവ് മാത്രമല്ല അസ്തിത്വം തന്നെ തന്റെ പിതാവിന്റെ വ്യക്തിത്വവിശുദ്ധിയില്‍ നിന്നാണ് തുടക്കം കുറിച്ചതെന്ന് എം.പി അബ്ദുസ്സമദ് സമദാനി. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചതിന്റെ സന്തോഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കു വെക്കുകയായിരുന്നു അദ്ദേഹം.
ജെ.എന്‍.യുവിലെ ഫിലോസഫി സെന്ററില്‍ മാനവമഹത്വത്തിന്റെ ദാര്‍ശനികതത്ത്വത്തെ ആധാരമാക്കി നടത്തിയ ഗവേഷണത്തിനാണ് പി.എച്ച്.ഡി ബിരുദം. പ്രശസ്ത തത്വശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.
തീസീസ് സമര്‍പ്പിച്ച ദിവസം 'ഇനി മുതല്‍ നാം സുഹൃത്തുക്കളാണെന്ന പ്രൊഫ. രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ വാക്കുകള്‍ക്ക് 'ഇല്ല സാര്‍, എന്നും അങ്ങയുടെ ശിഷ്യനായിരിക്കുന്നതാണ് അതിനേക്കാള്‍ ഇഷ്ടം' എന്നായിരുന്നു സമദാനിയുടെ മറുപടി.
തന്റെ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും കാരണമായത് മാതാപിതാക്കളാണെന്നു അദ്ദേഹം പറഞ്ഞു. "എല്ലാ നേട്ടങ്ങളും അവരുടേതാണ്. വിശേഷിച്ചും സാത്വികനും വിവിധവിഷയങ്ങളിലും ഭാഷകളിലും അഗാധപാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്ന വന്ദ്യപിതാവ് എം. പി. അബ്ദുല്‍ ഹമീദ് ഹൈദരി. ആദ്യ ഗുരുവും വഴികാട്ടിയും എല്ലാം ഉപ്പ തന്നെ.
അറിവ് മാത്രമല്ല അസ്തിത്വം തന്നെ ആ വ്യക്തിത്വവിശുദ്ധിയില്‍ നിന്നാണ് തുടക്കം കുറിച്ചത്. ഉപ്പയെ ഓര്‍ത്ത് വിതുമ്പാതെ വിജ്ഞാനത്തിന്റെ ഒരു പടവും ചവിട്ടുകയുണ്ടായില്ല, ജീവിതത്തിലെ ഒരു പാലവും കടക്കുകയുമുണ്ടായില്ല", അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫാറൂഖ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എയും രണ്ടാം റാങ്കോടെ എം.എയും പാസ്സായ സമദാനി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം. ഫില്‍ ബിരുദവും കോഴിക്കോട് ഗവ: ലോ കോളേജില്‍ നിന്ന് എല്‍. എല്‍. ബിയും നേടിയിട്ടുണ്ട്. എം. ഫില്‍ ഡിസ്സര്‍ട്ടേഷന് എം. ജി. എസ്. നാരായണന്‍ ആയിരുന്നു സമദാനിയുടെ ഗൈഡ്.
പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായ സമദാനി ഇപ്പോള്‍ ഐ. യു. എം. എല്‍ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു. പത്തിലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം മാനവ വിഭവശേഷി സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ പാര്‍ലമെന്ററി ഉപസമിതിയുടെ കണ്‍വീനറായും കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ലോകസഭാ അംഗമായ അദ്ദേഹം രണ്ടു തവണ രാജ്യസഭാ അംഗവും ഒരു തവണ നിയമ സഭാ അംഗവുമായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us