ദേശീയ ഡോക്യുമെന്ററി ചലച്ചിത്രമേളയ്ക്ക് പെരുമ്പാവൂരിൽ തുടക്കമായി

author-image
Charlie
New Update

publive-image

പെരുമ്പാവൂർ: ജോൺ എബ്രഹാം ദേശീയ പുരസ്കാരത്തിനു വേണ്ടിയുള്ള പതിനാറാമത് ദേശീയ ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയ്ക്ക് പെരുമ്പാവൂരിൽ തുടക്കമായി. 23വരെ നഗരത്തിലെ ഇ.വി.എം. സിനിമാ തിയേറ്ററിലും കാലടി സംസ്കൃത സർവകലാശാലയിലുമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ഘടകമാണ്, സൈൻസ്-2023 എന്നു പേരിട്ടിരിക്കുന്ന ചലച്ചിത്രമേളയുടെ സംഘാടകര്‍. തിങ്കളാഴ്ച വൈകിട്ട് തിയേറ്റര്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ച് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അമിതാവ ഘോഷ് മേള ഉദ്ഘാടനം ചെയ്തു.

Advertisment

ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായ കേരള റീജിയണ്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ വളരെ അഭിമാനകരമായ ഒരു സംരംഭമാണ്. കഥാചിത്രങ്ങളുടെ വലിയ മേളകളില്‍ അവഗണിക്കപ്പെടുന്ന ഡോക്യുമെന്ററികളാണ് ജീവിതത്തിന്റെ വ്യത്യസ്തമായ സംഘര്‍ഷങ്ങളെയും പ്രശ്നങ്ങളെയും അവതരിപ്പിക്കുന്നതെന്നും ചെറുപ്പക്കാരായ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് വലിയ പ്രോത്സാഹനവും അവസരവുമാണ് സൈന്‍സ് മേള ലക്ഷ്യമിടുന്നതെന്നും അമിതാവ ഘോഷ് പറഞ്ഞു.

ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നും മേളയ്ക്കെത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഇതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സ്വത്വവും സംസ്കാരവും' എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. എൺപതിലധികം ചിത്രങ്ങൾ നാലു ദിവസങ്ങളിലായി പ്രദർശിപ്പിക്കും. 50,000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്പന ചെയ്ത ശില്പവുമാണ് ജോൺ എബ്രഹാം പുരസ്കാരം. ഉദ്ഘാടനച്ചടങ്ങിൽ മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എംഎൽഎ സാജു പോൾ, പെരുമ്പാവൂർ നഗരസഭാ ചെയർമാൻ ബിജു ജോൺ, സംവിധായകൻ മമ്മി സെഞ്ച്വറി തുടങ്ങിയവർ പങ്കെടുത്തു.

Advertisment