ദോഹ: ലോകം ഒരു പന്തിനു പിന്നാലെ ഉരുളാൻ ഇനി മൂന്നു ദിനം മാത്രം. ലോകകപ്പിന് ഖത്തറിലെ അൽ ബയത് സ്റ്റേഡിയത്തിൽ ലോകകപ്പിന് ആരവമുയരാൻ ഇനി മൂന്ന് ദിനം കൂടി മാത്രം. ടീമുകൾ മിക്കതും ഖത്തറിലേക്ക് എത്തിക്കഴിഞ്ഞു. ഫൈനൽ റൗണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്. 2026 ലോകകപ്പിൽ ഫൈനൽ റൗണ്ടിൽ 48 ടീമുകൾ മത്സരിക്കും.
അതേസമയം ലോകകപ്പ് സ്റ്റേഡിയങ്ങളുടേയും മറ്റും നിർമാണ പ്രവൃത്തികൾക്കായി പുറത്തു നിന്നെത്തിയ തൊഴിലാളികൾക്കെതിരെ മനുഷ്യാവകാശ ലംഘനം ഉണ്ടായെന്നുൾപ്പെടെയുള്ള വിമർശനങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ബോയ്കോട്ട് ഖത്തർ ലോകകപ്പ് എന്ന ക്യാമ്പയിനും സോഷ്യൽ മീഡിയയിൽ സജീവമായുണ്ട്.
ലോകകപ്പിൽ നെതർലൻഡ്സ് താരങ്ങൾ അണിയുന്ന ജേഴ്സി ടൂർണമെന്റിന് ശേഷം ലേലം ചെയ്ത് കിട്ടുന്ന തുക ഖത്തറിൽ സ്റ്റേഡിയം നിർമാണത്തിൽ പങ്കെടുത്ത വിദേശ തൊഴിലാളികളുടെ സഹായത്തിനായി ഉപയോഗിക്കുമെന്ന് ഡച്ച് ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡച്ച് ടീമിന്റ പ്രധാന പരിശീലകൻ ലൂയിസ് വാൻ ഗാൽ ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിനെ ഇന്നലേയും വിമർശിച്ചു രംഗത്ത് വന്നിരുന്നു.
എന്നാൽ ഇത്തരം വിമർശനങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോഴും ലോകകപ്പ് ആവേശം കത്തിപ്പടർന്നു കൊണ്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള ആരാധകക്കൂട്ടം ഖത്തറിനെ ഇപ്പോൾ തന്നെ ഉത്സവഭൂമിയാക്കി കഴിഞ്ഞു.
കപ്പ് ഫേവറിറ്റുകളായി അർജന്റീന ഇന്നലെ അബുദാബിയിൽ നടന്ന സന്നാഹ മത്സരത്തിൽ യു.എ.ഇയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് കീഴടക്കി മുന്നൊരുക്കം മികച്ചതാക്കി. എയ്ഞ്ചൽ ഡി മരിയ രണ്ട് ഗോളുകൾ നേടി. ക്യാപ്ടൻ ലയണൽ മെസിയും ജൂലിയൻ അൽവാരസും ജാവോക്വിൻ കൊറേയയും ഓരോ തവണ ലക്ഷ്യം കണ്ടു. മറ്റൊരു സന്നാഹത്തിൽ ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യ 1-0ത്തിന് സൗദി അറേബ്യയെ കീഴടക്കി.
നൈജീരിയക്കെതിരെ ഇന്ന് ലിസ്ബണിൽ നടക്കുന്ന പോർച്ചുഗലിന്റെ ലോകകപ്പ് സന്നാഹ മത്സരത്തിൽ ക്യാപ്ടൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. വയറിന് അസുഖം ബാധിച്ചതിനാൽ വിശ്രമത്തിലാണ് താരം. ഇന്നലെ ടീമിന്റെ പരിശീലനത്തിലും റൊണാൾഡോ പങ്കെടുത്തിരുന്നില്ല.
ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം നിൽക്കെ ലോകചാമ്പ്യൻമാരായ ഫ്രാൻസിന് തിരിച്ചടിയായി ടീമിലെ പ്രധാന മുന്നേറ്റ താരങ്ങളിലൊരാളയ എൻകുൻകുവിന് പരിക്കേറ്റു. പരിശീലനത്തിനിടെ കാമവിൻഗയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ എൻകുൻകുവിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഉറപ്പായി.
എൻകുൻകുവിന് പകരം എയിൻട്രാക്റ്റ് ഫ്രാങ്കഫർട്ട് താരം റൻഡൽ കോളോ മുനാനിയെ ഫ്രാൻസ് ടീമിൽ ഉൾപ്പെടുത്തി. എൻകുൻകുവിന്റെ ഇടത്തേ കാൽമുട്ടിനാണ് പരിക്കേറ്റത്. താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂപ്പർ താരങ്ങളായ എൻഗോളാ കാന്റെ, പോൾ പോഗ്ബ, കിംബപെ എന്നിവർക്കും പരിക്കിനെ തുടർന്ന് ലോകകപ്പ് നഷ്ടമായിരുന്നു. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയ്ക്കും ഡെൻമാർക്കിനും ടുണീഷ്യയ്ക്കുമൊപ്പമാണ് ഫ്രാൻസ്.