/sathyam/media/post_attachments/1BLI0k059d4T5qtiHH09.jpg)
ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യും ? വളരെ കാതലായ ചോദ്യമാണ്. അതിൻ്റെ സൂചനകൾ ട്രംപ് തന്നെ നല്കിക്കഴിഞ്ഞിരിക്കുന്നു. "അധികാര കൈമാറ്റമോ ഭരണമാറ്റമോ അമേരിക്കയിൽ ഇപ്പോൾ ഉണ്ടാകില്ല, ഞാൻ വൈറ്റ് ഹൗസിൽത്തന്നെയുണ്ടാകും തുടർന്നും" ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.
ട്രംപിന്റെ സ്ഥിരമായ ഈ വാക്കുകൾക്ക് ഒരു ഭീഷണിയുടെ ധ്വനിയുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകർ കണക്കാക്കുന്നത്. ഇതേപ്പറ്റിയുള്ള ജോ ബൈഡന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. " ശരിയാണ്. അത് സംഭവിച്ചേക്കാം. ട്രംപ്, വൈറ്റ് ഹൗസ് ഒഴിയാൻ കൂട്ടാക്കില്ല എന്ന് തോന്നുന്നു. അങ്ങനെ വന്നാൽ സൈന്യം ട്രംപിനെ വൈറ്റ് ഹൗസിൽ നിന്ന് വലിച്ചു പുറത്താക്കു മെന്നാണ്" അദ്ദേഹം പറഞ്ഞത്.
അതും നടക്കില്ലെന്നാണ് ചെയർമാൻ ഓഫ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മാർക്ക് മിലെ പറയുന്നത്. "ഇക്കാര്യത്തിൽ സൈന്യഇടപെടൽ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ഇതിൽ ഒരു റോളുമില്ല. അങ്ങനെ അഥവാ സംഭവിച്ചാൽ ആ അവസ്ഥ പരിഹരിക്കാൻ സുപ്രീംകോടതിയും അമേരിക്കൻ കോൺഗ്രസ്സും പര്യാപ്തമാണ്". സൈനികത്തലവൻ മാർക്ക് മിലെയുടെ ഈ വാക്കുകളിൽ സൈന്യം വിഷയത്തിൽ നിക്ഷ്പക്ഷത പാലിക്കുമെന്ന് വ്യക്തമാണ്.
ഇനി നാല് സംസ്ഥാനങ്ങളിലെ വോട്ടുകളെണ്ണി ഫലം വരാനുണ്ട്. 264 ഇലക്ടറൽ വോട്ടുകൾ നേടിയ ജോ ബൈഡൻ ജയിക്കുമെന്നുറപ്പാണ്. അടുത്ത ജനുവരി 20 നാണ് പുതിയ പ്രസിഡണ്ട് സ്ഥാനമേൽക്കേണ്ടത്. അമേരിക്കയിൽ അതാണ് രീതി. എല്ലാ പ്രസിഡണ്ടുമാരും ജനുവരി 20 നാണ് സത്യപ്രതിജ്ഞ ചെയ്യുക. ആ ദിവസത്തിന് ഇനാഗുറേഷൻ ഡേ ( Inauguration Day ) എന്നാണ് അവിടെ പറയുന്നത്.
പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയ്ക്ക് വളരെ മുമ്പ്തന്നെ പഴയ രാഷ്‌ട്രപതി വൈറ്റ് ഹൗസ് ഒഴിയു കയും പുതിയ രാഷ്ട്രപതിയുടെ അഭിരുചിക്കനുസരിച്ച് അവിടെ വേണ്ട മാറ്റങ്ങളും ഒരുക്കങ്ങളും ഒക്കെ നടത്തുന്നതും പതിവാണ്.
ഇപ്പോൾ ഒരു കാര്യം വ്യക്തമായിരിക്കുന്നു. ഇപ്പോഴത്തെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വിഷയത്തിൽ തീർപ്പു കൽപ്പിക്കേണ്ട ചുമതല ഒടുവിൽ സുപ്രീം കോടതിക്കുതന്നെയാകും. അതുകൊണ്ടുതന്നെ വിഷയം കൂടുതൽ നീണ്ടുപോകാനും ഇടയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us