ബ്രൗണ്‍ ഗൗണ്‍ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്ത 'പ്രേതം'

New Update

ലോകപ്രശസ്തമായ ഒരു പ്രേത ഫോട്ടോയാണ് 'ബ്രൗണ്‍ ലേഡി ഒഫ് റെയ്നം'. 1936 ഡിസംബര്‍ 26-ന് പുറത്തിറങ്ങിയ 'കണ്‍ട്രി ലൈഫ്' മാഗസിനിലാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടിലെ നോര്‍ഫോള്‍ക്കിലുള്ള റെയ്നം ഹാള്‍ എന്ന ബംഗ്ലാവില്‍ ജീവിച്ചിരുന്ന ലേഡി ഡൊറോത്തിയുടെ പ്രേതമാണിതെന്നാണ് കരുതുന്നത്.

Advertisment

publive-image

ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്ന റോബര്‍ട്ട് വാള്‍പോളിന്റെ സഹോദരിയായിരുന്നു ലേഡി ഡൊറോത്തി. 1713-ല്‍ ചാള്‍സ് ടൗണ്‍ഷെന്റ് പ്രഭു ഡൊറോത്തിയെ വിവാഹം കഴിച്ചു. ടൗണ്‍ഷെന്റ് പ്രഭുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും റെയ്നം ഹാളിലായിരുന്നു താമസം. ടൗണ്‍ഷെന്റ് പ്രഭു കടുത്ത ദേഷ്യക്കാരനായിരുന്നു. ഡൊറോത്തിയുടെ ജീവിതം തികച്ചും ദുരിതപൂര്‍ണമായി മാറി.

ടൗണ്‍ഷെന്റ് പ്രഭു ഡൊറോത്തിയെ മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. 1726-ല്‍ 39ാം വയസില്‍ നിഗൂഢ സാഹചര്യത്തില്‍ ഡൊറോത്തി മരിച്ചു. വസൂരി പിടിപെട്ടായിരുന്നു മരണം എന്ന് പറയുന്നു. 1835-ലാണ് ബ്രൗണ്‍ നിറത്തിലെ ഗൗണ്‍ ധരിച്ച ഡൊറോത്തിയുടെ പ്രേതത്തെ ആദ്യമായി റെയ്നം ഹാളില്‍ കണ്ടത്.

തൊട്ടടുത്ത വര്‍ഷം നോവലിസ്റ്റായ ക്യാപ്ടന്‍ ഫ്രെഡറിക് മാര്‍യറ്റും റെയ്നം ഹാളില്‍ ഡൊറോത്തിയുടെ പ്രേതത്തെ കണ്ടതായി അവകാശപ്പെട്ടു. 1936 സെപ്റ്റംബറില്‍ കണ്‍ട്രി ലൈഫ് മാഗസിനിലെ രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ ഒരു ആര്‍ട്ടിക്കിളിന് വേണ്ടി റെയ്നം ഹാളിന്റെ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു.

publive-image

ബംഗ്ലാവിന്റെ കോണിപ്പടികളുടെ ഒരു ചിത്രമെടുക്കുന്നതിനിടെ ബ്രൗണ്‍ വസ്ത്രമണിഞ്ഞ ഒരു സ്ത്രീയുടെ അവ്യക്ത രൂപം തങ്ങള്‍ക്ക് നേരെ നടന്നുവരുന്നതായി അവര്‍ കണ്ടു. അത് പകര്‍ത്തുകയും ചെയ്തു.

ഇത് 'കണ്‍ട്രി ലൈഫ്" മാഗസിന്‍ പ്രസിദ്ധീകരിച്ചു. 1937-ല്‍ ഈ ഫോട്ടോയും ഫോട്ടോഗ്രാഫര്‍മാരുടെ അനുഭവവും ഉള്‍ക്കൊള്ളിച്ച് ലൈഫ് മാഗസിനും പുറത്തിറങ്ങി. വ്യക്തമായ തെളിവുകള്‍ നിരത്താനായില്ലെങ്കിലും ഈ ഫോട്ടോഗ്രാഫുകള്‍ വ്യാജമാണെന്നാണ് വാദം. ഗ്രീസോ മറ്റോ ലെന്‍സില്‍ വച്ച് കൃത്രിമമായി നിര്‍മിച്ചതോ അല്ലെങ്കില്‍ ഡബിള്‍ എക്‌പോഷറോ ആകാമിതെന്ന് ചിലര്‍ പറയുന്നു.

ghost dorothy
Advertisment