എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം കണ്ണുകള്‍ക്ക് ദോഷകരം – ഡോ. ജോയ് എം മാത്യു

ഹെല്‍ത്ത് ഡസ്ക്
Tuesday, April 13, 2021

എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. എയര്‍ കണ്ടീഷണറുകളില്‍ നിന്നും ഉണ്ടാവുന്ന കൃത്രിമ വായുവും താപനില വ്യതിയാനവും മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മം, അതിലോല അവയവമായ കണ്ണ്, പ്രതിരോധ ശേഷി എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും അഗര്‍വാള്‍സ് നേത്രരോഗ ആശുപത്രി ഗ്രൂപ്പിലെ നേത്രരോഗ വിദഗ്ധന്‍ ഡോ. ജോയ് എം മാത്യു പറയുന്നു.

തുടര്‍ച്ചയായി എ.സിയിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ‘ഡ്രൈ ഐ’, ‘ഡ്രൈ ഐ സിന്‍ഡ്രോം’ എന്നീ രോഗങ്ങള്‍ കണ്ടുവരുന്നതായും ഡോ. ജോയ് എം മാത്യു പറഞ്ഞു. കണ്ണുകളിലെ വരള്‍ച്ച, അസ്വസ്ഥത, കരുകരുപ്പ്, ഒട്ടിപിടിക്കല്‍, ചൊറിച്ചില്‍, പുകച്ചില്‍, തുടര്‍ച്ചയായി വെള്ളം വരല്‍, കാഴ്ച മങ്ങല്‍, വായനയുടെ വേഗതക്കുറവ് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

കണ്ണുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ അളവിലും ഗുണനിലവാരമുള്ള കണ്ണുനീരും ആവശ്യമാണ്. എന്നാല്‍ എസിയുടെ ദീര്‍ഘകാല ഉപയോഗം മൂലം കണ്ണിലെ ടിയര്‍ ഫിലിമിന്റെ മൂന്ന് ജല പാളികളുടെ ഗുണ നിലവാരത്തിലും അളവിലും മാറ്റം സംഭവിക്കും.

എയര്‍ കണ്ടീഷന്‍ ചെയ്യുന്ന മുറികളിലെ പ്രത്യേകിച്ച് കുറഞ്ഞ താപനിലയുള്ള മുറികളില്‍ ഈര്‍പ്പം നഷ്ടപെടുന്നതും വായു വളരെ വരണ്ടതായി മാറുന്നതും ടിയര്‍ ഫിലിമിന്റെ ജല പാളികളില്‍ ബാഷ്പീകരണം നടക്കുന്നതും കണ്ണുകളെ കൂടുതല്‍ വരണ്ടതാക്കി മാറ്റും.

ഇങ്ങനെ ലൂബ്രിക്കേഷന്‍ ഇല്ലാതാക്കുന്ന കണ്ണുകളില്‍ വീക്കം, അണുബാധ എന്നിവക്ക് സാധ്യത കൂടുതലാണ്. കൂടാതെ എയര്‍ കണ്‍ഷനിംഗ് സൗകര്യങ്ങളുടെ മോശം ശുചിത്വം വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ വ്യാപനത്തിലും ഇടയാക്കും.

എയര്‍ കണ്ടീഷന്‍ ചെയ്ത റൂമുകളുടെ ഉപയോഗം കുറയ്ക്കുക, 23 ഡിഗ്രി സെല്‍ഷ്യസിലും അതിനുമുകളിലും എസിയുടെ താപനില ക്രമീകരിക്കുക, എ.സിക്ക് അഭിമുഖമായി ഇരിക്കുന്നത് ഒഴിവാക്കുക എന്നിവ ഒരു പരിധിവരെ പ്രശ്ന പരിഹാരമാകുമെന്ന് ഡോ. ജോയ് എം മാത്യു ചൂണ്ടിക്കാട്ടുന്നു.

എയര്‍കണ്ടീഷന്‍ സംവിധാനമുള്ള മുറികളുടെ മൂലകളില്‍ ഒരു തുറന്ന പാത്രത്തില്‍ ശുദ്ധജലം വയ്ക്കുന്നത് നല്ലതാണ്. അതുവഴി മുറിയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിനും കണ്ണിനും ഉണ്ടാകാവുന്ന വരള്‍ച്ചയുടെ തോത് കുറക്കുന്നതിനും സഹായിക്കും.

ആവശ്യത്തിന് ദ്രാവകങ്ങള്‍ കഴിക്കുന്നതും, ഏഴ് മുതല്‍ എട്ട് മണിക്കൂറുകള്‍ വരെ ഉറങ്ങുന്നതും, സണ്‍ ഗ്ലാസ് അല്ലെങ്കില്‍ മറ്റ് സംരക്ഷിത കണ്ണടകള്‍ ധരിക്കുന്നതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ലൂബ്രിക്കേറ്റിങ്ങ് തുള്ളികള്‍ കണ്ണില്‍ ഒഴികുന്നതും ഗുണം ചെയ്യും. വരണ്ട കണ്ണുകള്‍ ഉണ്ടാകുന്നത് തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ നേത്ര അണുബാധ പിടിപെടാനും സാധ്യതയുണ്ട്.

ഡ്രൈ ഐ, ഡ്രൈ ഐ സിന്‍ഡ്രോം രോഗത്തിന് ചികിത്സ വൈകുന്നത് കോര്‍ണിയ ഉപരിതലത്തിലെ ഉരച്ചില്‍, കോര്‍ണിയ അള്‍സര്‍, ഗുരുതരമായ കാഴ്ച്ച പ്രശ്നങ്ങള്‍ എന്നിവക്ക് കാരണമാകുമെന്നും നേത്ര ചികിത്സാരംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡോ. ജോയ് വെളിപ്പെടുത്തി.

×