-ഡോ. കെ.എസ് രാധാകൃഷ്ണൻ
കഴിഞ്ഞ ദിവസം പ്രശാന്ത് എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരെ തോട്ടി തൊഴിലാളികളോട് ഉപമിച്ചുകൊണ്ട് നവമാധ്യമങ്ങളിൽ ഘോഷിച്ചതായി കേട്ടു. തോട്ടിപ്പണി ഒരു മോശം കാര്യമല്ല എന്ന് അദ്ദേഹത്തെ ഓർമിപ്പിക്കട്ടെ. താൻ ലോകത്തിന്റെ തോട്ടിയാണ് എന്നാണ് മഹാത്മാഗാന്ധി അവകാശപ്പെട്ടത്. മാത്രമല്ല തോട്ടികളുടെ ദുർഗന്ധം എന്ന് നാം കരുതുന്നത് അവരുടെ മണമല്ല, നിങ്ങളുടെ മലത്തിന്റെ മണമാണെന്ന് ഗാന്ധിജി അവരെ ഓർമിപ്പിക്കുകയും ചെയ്തു.
അതെ, പ്രാശാന്തേ, മാധ്യമപ്രവർത്തകർ പരത്തുന്നു എന്ന് നിങ്ങൾ കരുതുന്ന വാർത്തകളുടെ ദുർഗന്ധം, അവരുടെ മണമല്ല. നിങ്ങളുടെ ദുർഗന്ധമാണ്. പ്രവിത എന്ന മാതൃഭൂമി ലേഖിക ഒരു വാർത്തയുടെ വിവരം തേടുന്നതിനു വേണ്ടിയാണ് പ്രശാന്തിനെ വിളിച്ചത്. മുഖ്യമന്ത്രി ചെയർമാനായ കെഎസ്ഐഎൻസിയുടെ മാനേജിങ് ഡയറക്ടറാണ് പ്രശാന്ത്. കേരളത്തിലെ ആഴക്കടൽ വിഭവങ്ങളെ ഇഎംസിസി എന്ന ഉടായിപ്പ് കമ്പനിക്ക് കൊള്ളയടിയ്ക്കാനുള്ള കരാർ ഒപ്പുവെച്ചത് പ്രശാന്താണ്. കടലിനെ മാത്രമല്ല കടലിനെ ആശ്രയിച്ചു കഴിയുന്ന മുക്കുവരെ അടിമകളക്കി വിൽക്കാനും ഈ കാരാറിലൂടെ അദ്ദേഹം ശ്രമിച്ചു.
ഈകാരാറിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്. അത് എങ്ങനെ സംഭവിച്ചു എന്ന് അറിയാനായാണ് മാധ്യമപ്രവർത്തക വിളിച്ചത്. പ്രശന്തിന്റെ കുടുംബവിശേഷം തിരക്കാനായിരുന്നില്ല. പക്ഷെ മറുപടി, അശ്ലീലച്ചുവയോടെ പറഞ്ഞ് മാധ്യമപ്രവർത്തകരെ ആക്ഷേപിച്ചത്, അദ്ദേഹത്തിന്റെ ഭാര്യയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. അത് ശരിയാണെങ്കിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ബാഹ്യശക്തികളെ ഇടപെടാൻ അനുവദിച്ചു എന്ന് മാത്രമല്ല, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്തു. സംഭവം തോട്ടികൾ ഇടപെടേണ്ട വിധം ചീഞ്ഞുനാറിയിട്ടുണ്ട്.
ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുമ്പോഴാണ് നാറ്റം ദു:സഹമാകുന്നത്. ഈ സ്ഥാപനത്തിന്റെ ചെയർമാൻ അറിയാതെ എംഡി കാര്യം നടത്തുന്നു എന്ന് വരുന്നത് ശരിയായ ഭരണരീതിയല്ല. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ നിഷ്കളങ്കനാണ്. ഒന്നും അറിയാറില്ല. അദ്ദേഹത്തിന്റെ സെക്രട്ടറി ശിവശങ്കരനും ശിവശങ്കരന്റെ ഇഷ്ടക്കാരി സ്വപ്നയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു സ്വർണക്കടത്തും ഹവല ഇടപാടും നടത്തിയത് അദ്ദേഹം അറിഞ്ഞില്ല. ലൈഫ് മിഷൻ ഇടപാടിൽ കൈക്കൂലിയും അഴിമതിയും നടന്നത് പിണറായി അറിഞ്ഞില്ല. പിണറായി ഒന്നും അറിയുന്നില്ല.
കേരളത്തിന്റെ 690 കിലോമീറ്റർ വരുന്ന കടൽതീരത്തിന് ഇന്ത്യയുടെ രാജ്യസുരക്ഷയിൽ സുപ്രധാനമായ പങ്കുണ്ട്. ആ കടൽതീരവും അവിടുത്തെ ജനങ്ങളെയും അതുവഴി ഇന്ത്യക്കാരുടെ സുരക്ഷയെയുമാണ് ഈ കരാറിലൂടെ ഒറ്റുകൊടുത്തത്. ഇക്കാര്യത്തിൽ 5000 കോടിയാണ് ഒറ്റുകാശ്. ഈ കടുംവെട്ടിൽ ആരെല്ലാമാണ് പങ്കാളികൾ എന്ന് അറിയണം. രാജ്യത്തിന്റെ സുരക്ഷയെ ഒറ്റുകൊടുക്കുന്ന കരാർ ആയതുകൊണ്ട് കേന്ദ്ര ഏജൻസി അന്വേഷിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം.
പക്ഷെ പ്രതിപക്ഷ നേതാവ് പറയുന്നത് ഒരു ജുഡീഷ്യൽ അന്വേഷണം മാത്രം മതി എന്നാണ്. അടുത്തൂൺ പറ്റിയ ഒരു ജഡ്ജിക്കും പരിവാരങ്ങൾക്കും പണം ലഭിക്കുമെന്നല്ലാതെ രാജ്യത്ത് ജുഡീഷ്യൽ അന്വേഷണം കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇക്കാര്യം പലവട്ടം പറഞ്ഞിട്ടുള്ള പ്രതിപക്ഷ നേതാവ് ആരെ രക്ഷിക്കാനാണ് ജുഡീഷ്യൽ അന്വേഷണവുമായി വരുന്നത്.
പ്രശാന്ത്, രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനാണെന്ന് അറിയാം. രമേശ് അധികാരത്തിലെത്തിയാൽ പ്രശാന്തായിരിക്കും അടുത്ത ശിവശങ്കരനെന്നും കേൾക്കുന്നു. രാജ്യസുരക്ഷയും മീൻപിടിത്തക്കരുടെ ജീവിത സുരക്ഷയും വ്യക്തി സൗഹൃദങ്ങളേക്കാൾ വലുതാണ് പ്രതിപക്ഷ നേതാവേ…