Advertisment

ചാനലുകൾക്ക് വിപണി പിടിച്ചുനിർത്താൻ ചർച്ച ആവശ്യമായേക്കാം. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകരുടെ / പാർട്ടി വക്താക്കളുടെ നിലവാരത്തോട് ഡോക്ടർമാർ മത്സരിക്കരുത്. കൊറോണയെ മാത്രമല്ല മരണത്തേയും ഭയക്കേണ്ടതില്ല - ഡോ. കെ. എസ്. രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

“കൊറോണയെ ജാഗ്രതയോടെയല്ല ഭയത്തോടെ കാണണം” - ഈ അവബോധം സമൂഹത്തിന് നൽകണമെന്ന് ചില ഡോക്ടർമാർ ചാനൽ ചർച്ചകളിൽ പറയുന്നത് കേട്ടു. മനുഷ്യ മനസ്സിൽ ഭയം ജനിച്ചാൽ അവന്റെ സപ്തനാഡികളും തളരും. അതോടെ ജീവചൈതന്യം ക്ഷീണിക്കും. ജീവചൈതന്യം ക്ഷീണിച്ചാൽ ശരീരത്തിന്റെ രോഗപ്രതിരോധശക്തി തകരും. അതോടെ മരുന്ന് ഫലിക്കാതെയാകും.

ഈ വക കാര്യങ്ങൾ മറ്റാരും അറിഞ്ഞില്ലെങ്കിലും ഡോക്ടർമാർ അറിയേണ്ടതാണ്. ചാനലുകൾക്ക് വിപണി പിടിച്ചുനിർത്താൻ ചർച്ച ആവശ്യമായേക്കാം. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന രാഷ്ട്രീയ നിരീക്ഷകരുടെ / പാർട്ടി വക്താക്കളുടെ നിലവാരത്തോട് ഡോക്ടർമാർ മത്സരിക്കരുത്.

അത് അവരുടെ പണിയല്ല. ഏതൊരു രോഗികളുടേയും അവസാനശ്വാസം വരെ ജീവൻ നിലനിർത്താൻ ശ്രമിക്കേണ്ടവനാണ് ഡോക്ടർ. അതു മറക്കരുത്.

കൊറോണ മഹാമാരി വിതയ്ക്കുന്നു. വ്യാപകമായി അത് പടരുന്നു. ഈ സൂക്ഷ്മജീവികളുടെ കർമ്മ സഞ്ചാരപഥം കാര്യമായി അറിയുന്നവരുടെ എണ്ണം വളരെ കുറവാണ്. ജീവന്റെ രഹസ്യം നമുക്കിനിയും പിടികിട്ടാത്തത് കൊണ്ട് ജീവികളുടെ രഹസ്യം നമുക്ക് പിടി കിട്ടണമെന്നില്ല. എല്ലാം അറിഞ്ഞതിനുശേഷം ജീവിക്കാനുമാകില്ല.

ഈ മഹാമാരിയുടെ മരണ നിരക്ക് താരതമ്യേന കുറവാണെന്നതാണ് വസ്തുത. കൊറോണ പിടിപെട്ട് മരിക്കുന്നവരിൽ മഹാഭൂരിപക്ഷത്തിനും മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നവരാണ്. കൊറോണ അത്തരം രോഗാവസ്ഥയെ ത്വരിതപ്പെടുത്തുന്നു എന്ന് മാത്രം. ഗുരുതരമായ മറ്റ് രോഗങ്ങൾ ഉള്ളവരുടെ ആരോഗ്യം ഏതു പകർച്ചവ്യാധിയും വഷളാക്കും.

കൊറോണ പിടിപെട്ടത് കൊണ്ടുമാത്രം മരിച്ചവരുടെ കൃത്യമായ കണക്ക് ലഭ്യമാണോ? ലഭ്യമല്ല എന്നാണ് ഇത് സംബന്ധിച്ച വാർത്തകളിൽ കാണുന്നത്. വളരെ ചെറിയ ഒരു സംഖ്യയായിരിക്കും അത് എന്ന് കരുതുന്നതാണ് യുക്തിസഹമായ കാര്യം. മനുഷ്യൻ മരിക്കാനുള്ള അനേകം രോഗ കാരണങ്ങളിൽ ഒന്ന് കൊറോണയാകാമെന്ന് മാത്രം.

ജനനത്തോടെ മരണവും തുടങ്ങുന്നത് കൊണ്ട് മരണ വിമുക്തി മനുഷ്യന് അസാധ്യമാണ്. സംയോഗ-വിയോഗങ്ങളിലൂടെ നീളുന്ന ജീവിതം മരണത്തിൽ അവസാനിക്കുക തന്നെ ചെയ്യും. അതുകൊണ്ട് മരണത്തേയും ഭയക്കാതിരിക്കാം.

അതുകൊണ്ട് കൊറോണയെ എന്നല്ല ഏതൊരു മഹാമാരിയേയും ഭയക്കാതെ ജീവിക്കാനാണ് മനുഷ്യരെ പ്രാപ്തരാക്കേണ്ടത്. ജാഗ്രത, അതായത്, ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി എന്നിവയെല്ലാം ക്ഷീണമില്ലാതെ പ്രവർത്തിക്കുന്ന അവസ്ഥ ഉണ്ടാക്കുക എന്നതാണ് വൈദ്യശാസ്ത്ര ധർമ്മം. അതിനാവശ്യമായ മുൻകരുതലുകൾ ആകാമെന്നല്ലാതെ ജനങ്ങളെ ഭയചകിതരാക്കാൻ ഒരു ഡോക്ടറും പരിശ്രമിക്കരുത്.

-ഡോ. കെ. എസ്. രാധാകൃഷ്ണൻ

voices
Advertisment