വിജയനേയും സുധാകരനെയും കരുതി നാണംകെടുന്നു; സാറന്മാരെ, മിതമായ ഭാഷയിൽ പറഞ്ഞാൽ ഇത് അല്പത്തമാണ്…  മുഖ്യമന്ത്രി പിണറായി വിജയനെയും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെയും നിശിതമായി വിമര്‍ശിച്ച് ഡോ. കെ.എസ് രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സത്യം ഡെസ്ക്
Saturday, June 19, 2021

പരീക്ഷ എഴുതാൻ വന്ന സഹപാഠിയെ ഒറ്റ ചവിട്ടിന് താഴെയിട്ടതിന് ശേഷം തന്റെ അനുചരന്മാരെ കൊണ്ട് വളഞ്ഞിട്ട് തല്ലിച്ചത് മഹത്വമായി കരുതുന്ന സുധാകരൻ, സുധാകരനെ തല്ലി അർദ്ധ നഗ്നനാക്കി കോളേജിലൊക്കെ നെട്ടോട്ടമോടിച്ചു എന്നുപറഞ്ഞ് ആഹ്ലാദിക്കുന്ന പിണറായി വിജയൻ.

രണ്ടുപേരുടെയും മനോ മാലിന്യത്തെ ഓർത്ത് ലജ്ജിക്കാതെ വയ്യ. ഒരാൾ കെപിസിസി പ്രസിഡന്റ്, മറ്റൊരാൾ കേരള മുഖ്യമന്ത്രി. അര നൂറ്റാണ്ടിനു മുൻപ് വിവേകമില്ലാത്ത പ്രായത്തിൽ ചെയ്തുപോയ അപരാധത്തെ മഹത്വമായി രണ്ടുപേരും കരുതുന്നു. സാറന്മാരെ, മിതമായ ഭാഷയിൽ പറഞ്ഞാൽ ഇത് അല്പത്തമാണ്.

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കാലത്ത് പ്രായത്തിന്റെ സവിശേഷത കൂടി പരിഗണിച്ചാൽ, ചിലപ്പോൾ അടിപിടി ഉണ്ടായി എന്നിരിക്കാം. വിവേകം വരുമ്പോൾ ഏതൊരാളും അതിനെ ആത്മ പരിഹാസത്തോടെ കാണാനും അതിന്റെ പേരിൽ ലജ്ജിക്കാനും തയ്യാറാകും. അടിപിടിയും കത്തിക്കുത്തും അൻപത്തി ഒന്ന് വെട്ടുമല്ല രാഷ്ട്രീയമെന്ന് തിരിച്ചറിയാൻ ഈ പ്രായത്തിൽ കഴിയണം.

ഒറ്റ ചവിട്ടിന് സഹപാഠിയെ താഴെയിട്ടവനും ഉടുമുണ്ട് ഉരിഞ്ഞെടുത്തു ഓടിച്ചവനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ്. രണ്ടുപേരുടെ മനസ്സിലും ഒഴിയാപ്പക കൂടിയിരിക്കുന്നു എന്നത് മലയാളികൾക്കാകെ നാണക്കേടാണ്.

തന്റെ എതിരാളിയെ എത്ര പ്രാവശ്യം എവ്വിധമെല്ലാം തല്ലി എന്നത് യോഗ്യതയായി കരുതുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടാണ് എന്നത് ഇപ്പോഴത്തെ കോൺഗ്രസുകാർക്ക് അഭിമാനമായി തോന്നിയിട്ടുണ്ടാകാം. കാരണം ഇപ്പോൾ കോൺഗ്രസുകാരെ ഭരിക്കുന്നതും നയിക്കുന്നതും ഹൈക്കമാൻഡിനോടുള്ള വിധേയത്വവും ഭയവുമാണ്.

മാഫിയയെ ഭയക്കുന്നവൻ മാത്രമെ ഒറ്റ ചവിട്ടിന് ഒരുത്തനെ വീഴ്ത്തി എന്നത് മഹത്വമായി കരുതുകയുള്ളൂ. അതിൽ ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന കോൺഗ്രസുകാരെ കുറിച്ച് ഒന്നും പറയുന്നുമില്ല.

ഭീതിയും വിദ്വേഷവും ഇല്ലാതെ നിർഭയമായി ഭരണഘടന അനുശാസിക്കുന്ന വിധം നിയമം നടപ്പിലാക്കും എന്നും പ്രതിജ്ഞ ചെയ്താണ് ശ്രീ വിജയൻ അങ്ങ് മുഖ്യമന്ത്രിയായി ഭരണമേറ്റത്. അര നൂറ്റാണ്ടിനു മുൻപ്, വിവേകം ഇല്ലാതിരുന്ന കാലത്ത്, പ്രായത്തിന്റെ ചാപല്യത്തിന്റെ പേരിൽ, ഒരുത്തനെ തല്ലി തുണി പറിച്ചെടുത്തത് സ്വന്തം മഹത്വമായി അങ്ങ് ഇപ്പോഴും കരുതുന്നു.

വിദ്വേഷമില്ലാതെ ഭരിക്കുമെന്ന് അങ്ങ് പ്രതിജ്ഞയെടുത്തത് മറക്കരുത്. പക്ഷേ, സുധാകരനോടുള്ള പക വിജയന് ഇപ്പോഴുമുണ്ട് എന്നാണ് അങ്ങയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. പക മനസ്സിൽ സൂക്ഷിക്കുന്നവൻ എന്നും ഭയഗ്രസിതനായിരിക്കും.
നിയമസഭയിലെ ഭരണകക്ഷിയും പ്രതിപക്ഷവും ഒരുപോലെ പക സൂക്ഷിച്ചുകൊണ്ട് ഭയഗ്രഹിതരായി കഴിയുന്നു.

ഒരാൾ ഗാന്ധിയൻ അഹിംസയെ കുറിച്ചും അപരൻ ആഗോള മാനവികതയെ കുറിച്ചും ഇടയ്ക്കിടക്ക്‌ പുലമ്പുന്നു. പകയും ഭയവും മനസ്സിൽ കുടിയിരുത്തുന്നവരുടെ ഭരണകാലം ശോഭനമാകില്ല. അംഗീകൃത ഭരണകക്ഷിയും പ്രതിപക്ഷവും ഒരുപോലെ നമ്മെ ഭീഷണിപ്പെടുത്തുന്നു. ഇക്കാര്യത്തെക്കുറിച്ച് മാനവിക വാദികൾ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

-ഡോ. കെ. എസ്. രാധാകൃഷ്ണൻ

×