കൊച്ചി:മുന്നണി മാറാൻ മുസ്ലിംലീഗിന് മൂന്ന് കാരണങ്ങളുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ. കെ. എസ്. രാധാകൃഷ്ണൻ കാര്യ കാരണ സഹിതം അക്കമിട്ട് നിരത്തി വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ ചേർത്തിരിക്കുന്നു.
മുന്നണി മാറാൻ മുസ്ലിംലീഗിന് മൂന്ന് കാരണങ്ങൾ
(1) മുസ്ലിംലീഗിന് മുന്നണി മാറിയേ പറ്റൂ. അതിന്റെ ആദ്യ കാരണം ചരിത്രപരം തന്നെ. 1906ൽ മുസ്ലിംലീഗ് ഉണ്ടായതിന്റെ പ്രധാനകാരണം ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ ഭരണം തിരിച്ചു മുസ്ലീങ്ങൾക്ക് വേണമെന്നതായിരുന്നു. മുസ്ലീങ്ങൾ ഭരിക്കുന്നവരും ഹിന്ദുക്കൾ ഭരിക്കപ്പെട്ടിരുന്നവരുമായിരുന്നു. ആറ് നൂറ്റാണ്ട് അവർ ഹിന്ദുക്കളെ ഭരിച്ചു. അവരിൽ നിന്നാണ് ബ്രിട്ടീഷുകാർ ഭരണമേറ്റത്. അതുകൊണ്ട്, ഭരിക്കപ്പെട്ടിരുന്ന ഹിന്ദുക്കളുടെ ഭരണത്തിൻ കീഴിലായി ഭരിക്കപ്പെടുന്നവരാകാൻ മുസ്ലീങ്ങൾ തയാറല്ല.
മുസ്ലീങ്ങൾക്ക് ഒറ്റക്ക് ഭരണം നൽകാൻ കഴിയില്ലെങ്കിൽ ഇന്ത്യയെ വിഭജിച്ച് ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമുണ്ടാക്കി മുസ്ലീങ്ങൾക്ക് നൽകണം. ഇന്ത്യാവിഭജനം 1906ൽ തന്നെ മുസ്ലീംലീഗിന്റെ ലക്ഷ്യമായിരുന്നു. അവർ അത് നേടുകയും ചെയ്തു.ഹിന്ദു - മുസ്ലീം ഐക്യം കോൺഗ്രസ്സിൽ മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നു. 1924ൽ, നിർമ്മാണ പ്രവർത്തനങ്ങളെ കോൺഗ്രസ്സിന്റെ കർമ്മപരിപാടിയാക്കി അംഗീകരിപ്പിച്ച ഗാന്ധിജി അയിത്തോച്ചാടനത്തിനൊപ്പം ഹിന്ദു - മുസ്ലീം ഐക്യം കോൺഗ്രസ്സിന്റെ കർമ്മപരിപാടിയാക്കി മാറ്റി. നെഹ്‌റുവിനാകട്ടെ മതത്തിലും ദൈവത്തിലും ആത്മീയതയിലും വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ട് അഹിംസയിലും അയിത്തോച്ചാടനത്തിലും ഹിന്ദു - മുസ്ലീം ഐക്യത്തിലും നെഹ്‌റു വിശ്വസിച്ചിരുന്നില്ല. അക്കാര്യം 1927ൽ ഗാന്ധിജിക്ക് എഴുതിയ കത്തിൽ നെഹ്‌റു വെളിവാക്കുകയും ചെയ്തു.
ഗാന്ധിജി എത്ര ശ്രമിച്ചിട്ടും മുസ്ലീങ്ങൾ കോൺഗ്രസ്സിലെത്തിയിട്ടില്ല. വളരെ ചുരുക്കം ചിലർ കോൺഗ്രസ്സ് നേതൃത്വത്തിൽ ഉണ്ടായിരുന്നു എങ്കിലും മുസ്ലീം ജനസാമാന്യം കോൺഗ്രസിനെ അവരുടെ സംഘടനായി കരുതിയിരുന്നില്ല. 1921ലെ ഖിലാഫത്ത് കാലത്താണ് മുസ്ലീങ്ങൾ കേരളത്തിൽ പോലും കോൺഗ്രസ്സുമായി സഹകരിച്ചത്. മാപ്പിള ലഹള പരാജയപ്പെട്ട് കഴിഞ്ഞപ്പോൾ മുസ്ലീങ്ങൾ കൂട്ടത്തോടെ കോൺഗ്രസ്സ് വിടുകയും ചെയ്തു. 1947 വരെ ഇന്ത്യയിലെ മുസ്ലീങ്ങളുടെ കക്ഷി മുസ്ലീംലീഗായിരുന്നു. 1947 ആഗസ്റ്റ് 14ന് സംഘടനാ മൂന്നായി പിരിഞ്ഞു. പാക്കിസ്ഥാൻ മുസ്ലീംലീഗ്, അവാമി ലീഗ്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്നിവ രൂപീകരിക്കപ്പെട്ടു.കേരളത്തിലെ മുസ്ലിങ്ങളിൽ മഹാഭൂരിപക്ഷവും ലീഗിനെ അവരുടെ രാഷ്ട്രീയ കക്ഷിയായി സ്വീകരിച്ചു. ക്രമേണ ലീഗ് കോൺഗ്രസ്സുമായി സഖ്യത്തിലേർപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ മഹത്വമോ മൂവർണ്ണ കൊടിയുടെ വർണ്ണഭംഗിയോ കണ്ടിട്ടായിരുന്നില്ല മുസ്ലിങ്ങൾ കോൺഗ്രസ്സുമായി അടുത്തത് എന്നത് എപ്പോഴും ഓർക്കണം.
(2) മുസ്ലിം ലീഗിന് രാഷ്ട്രീയാധികാരം അത്യാവശ്യമായിരുന്നു. അധികാരമില്ലാത്ത ലീഗിന് നിലനിൽക്കാൻ കഴിയുമായിരുന്നില്ല. അക്കാലത്ത് ഇന്ത്യയാകെ നിറഞ്ഞു നിന്നുകൊണ്ട് ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ്സായിരുന്നു. അതുകൊണ്ട് കോൺഗ്രസ്സിന്റെ ഭാഗമായി നിന്നുകൊണ്ട് അധികാരം നേടാനാണ് അവർ ശ്രമിച്ചത്. ലീഗ് എന്നും യുഡിഎഫിൽ രണ്ടാം കക്ഷിയായിരുന്നു. പക്ഷെ, ലീഗിന്റെ താത്പര്യത്തിനപ്പുറം കേരളത്തിൽ കോൺഗ്രസ്സ് ഒരിക്കലും പോയില്ല എന്നതും മറക്കരുത്.ഇന്ന് കോൺഗ്രസ്സ് ഇന്ത്യയിൽ ക്ഷയിച്ച് കഴിഞ്ഞു. പ്രധാന സംസ്ഥാനങ്ങളിലെങ്ങും കോൺഗ്രസ്സില്ല. അതുകൊണ്ട് അധികാരം നേടാനും സംരക്ഷിക്കാനും ഇനി കോൺഗ്രസ്സിനാകില്ല എന്നും ലീഗിനറിയാം. സംസ്ഥാനത്തും യുഡിഎഫ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ലീഗിന്റെ തട്ടകങ്ങളിൽ വോട്ട് കുറഞ്ഞതും അവരെ ഭയപ്പെടുത്തുന്നു.
കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാതെ ലീഗിന് നിലനിൽക്കാനാകില്ല. അതുകൊണ്ട് ഇടതുപക്ഷവുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതാകും ഉചിതം എന്നാണ് ലീഗ് നേതൃത്വത്തിന്റെ ചിന്താഗതി.
(3) ഒവൈസിയുടെ മുസ്ലിം പാർട്ടി ഇന്ത്യയിലാകെ പടർന്നുകൊണ്ടിരിക്കുന്നു. പലസംസ്ഥാനങ്ങളിലും മുസ്ലിങ്ങൾ അവരുടെ നേതാവായി ഒവൈസിയെ സ്വീകരിച്ച് കഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒവൈസി കേരളത്തിലെത്തും. ഒവൈസി വന്നാൽ ക്ഷീണിക്കുന്നത് ലീഗ് ആയിരിക്കും. അതുകൊണ്ട് രക്ഷാമാർഗം തേടണം. സ്വാഭാവികമായും, അവർ രക്ഷകനെ കാണുന്നത് പിണറായിയിലാണ്.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
https://www.facebook.com/drksradhakrishnan/photos/a.872298416193104/3703838633039054/