പെണ്‍കുട്ടിയെ ബന്ദിയാക്കുകയും മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുകയും ചെയ്ത പ്രതി പിടിയില്‍.

Thursday, November 7, 2019

റിയാദ്:  റിയാദില്‍ നിരോധിത മയക്കുമരുന്ന് ഇടപാടുകള്‍ക്കായി ആസ്ഥാനം ഒരുക്കുകയും അതില്‍ 16 വയസ്സ് മാത്രമുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബന്ദിയാക്കുകയും ചെയ്ത പ്രതിയെ സുരക്ഷാ വിഭാഗം പിടികൂടി. പെണ്‍കുട്ടി രണ്ടു മാസം മുമ്പ് വീട്ടില്‍ നിന്നും അപ്രത്യക്ഷമായതായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിക്കുന്നതിനായി ഇരുമ്പ് ക്ലിപ്പുകളില്‍ ബന്ദിയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായത്.

സുരക്ഷാ വിഭാഗത്തിന്റെ ചലനങ്ങള്‍ മനസ്സിലാക്കുന്നതിനായി പ്രതി അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ചില സന്ദര്‍ഭത്തില്‍ പ്രതി ആയുധവുമായാണ് നടക്കുക. തന്റെ കേന്ദ്രം ഏതെങ്കിലും വിഭാഗം രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടോ എന്ന് പ്രതി ശ്രദ്ധിക്കാറുണ്ട്. പക്ഷെ സുരക്ഷാ വിഭാഗത്തിന്റെ അതീവ ജാഗ്രതയോടുകൂടിയുള്ള നീക്കം പ്രതിയെ വലയിലാക്കാന്‍ സഹായകമായി. റിയാദ് ക്രിമിനല്‍ നിരീക്ഷണ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് വിഭാഗം പ്രതിയുടെ കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.

പ്രതിയുടെ കേന്ദ്രത്തില്‍ നിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍, മദ്യക്കുപ്പികള്‍, നിരോധിത മയക്കുമരുന്നുകള്‍, കൂടാതെ വേട്ടക്ക് ഉപയോഗിക്കുന്ന തോക്ക്, പെണ്‍കുട്ടിയെ ബന്ധിച്ച ഇരുമ്പ് ക്ലിപ്പുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു.

×