പൊന്നാനി: നാടിനെയും വിദ്യാർത്ഥികളെയും പിടികൂടിക്കൊണ്ടിരിക്കുന്ന ലഹരി, മയക്കുമരുന്ന് വിപത്തിനെതിരെ മത - സാംസ്കാരിക കൂട്ടായ്മയായ "സമന്വയം പൊന്നാനി" കാമ്പയിൻ സംഘടിപ്പിക്കുന്നു. ചന്തപ്പടി ടൗൺ പ്ലാസയിൽ സംഘടിപ്പിച്ച വിവിധ മഹല്ലുകളുടെയും പള്ളി കമ്മിറ്റികളുടെയും സാംസ്കാരിക സംഘടനകളുടെയും യോഗത്തിൽ മയക്കുമരുന്ന് മുക്ത പൊന്നാനിക്കായി ഫലപ്രദവും വിപുലവുമായ പദ്ധതികൾ ആവിഷ്കരിച്ചു.
"ലഹരി വിമുക്ത പൊന്നാനി" എന്ന തലവാചകത്തിൽ നടത്തുന്ന കാമ്പയിനിൽ താഴെ തലത്തിൽ തന്നെ അനുയോജ്യമായ വിവിധ പദ്ധതികൾക്ക് രൂപം നൽകുകയും അവ വിഭാഗീയത കൂടാതെ കൂട്ടായി നടപ്പിലാക്കാനും തീരുമാനിച്ചു. മഹല്ലുകൾ, പള്ളി കമ്മിറ്റികൾ എന്നിവക്ക് കീഴിൽ ലഹരി വിരുദ്ധ ജാഗ്രത സമിതികൾ രൂപീകരിക്കും. വിവാഹ സംബന്ധമായ സേവനങ്ങൾ മഹല്ലുകളിൽ നിന്ന് ലഭ്യമാകാൻ ലഹരിമുക്ത കുടുംബമാകണമെന്ന നിബന്ധന കൊണ്ടുവരുവാനും തീരുമാനമായി.
സമന്വയം പൊന്നാനി ചെയർമാൻ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ അധ്യക്ഷ വഹിച്ച യോഗം കറുകത്തിരുത്തി മഹല്ല് ഖത്തീബ് ജലീൽ റഹ്മാനി ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുൽ മജീദ് ഫൈസി, സൈദ് മുഹമ്മദ് തങ്ങൾ, വി വി അബ്ദുൽ ഹമീദ്, സഫറുള്ള, ഇസ്മയിൽ അൻവരി, കെ കെ മുഹമ്മദ് ഇഖ്ബാൽ, അഷ്റഫ് ആർ വി, ഷാഹുൽ ഹമീദ്, സി വി മുഹമ്മദ് നവാസ്, യാസിർ ഇർഫാൻ, മൂസ സി.സി, അഷ്റഫ്, നാഫി സി എൻ, സമീൽ വി കെ, എന്നിവർ സംസാരിച്ചു. കൺവീനർ അബ്ദുറഹ്മാൻ ഫാറൂഖി സ്വാഗതവും സെകട്ടറി സി വി അബൂ സാലിഹ് നന്ദിയും പറഞ്ഞു