ദുബായ് വേള്‍ഡ് എക്‌സ്‌പോ 2020- പുതിയ തിയതി, 2021 ഒക്ടോബര്‍ ഒന്നിന് ആകുമെന്ന് സൂചന

ന്യൂസ് ബ്യൂറോ, ദുബായ്
Saturday, April 4, 2020

ദുബായ് : ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ദുബായ് വേള്‍ഡ് എക്‌സ്‌പോ 2020-യുടെ പുതിയ തിയതി, 2021 ഒക്ടോബര്‍ ഒന്നിന് ആകുമെന്ന് സൂചന. ഇതുസംബന്ധിച്ച പുതുക്കിയ തിയതിയ്ക്ക് യുഎഇ ശുപാര്‍ശ നല്‍കി.

യുഎഇയുടെ ഉന്നത സമിതി, ബ്യൂറോ ഇന്റര്‍നാഷ്ണല്‍ എക്‌സ്‌പോസിഷനാണ് ( ബി ഐ ഇ ) കത്ത് നല്‍കിയത്. ഇതനുസരിച്ച്, ഏപ്രില്‍ 21 ന് പാരീസില്‍ ചേരുന്ന ബി ഐ ഇയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വന്നേക്കാം.

2021 ഒക്ടോബര്‍ 01 മുതല്‍ 2022 മാര്‍ച്ച്‌ 31 വരെ എക്‌സ്‌പോ നടത്താനാണ് പുതിയ നിര്‍ദേശം. ഏപ്രില്‍ 21 ലെ എക്‌സിക്യൂട്ടീവ് മീറ്റിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ബി.ഐ.ഇ സെക്രട്ടറി ജനറല്‍ അറിയിച്ചു.

ദുബായുടെ സ്വപ്‌നപദ്ധതിക്കു വേണ്ടി വര്‍ഷങ്ങളായി ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. അവസാനഘട്ട ഒരുക്കങ്ങള്‍ക്കിടെയാണ് കൊറോണ വൈറസ് വ്യാപിച്ചത്.

വേള്‍ഡ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍, പ്രധാന പങ്കാളികള്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ മേള നടത്താന്‍ യുഎഇ നിര്‍ദ്ദേശിച്ചത്. അതേസമയം, അന്തിമ തീരുമാനം എടുക്കാന്‍ ബി ഐ ഇയുടെ അംഗ രാജ്യങ്ങളില്‍ നിന്നും, മൂന്നില്‍ രണ്ട് ഭൂരിപക്ഷ വോട്ടുകള്‍ക്ക് മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ.

×