കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ഇൻകാസ് ഫുജൈറ കമ്മിറ്റി

ന്യൂസ് ബ്യൂറോ, ദുബായ്
Sunday, May 31, 2020

ഫുജൈറ : കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കണമെന്നും ഓരോ കുടുംബത്തിനും ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണമെന്നും ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക അത്താണിയാണ് പലർക്കും നഷ്ടപ്പെട്ടത്.

പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായ മാതാപിതാക്കളുമടക്കം പട്ടിണിയിലാണ്. കുട്ടികളുടെ വിദ്യാഭ്യാസം,മാതാപിതാക്കളുടെ ചികിത്സ, മറ്റു ജീവിത ചിലവുകൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബുദ്ധിമുട്ടു അനുഭവിക്കുന്നു . തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാത്ത ഹതഭാഗ്യരായ ബന്ധുക്കൾ, മരണം വിശ്വസിക്കാൻ പോലും കഴിതെ ജീവിക്കുന്ന നൂറ്റമ്പതിലധികം മലയാളി കുടുംബങ്ങൾക്കു സർക്കാറിന്റെ കരുതൽ ഉണ്ടായില്ലങ്കിൽ ഒരു വലിയ ദുരന്തം നാം അഭിമുഖീകരിക്കേണ്ടി വരും.

5 മാസത്തിലധികമായി നാട്ടിൽ അകപ്പെട്ട പോയ പ്രവാസികളുടെ കാര്യവും ദയനീയമാണ്. സംസ്ഥാന സർക്കാർ 5000 രൂപ കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പരിശുദ്ധമായ നോമ്പും പെരുന്നാളും കഴിഞ്ഞു പോയിട്ടും ഒരാൾക്ക് പോലും ഒരു രൂപ സർക്കാർ കൊടുത്തിട്ടില്ല. ലോക്ക് ഡൌൺ കാലത്തും നോർക്കയിൽ രജിസ്റ്റർ ചെയ്തു രണ്ടു ലക്ഷത്തോളം ആളുകൾ മാസങ്ങളായി സഹായത്തിനായി കാത്തിരിക്കുന്നു .

ജോലി നഷ്ട്ടപ്പെട്ടവർക്കു കൊടുക്കാമെന്നു പറഞ്ഞ 6 മാസം ശമ്പളം കൊടുത്തില്ലെങ്കിലും കോവിഡ് സഹായം എന്ന നിലയിൽ പ്രഖ്യാപിച്ച 5000 രൂപ എങ്കിലും കൊടുക്കാൻ സർക്കാർ തയ്യാറാവണം. കേന്ദ്ര കോവിഡ് പാക്കേജിന്റെ ഭാഗമായി 40000 കോടി സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് അറിയുന്നത്. തുക ലഭിക്കുമ്പോൾ പണത്തിന്റെ പ്രയാസങ്ങൾ സംസ്ഥാന സർക്കാരിനും ഇല്ലാതാവും. ആ സമയത്തെങ്കിലും ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും ഇൻകാസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടു .

×