തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് സ്വകാര്യ ട്യൂഷൻ സെന്ററുകൾ ശക്തമായ സ്വാധീനം ചെലുത്തിയതോടെയാണ് പൊതുവിദ്യാഭ്യാസരംഗം കുത്തഴിഞ്ഞത്.
സംസ്ഥാനത്തെ സ്‌കൂള്‍ പഠനനിലവാരത്തെക്കുറിച്ച് പുറംനാടുകളിലും വിദേശ രാജ്യങ്ങളിലും ഈയിടെയായി വലിയ മതിപ്പായിരുന്നു. രാജ്യാന്തര നിലവാരത്തിലുള്ള സ്കൂളുകൾ സർക്കാർ പുനർനിർമ്മിച്ചതോടെയായിരുന്നു അത്.
എന്നാൽ സ്കൂളുകൾ നിർമ്മിക്കാൻ കാണിച്ച താൽപര്യവും ജാഗ്രതയും പരീക്ഷ നടപ്പിൽ കാണിക്കുന്നില്ലെന്നതാണ് ഇപ്പോൾ ചോദ്യപേപ്പർ ചേർന്നതിലൂടെ വ്യക്തമാവുന്നത്.
പതിവ് പോലെ എല്ലാ വര്‍ഷവും ചോദ്യപേപ്പറുകൾ കേരളത്തിൽ ചേരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വന്നെത്തി. അര്‍ധവാര്‍ഷിക പരീക്ഷക്കുള്ള പത്താം ക്ലാസ്സ് ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും ചോദ്യങ്ങളാണ് ഇപ്പോൾ ചോര്‍ന്നത്.
പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പറിന്റെ മാതൃക ഒരു സ്വകാര്യ യൂട്യൂബ് ചാനലിലൂടെ പുറത്തു വന്നതോടെയാണ് ചോര്‍ത്തിയ കാര്യം പുറംലോകമറിയുന്നത്.
ചോദ്യത്തിന്റെ ക്രമം പോലും തെറ്റാതെയാണ് ചാനലില്‍ ഇത് വന്നത്. പത്താം ക്ലാസ്സ് പരീക്ഷയുടെ ചോദ്യങ്ങളില്‍ 70 ശതമാനത്തിലേറെയും ചാനല്‍ പുറത്തുവിട്ട ചോദ്യങ്ങളിലുണ്ട്.
ഫോണിലൂടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും വിദ്യാര്‍ഥികള്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെയാണ് ചോര്‍ച്ച അധ്യാപകരുടെയും പിന്നെ വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രദ്ധയില്‍ പെട്ടത്.
കഴിഞ്ഞ വര്‍ഷം ഓണപ്പരീക്ഷാ വേളയില്‍ പത്താം ക്ലാസ്സ് ചോദ്യങ്ങള്‍ ചോര്‍ന്നിരുന്നു.
2017ല്‍ എസ് എസ് എല്‍ സി പരീക്ഷക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലിലെ ഒരു അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപേപ്പര്‍ അതേപടി മലപ്പുറത്തെ ഒരു ട്യൂഷന്‍ സെന്ററിനു ലഭിച്ചത് വലിയ വാർത്തയായിരുന്നു.
2016ല്‍ എസ് എസ് എല്‍ സി ഐ ടി പരീക്ഷാ പേപ്പറും ചോര്‍ന്നു. 2005ലെ എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നു.
പല ഘട്ടങ്ങളിലായും പലതലത്തിലും ആയിട്ടാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത് എന്നതുകൊണ്ട് തന്നെ അവ എവിടെ നിന്ന് ചോർന്നു എന്ന് കണ്ടെത്താൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്.
എത്ര കാര്യക്ഷമമായി അന്വേഷിച്ചാലും കുറ്റവാളികളെ കണ്ടെത്തുക ബുദ്ധിമുട്ടാണ് എന്നതുകൊണ്ട് തന്നെയാണ് ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കുന്നതിന് പിന്നിലും.
പേപ്പര്‍ തയ്യാറാക്കുന്നതു മുതല്‍ അച്ചടിശാല, ചോദ്യങ്ങള്‍ എത്തുന്ന സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ചോര്‍ച്ചക്ക് സാധ്യതയുണ്ട്.
ചോദ്യപേപ്പറുകൾ നിരന്തരം ചോരുന്നതിന് പിന്നിൽ വിദ്യാഭ്യാസ വകുപ്പിന് പിന്നിലെ ഉദ്യോഗസ്ഥരും അധ്യാപകരുടെ ഒരു ലോബിയും പ്രവർത്തിക്കുന്നതായി പലപ്പോഴായി കണ്ടെത്തിയിരുന്നു.
എന്നാൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് സർക്കാർ തയ്യാറായില്ല. അതാണ് ചോദ്യപേപ്പർ ചോർച്ച നിരന്തരം സംഭവിക്കാനും ഇടയാക്കുന്നത്.
ഉദ്യോഗതലത്തിലെ കുറ്റവാളികള്‍ക്ക് പരമാവധി ലഭിക്കുന്ന ശിക്ഷ സസ്‌പെന്‍ഷനാണ്. ദിവസങ്ങള്‍ക്കുള്ളില്‍ അവരെ തിരച്ചെടുക്കുകയും ചെയ്യും.
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ട്യൂഷനെടുക്കുന്ന സര്‍ക്കാര്‍ അധ്യാപകരുടെ പങ്കും ചോർച്ചയ്ക്ക് പിന്നിലുണ്ട് എന്ന സംശയവും നിലവിലുണ്ട്.
സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതില്‍ അധ്യാപകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല. അതു കൊണ്ട് തന്നെയാണ് സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയതും.
2005ലെ ചോര്‍ച്ചയില്‍ മാത്രമാണ് പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ലഭ്യമായത്. അന്വേഷണം സി ബി ഐ ഏറ്റെടുത്തതിനെ തുടര്‍ന്നായിരുന്നു അത്.
ചോദ്യപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്കും പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികളും മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കണം.
ചോദ്യപേപ്പര്‍ തയ്യാറാക്കല്‍, വിതരണം എന്നീ പ്രക്രിയകളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടു എന്ന അവകാശവാദം സർക്കാറിന് ഉന്നയിക്കാൻ പറ്റുകയുള്ളൂ.