കൊച്ചി: ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ കൊച്ചിയിൽ ആഗോള ഐടി സിറ്റി കെട്ടിപ്പെടുക്കുകയെന്ന സ്വപ്നം. അതായിരുന്നു കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി. 2004 മുതൽ രണ്ടു പതിറ്റാണ്ടായി കേരളത്തിലെ യുവസമൂഹം മോഹിച്ച സ്വപ്നം. എന്നാൽ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ കേരളം മുന്നോട്ട് വെച്ച കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി വെറും റിയൽ എസ്റ്റേറ്റ് കച്ചവടം മാത്രമായി മാറിയോ എന്നതാണ് ഇപ്പോൾ ഉയരുന്ന സംശയം.
കൊച്ചി കാക്കനാട്ടെ കണ്ണായ സ്ഥലത്തെ 246 ഏക്കർ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീകോം കമ്പനിക്ക് 2011 ഇടതു സർക്കാർ കുത്തക പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സർക്കാരിന് സംയുക്ത സംരംഭത്തിൽ 16 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണ് ലഭിച്ചത്.
അവിടെ തുടങ്ങുന്നുണ്ട് കള്ളക്കളികൾ. 2011-ൽ സ്മാർട്ട്സിറ്റി സംയുക്ത കമ്പനി പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളുടെ അഞ്ചു ശതമാനം പോലും നടപ്പായിട്ടില്ല. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒമ്പതിനായിരം പേർക്കു മാത്രമാണ് സ്ഥിരമായോ ഭാഗികമായോ തൊഴിൽ ലഭിച്ചിട്ടുള്ളത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഒരോ ഘട്ടത്തിലും വിവാദങ്ങളും ഉയർന്നു വന്നിരുന്നു. കാക്കനാട്ടെ സർക്കാരിന്റെ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റിയുടെ ഭാഗമാക്കാനുള്ളതായിരുന്നു അതിൽ ആദ്യ തീരുമാനം ഇത് വിവാദമായതോടെ സർക്കാർ പിൻവാങ്ങി.
എന്നാൽ പക്ഷെ സ്മാർട്ട് സിറ്റി പദ്ധതിയുടെ മറവിൽ ഇൻഫോ പാർക്കിൻ്റെ വികസനം സർക്കാർ അട്ടിമറിച്ചു എന്ന ആക്ഷേപവും ഒരു ഘട്ടത്തിൽ ഉയർന്നിരുന്നു. അത് ഏതാണ്ട് ശരിയുമായിരുന്നു. കാരണം തിരുവനന്തപുരത്തെ ടെക്നോപാർക്ക് രണ്ടു പതിറ്റാണ്ടിനുള്ളിൽ ഘട്ടം ഘട്ടമായി വികസിച്ചു എങ്കിലും ഇൻഫോ പാർക്കിൽ കാര്യമായ ഒരു വികസന പദ്ധതികളും സർക്കാർ നടപ്പാക്കിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
കേരള സർക്കാരിന് 16 ശതമാനം മാത്രം ഓഹരി പങ്കാളിത്തമുള്ള സ്മാർട്ട് സിറ്റി ഭരണ സമിതിയിൽ വേണ്ടത്ര നിയന്ത്രണാധികാരവും ഉണ്ടായിരുന്നില്ല. ടീകോം കമ്പനിയുടെയും മാതൃകമ്പനിയായ ദുബായ് ഹോൾഡിംഗ്സിന്റെയും ഉടമസ്ഥതയിലും നേതൃത്വത്തിലും കാര്യങ്ങൾ ഇഴഞ്ഞു നീങ്ങിയപ്പോൾ സർക്കാറിന് കാഴ്ചക്കാരനായി നിൽക്കേണ്ടി വന്നതും അതു കൊണ്ട് തന്നെയാണ്.
ഇതെല്ലാം ഒരു റിയൽ എസ്റ്റേറ്റ് തന്ത്രമായിരുന്നോ എന്നതാണ് ഇനി അറിയേണ്ടത്. 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിയ്ക്ക് ഭീമമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ സർക്കാർ നൽകിയ ഭൂമി ഇനി തിരിച്ചെടുക്കാനാവൂ. എന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. ഇതിനായി വലിയൊരു നിയമ യുദ്ധം തന്നെ വേണ്ടി വരികയും ചെയ്യും.
ഒടുവിൽ 246 ഏക്കർ സ്ഥലത്ത് കാടു പിടിച്ചു കിടന്ന് സ്മാർട്ട് സിറ്റി എന്ന സ്വപ്ന പദ്ധതി മലയാളികളുടെ സ്വപ്നമായി അവശേഷിക്കുകയും ചെയ്യും.
-എഡിറ്റര്‍