/sathyam/media/media_files/nqctZL0hymXun4PzTonw.jpg)
കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കോലഞ്ചേരി കടയിരിപ്പു ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തിയ ഒരു സാധാരണ പ്രസംഗമാണ് ചിലര്‍ വര്‍ഗീയാരോപണങ്ങള്‍ ഉന്നയിച്ചു വിവാദമാക്കിയിരിക്കുന്നത്. ഷംസീര്‍ നടത്തിയ പ്രസംഗം ഇങ്ങനെ:
"ഇന്നു പാഠപുസ്തകങ്ങളില്‍ ശാസ്ത്രത്തിനു പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്തൊക്കെയാണവര്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ? വിമാനം കണ്ടുപിടിച്ചതാര് എന്ന ചോദ്യത്തിന് ഉത്തരം എന്‍റെ കാലത്ത് റൈറ്റ് ബ്രദേഴ്സ് എന്നാണ്. പുരാതന കാലത്തേ വിമാനമുണ്ടെന്നും ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണെന്നും ഇപ്പോള്‍ പറയുന്നു."
"ശാസ്ത്ര-സാങ്കേതിക രംഗം വികസിക്കുമ്പോള്‍ സയന്‍സിന്‍റെ സ്ഥാനത്ത് മിത്തുകളെ അവതരിപ്പിക്കുന്നു. അതിന്‍റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരാണെന്ന ചോദ്യത്തിന് റൈറ്റ് സഹോദരന്മാര്‍ എന്നെഴുതിയാല്‍ തെറ്റാകുന്നതും പുഷ്പകവിമാനം ശരിയാകുന്നതും.
കല്യാണം കഴിച്ചാല്‍ കുട്ടികളുണ്ടാവാത്തവര്‍ ഐവിഎഫ് ട്രീറ്റ്മെന്‍റിനു പോകാറുണ്ട്. ഐവിഎഫ് ട്രീറ്റ്മെന്‍റ് പണ്ടേ ഉണ്ടെന്നും അങ്ങനെയാണു കൗരവര്‍ ഉണ്ടായതെന്നും പറയുന്നു. പ്ലാസ്റ്റിക് സര്‍ജറി മെഡിക്കല്‍ സയന്‍സിലെ പുതിയ കണ്ടുപിടിത്തമാണ്. പ്ലാസ്റ്റിക് സര്‍ജറിയും പുരാണ കാലത്തു തന്നെ ഉണ്ടായിരുന്നതാണെന്നും മനുഷ്യന്‍റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതി ഇതിന്‍റെ ഉദാഹരണമാണെന്നും പറയുന്നു."
യുവമോര്‍ച്ച നേതാവ് ഈ വരികളില്‍ നിന്നാണ് ഒരു വിവാദം ചികഞ്ഞെടുത്തത്. അതും ഹിന്ദുദൈവമായ ഗണപതിയെ ആക്ഷേപിച്ചുവെന്നു പറഞ്ഞ്. എവിടെയാണ് ഇപ്പറയുന്ന ആക്ഷേപമെന്നോ എന്താണ് ആ ആക്ഷേപമെന്നോ പറയാന്‍ ആ നേതാവിനോ ആരോപണമുന്നയിക്കുന്ന ആര്‍ക്കുമോ പറയാനാകുന്നുമില്ല.
പ്ലാസ്റ്റിക് സര്‍ജറി വഴിയാണ് ഗണപതിയുടെ രൂപം അങ്ങനെയായതെന്നും ആദ്യത്തെ വിമാനം പുഷ്പക വിമാനമാണെന്നുമൊക്കെ പറഞ്ഞത് സംഘപരിവാര്‍ നേതാക്കള്‍ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നതും ഓര്‍ക്കണം.
അങ്ങനെ പറയുന്നതു ശാസ്ത്ര തത്വങ്ങളെ നിരാകരിക്കലാണ് എന്ന ചിന്ത അവതരിപ്പിക്കുക മാത്രമാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ചെയ്തത്. അതും ഒരു ഹയര്‍ സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥികളോടു നടത്തിയ പ്രസംഗത്തില്‍. എറണാകുളം ജില്ലയിലെ കടയിരിപ്പു സര്‍ക്കാര്‍ സ്കൂള്‍ വളരെ പ്രമുഖമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.
1949 -ല്‍ ആരംഭിച്ച ആ സ്കൂളിന് വലിയൊരു പാരമ്പര്യവും ചരിത്രവുമുണ്ട്. ഒരു സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ അതിഥിയായി എത്തുമ്പോള്‍ കേരള നിയമസഭാധ്യക്ഷനായ ഷംസീറിനെ പോലെയൊരു രാഷ്ട്രീയ നേതാവ് ചെയ്യേണ്ടുന്ന സ്വാഭാവികമായ പ്രസംഗം മാത്രമാണത്. ശാസ്ത്രീയ കാഴ്ചപ്പാടിനെക്കുറിച്ചും ശാസ്ത്രീയ നിലപാടിനെക്കുറിച്ചുമല്ലേ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് വിദ്യാര്‍ത്ഥികളോടു സംസാരിക്കേണ്ടത് ?
ശാസ്ത്രത്തിനും ശാസ്ത്രീയ കാഴ്ചപ്പാടിനും സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും വലിയ പ്രാധാന്യം നല്‍കിയ നേതാവ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്നെയാണ്. ആദ്യ വര്‍ഷങ്ങളില്‍ രാജ്യം കടുത്ത ദാരിദ്ര്യത്തിലായിരുന്നുവെങ്കിലും വലിയ ഗവേഷണ കേന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ഐഐടി, ഐഐഎം, ഐന്‍ഐഡി എന്നിങ്ങനെയുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹം പടുത്തുയര്‍ത്തി.
ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ എന്നിങ്ങനെ ധാരാളം ഗവേഷണ കേന്ദ്രങ്ങളും അദ്ദേഹം മുന്‍കൈ എടുത്തു സ്ഥാപിച്ചു. 'സയന്‍റിഫിക് ടെമ്പര്‍' എന്ന പ്രയോഗം അടിസ്ഥാനമാക്കി സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ അദ്ദേഹം യുവ തലമുറയെ ആഹ്വാനം ചെയ്തു. ക്ഷേത്രങ്ങളോ പ്രതിമകളോ ആരാധനാലയങ്ങളോ സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നെഹ്റു ഒരിക്കലും തയ്യാറായില്ല.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കൂടി വിവാദത്തില്‍ കക്ഷിചേര്‍ന്നതോടെ കാര്യങ്ങള്‍ ഒരു രാഷ്ട്രീയ വിവാദത്തിലേയ്ക്കു വളരുകയാണ്. ഏറ്റവുമൊടുവില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും ഷംസീര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നു.
സുകുമാരന്‍ നായരുടെ ആഹ്വാനപ്രകാരം കേരളത്തിലെങ്ങും എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തുകയും ചെയ്തു. ശബരിമലയിലെ സ്ത്രീപ്രവേശം വിവാദമായപ്പോള്‍ എന്‍എസ്എസ് ആഹ്വാനം ചെയ്തതനുസരിച്ചു നടന്ന നാമജപ ഘോഷയാത്ര വലിയ ജനമുന്നേറ്റമായി മാറിയിരുന്നതും ഓര്‍ക്കേണ്ടതാണ്.
എന്‍എസ്എസ് ഒരു സമരമുഖം തുറന്നതുകണ്ട് ആവേശം കൊണ്ടാണ് അന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റായിരുന്ന പി.എസ് ശ്രീധരന്‍പിള്ള ശബരിമല സ്ത്രീപ്രവേശന വിവാദത്തില്‍ ഒരു വലിയ സാധ്യത മുന്നില്‍ കണ്ട് ഇറങ്ങിത്തിരിച്ചത്. പക്ഷെ ആ നീക്കത്തിന്‍റെ ഗുണം മുഴുവന്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത് കോണ്‍ഗ്രസിനും.
സ്പീക്കര്‍ ഷംസീറിന്‍റെ പ്രസംഗം വിവാദമാക്കാന്‍ യുവമോര്‍ച്ച മുന്നിട്ടിറങ്ങിയത് അതില്‍ ഷംസീര്‍ എന്ന പേര് ഉയര്‍ത്തിപ്പിടിച്ചുതന്നെയാണ്. കേന്ദ്രമന്ത്രി വി. മുരളീധരനും അതേ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രസ്താവന നടത്തിയത്.
പക്ഷെ ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ച മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുന്ന ഒരു നടപടിയിലേയ്ക്ക് എന്‍എസ്എസ് ഒരിക്കലും പോവില്ലെന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വളരെ ശക്തമായൊരു നിലപാടിലേക്കു നീങ്ങുമ്പോള്‍ കാര്യങ്ങള്‍ മറ്റൊരു ഘട്ടത്തിലേയ്ക്കു കടക്കുകയാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ആവേശത്തോടെ മുന്നേറിയാല്‍ മുസ്ലിം ലീഗ് എന്തു നിലപാടെടുക്കും ?
ഗണപതിയെച്ചൊല്ലി കേരള രാഷ്ട്രീയത്തില്‍ ഓര്‍ക്കാപ്പുറത്ത് വിവാദം കത്തിപ്പടരാന്‍ തുടങ്ങിയിരിക്കുന്നു.