Advertisment

സാക്ഷാല്‍ കെ. കരുണാകരനെ മുള്‍മുനയില്‍ നിര്‍ത്തുകയും അവസാനം മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് അദ്ദേഹത്തെ താഴെയിറക്കി ആ സ്ഥാനം കൈയ്ക്കലാക്കുകയും ചെയ്ത ആന്റണി പക്ഷം ഇന്നു ശിഥിലമായിക്കൊണ്ടിരിക്കുകയാണ്, ആന്റണി പക്ഷത്തിന് എന്തെങ്കിലും പുതുജീവന്‍ കിട്ടുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് സഹിക്കാനാവില്ല, ഷൗക്കത്തിനോടുള്ള കര്‍ശനമായ നിലപാടിന്റെ പിന്നാമ്പുറ രാഷ്ട്രീയം ഇതുതന്നെ, ഷൗക്കത്തിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ത്തന്നെയുണ്ട്: മുഖപ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്

New Update
aryadan

കേരളത്തിലെ പ്രഗത്ഭരായ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ആര്യാടന്‍ ഷൗക്കത്ത്. ഒരു നീണ്ട കാലഘട്ടം കോണ്‍ഗ്രസിന്റെ നെടുംതൂണുകളിലൊരാളായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തില്‍ ഷൗക്കത്തിനു പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ല തന്നെ.

Advertisment

മലപ്പുറം ജില്ലയിലും മലബാറിലും കോണ്‍ഗ്രസിനെ എക്കാലത്തും കൊണ്ടുനടന്ന സമര്‍ത്ഥനായ നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. ആന്റണി പക്ഷത്തെ എ.കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്നില്‍ നിന്നു പ്രവര്‍ത്തിച്ച കുശാഗ്രബുദ്ധി. നിയമസഭയ്ക്കുള്ളിലും കോണ്‍ഗ്രസിനുള്ളിലും എപ്പോഴും തീപ്പൊരി ചിതറിച്ചു മുന്നേറിയ പ്രഗത്ഭനായ നേതാവ്.

മലപ്പുറത്തെയും മലബാറിലെയും അതിശക്തമായ മുസ്ലിം രാഷ്ട്രീയത്തിന്റെ മണ്ണില്‍ അബ്ദു റഹ്‌മാനെപ്പോലെ, മൊയ്തു മൗലവിയെപ്പോലെ ഒരു പൂര്‍ണ ദേശീയ മുസല്‍മാനായി എക്കാലവും തല ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടു നീങ്ങിയ ആര്യാടന്‍ മുഹമ്മദ് ദശകങ്ങള്‍ കൊണ്ടു പടുത്തുയര്‍ത്തിയ ഒരു മാതൃകയും ചരിത്രവും പൈതൃകവുമുണ്ട്. ആര്യാടന്‍ എന്ന പേരില്‍ അതെല്ലാം അടങ്ങിയിരിക്കുന്നു. ആ പേര് ഇപ്പോള്‍ മകനു സ്വന്തം. ആര്യാടന്‍ ഷൗക്കത്ത് എന്ന മകന്‍.

ആന്റണി പക്ഷത്തു തന്നെ ഉറച്ചു നില്‍ക്കുന്ന നേതാവാണ് ഷൗക്കത്ത്. രണ്ടു തവണ നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും ആ പഞ്ചായത്ത് മുന്‍സിപ്പാലിറ്റിയായി ഉയര്‍ന്നപ്പോള്‍ അതിന്റെ ചെയര്‍മാനുമായി ഭരണം നിര്‍വ്വഹിച്ച ഷൗക്കത്തിന് പക്ഷെ നിലമ്പൂര്‍ സീറ്റ് പിടിച്ചെടുക്കാനായില്ല. ഇടതുപക്ഷം 2016 -ല്‍ പരീക്ഷണാര്‍ത്ഥം ബിസിനസ് കാരനായ പി.വി അന്‍വറിനെ അവതരിപ്പിച്ചപ്പോള്‍ ഷൗക്കത്ത് അടിപതറിപ്പോയി. ആര്യാടന്‍ മുഹമ്മദ് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സ്വന്തം മണ്ഡലം ഇടതുപക്ഷത്തേക്കു ചരിയുന്നതും മകന്‍ ആര്യാടന്‍ മുട്ടുമടക്കുന്നതും കണ്ടു.

പക്ഷെ ഷൗക്കത്തിനെ അങ്ങനെയങ്ങു തോല്‍പ്പിക്കാനാകുമോ ? പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്നിങ്ങനെ പ്രാദേശിക ഭരണത്തിനു നേതൃത്വം കൊടുത്ത ഷൗക്കത്ത് നിലമ്പൂരില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ചില്ലറയല്ല. മാനവേദന്‍ സര്‍ക്കാര്‍ സ്‌കൂള്‍ നന്നാക്കിയും ആദിവാസി കുട്ടികളെ സ്‌കൂളിലേയ്ക്ക് ആകര്‍ഷിക്കാന്‍ നവീന പരിപാടികള്‍ ആവിഷ്‌കരിച്ചും ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍ കൊണ്ടുവന്നും ഭരണം ഉഷാറാക്കി അദ്ദേഹം.

പക്ഷേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പലര്‍ക്കും ഇതൊന്നും ഇഷ്ടപ്പെട്ടില്ല. ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തിനു ശേഷം ഷൗക്കത്തിന്റെ വളര്‍ച്ചയ്ക്കു കൂച്ചുവിലങ്ങിടാന്‍ അവര്‍ കുരുക്കുകളുണ്ടാക്കി. അതിന് നേതൃത്വത്തിന്റെ പല തലങ്ങളിലും ബന്ധങ്ങള്‍ ഉണ്ടായി.

aryadan shoukath k sudhakaran-2

ആന്റണി പക്ഷത്തിന്റെ തുടക്കം മുതല്‍ അതിന്റെ എല്ലാമെല്ലാമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഷൗക്കത്തിനു മേലുള്ള കുരുക്കുകള്‍ വീണ്ടും മുറുകാന്‍ തുടങ്ങി. ഏറ്റവുമൊടുവിലിതാ പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചതിന് അന്വേഷണവും. ആര്യാടന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം. കടുത്ത മഴയിലും ആയിരക്കണക്കിന് ആളുകള്‍ ആവേശത്തോടെ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത് കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും ഇഷ്ടപ്പെട്ടില്ല.

സംസ്ഥാനത്ത് രണ്ടാമതും ഭരണം നഷ്ടപ്പെട്ടതോടെ ദുര്‍ബലമായ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ നോക്കുമ്പോഴാണ് ഷൗക്കത്ത് വന്‍ പ്രകടനം സംഘടിപ്പിച്ചത്. സ്വാഭാവികമായും ഇത് അവരെ രോഷം കൊള്ളിച്ചു. ആന്റണി പക്ഷം ഷൗക്കത്തിന്റെ നേതൃത്വത്തില്‍ പുതിയ വളര്‍ച്ച നേടുമോ എന്നും അവര്‍ ശങ്കിച്ചു.

സാക്ഷാല്‍ കെ. കരുണാകരനെ മുള്‍മുനയില്‍ നിര്‍ത്തുകയും അവസാനം മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് അദ്ദേഹത്തെ താഴെയിറക്കി ആ സ്ഥാനം കൈയ്ക്കലാക്കുകയും ചെയ്ത ആന്റണി പക്ഷം ഇന്നു ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. ആന്റണി പക്ഷത്തിന് എന്തെങ്കിലും പുതുജീവന്‍ കിട്ടുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് സഹിക്കാനാവില്ല. ഷൗക്കത്തിനോടുള്ള കര്‍ശനമായ നിലപാടിന്റെ പിന്നാമ്പുറ രാഷ്ട്രീയം ഇതുതന്നെ.

ആര്യാടന്‍ ഷൗക്കത്ത് ഒറ്റയ്ക്കു തുനിഞ്ഞിറങ്ങിയാല്‍ ഇങ്ങനെ പതിനായിരങ്ങളെ സംഘടിപ്പിച്ചു തെരുവിലിറക്കാന്‍ കഴിയുമെന്നു കണ്ടതാണ് നേതൃത്വത്തില്‍ പെട്ടെന്ന് അങ്കലാപ്പുണ്ടാക്കിയിരിക്കുന്നത്. പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം എന്നതിനേക്കാള്‍ ഷൗക്കത്തിന്റെ ഒരു ശക്തിപ്രകടനമായാണ് ഈ റാലിയെ നേതൃത്വം കണ്ടത്. ഷൗക്കത്തിനെ നിലയ്ക്കു നിര്‍ത്താന്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിക്കു മുന്നില്‍ ഹാജരാകാന്‍ കല്‍പ്പിക്കുകയും ചെയ്തു.

ഇനിയെന്ത് എന്നതാണ് അടുത്ത ചോദ്യം. എന്തായിരിക്കും അച്ചടക്ക സമിതിയുടെ തീരുമാനം ? ഷൗക്കത്തിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ത്തന്നെയുണ്ട് എന്നത് എല്ലാവര്‍ക്കുമറിയാവുന്ന സത്യം. നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്ന് ഷൗക്കത്തും പറയുന്നു.

Advertisment