Advertisment

ഇത്രയും നാള്‍ 'അച്ഛാ ദിന്‍' ചിലര്‍ക്ക് മാത്രമായിരുന്നെങ്കില്‍ ഇനി 'അച്ഛാ ദിന്‍' രാജ്യത്തെ സാധാരണക്കാര്‍ക്കും കൈവരികയാണ്. ബജറ്റിലെ 'നിര്‍മല ഇഫക്ട്' കാലോചിതവും വിപ്ലവകരവുമാണ്. രാജ്യത്തെ നയിക്കുന്നവര്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പറയേണ്ടി വരും. കൊടുക്കാം, മോദിക്കും നിര്‍മ്മലയ്ക്കും ഒരു കൈയ്യടി - മുഖപ്രസംഗം

2025ലെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ തന്നെ ഏറ്റവും അധികം ചര്‍ച്ച ചെയ്തത് ആദയനികുതി പരിഷ്‌ക്കാരത്തെ കുറിച്ചായിരുന്നു. 

author-image
എഡിറ്റര്‍
New Update
nirmala sitaraman budjet 2025

ഡെല്‍ഹി : മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, ഉപഭോഗം കുറയല്‍, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ വലിയ വെല്ലുവിളികള്‍ക്കിടെയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ  എട്ടാം ബജറ്റ് അവതരിപ്പിച്ചത്. 2025ലെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ തന്നെ ഏറ്റവും അധികം ചര്‍ച്ച ചെയ്തത് ആദയനികുതി പരിഷ്‌ക്കാരത്തെ കുറിച്ചായിരുന്നു. 

Advertisment

സമീപ വര്‍ഷങ്ങളിലായി ആദായ നികുതിയില്‍ കാര്യക്ഷമമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടെങ്കിലും പരിഷ്‌കാരങ്ങള്‍ കാലോചിതമാകുന്നില്ലെന്ന ആക്ഷേപമായിരുന്നു ഏറെയും. 


വരുമാന നഷ്ടത്തിന്റെ പരിധി മുന്‍കൂട്ടികണ്ട് ഇളവുകള്‍ പ്രഖ്യാപിക്കുന്ന രീതിയാണ് നിലവില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വന്നിരുന്നത്. വര്‍ഷംതോറും ഓരോ ബജറ്റിലും ചെറിയതോതിലുള്ള ആനുകൂല്യ വര്‍ധനമാത്രമായിരുന്നു ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. പണപ്പെരുപ്പ തോതിന് ആനുപാതികമായി യുക്തിസഹമായി നികുതി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയാണ് വിദഗ്ധര്‍ മുന്നോട്ടുവെച്ചിരുന്നത്. 

താഴ്ന്ന, ഇടത്തരം വരുമാനക്കാരുടെ ചെലവഴിക്കല്‍ ശേഷിയും സമ്പാദ്യവും നിലവിലുള്ളതുപോലെ തുടരണമെങ്കില്‍ ഈ രീതി നടപ്പാക്കേണ്ടിയിരിക്കുന്നു - അവര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ഷിക പണപ്പെരുപ്പം കണക്കിലെടുത്ത് നികുതി സ്ലാബുകള്‍ ഓരോ വര്‍ഷവും പുതുക്കുന്ന രീതിയാണ് അഭികാമ്യമെന്നും വികസിത സമ്പദ്വ്യവസ്ഥകളില്‍ പലതും പിന്തുടരുന്നതും ഈ രീതിയാണ് എന്നും അവര്‍ വാദിച്ചു. 


ആ വാദഗതിയെ അംഗീകരിച്ചു ഈ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച നയം വലിയ കയ്യടിയാണ് നേടിയിരിക്കുന്നത്. ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം രാജ്യത്തെ ഇടത്തരം ജനങ്ങള്‍ക്ക് വലിയ സംതൃപ്തിയും സന്തോഷവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. 


ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യവര്‍ഗ കുടുംബത്തിന് മേലുള്ള നികുതി ബാധ്യത ഒഴിവാക്കുക, ആളുകളുടെ സേവിങ്സ് വര്‍ധിപ്പിക്കുക, ചെലവാക്കല്‍ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നികുതിയിളവ് പരിഷ്‌കരണമെന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. 


ശമ്പളമുള്ള വ്യക്തികള്‍ക്ക് മാത്രമല്ല, ബിസിനസുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ഈ പ്രഖ്യാപനം പിന്തുണ നല്‍കുന്നു. സാമ്പത്തിക ശാക്തീകരണത്തിന് ഇത് വഴിവെയ്ക്കുന്നു എന്ന് മാത്രമല്ല വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ്' ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയിരിക്കുന്നത്.


 പ്രധാനമന്ത്രി പ്രഖ്യാപിച്ച 'അച്ഛാ ദിന്‍' ഇനി രാജ്യത്ത് വരുന്നു എന്ന് വ്യക്തം. ഇതുവരെ നരേന്ദ്രമോദിയുടെ അച്ഛാദിന്‍ പ്രഖ്യാപനത്തെ  പരിഹസിച്ചവര്‍ എല്ലാം ഇനി മാറ്റി പറയേണ്ടിവരും എന്ന് ധനകാര്യ വിദഗ്ധരും വ്യക്തമാക്കി കഴിഞ്ഞു. 12 ലക്ഷം ശമ്പളമുള്ളവര്‍ക്ക് എണ്‍പതിനായിരം രൂപ ലാഭിക്കാം. 


ഇത് ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണം എത്തിക്കും. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തിയതും നല്ല കാര്യം തന്നെ. കാര്‍ഷികരംഗത്തെ തിരിച്ചുവരവും സര്‍വീസ് മേഖലയിലെ വളര്‍ച്ചയും സ്വകാര്യ ഉപഭോഗം വര്‍ധിക്കുന്നതും ഇന്ത്യക്ക് തുണയാകുമെന്ന് കരുതാം. 


അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ വലിയ നിക്ഷേപമുണ്ടാകുമെന്ന പ്രതീക്ഷയും രാജ്യത്തിന് ഗുണം ചെയ്യും. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത് എന്നും വികസനത്തിനാണ് മുന്‍തൂക്കമെന്നും പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത് തന്നെ. 


ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും വിദേശ നിക്ഷേപത്തിന് തുറന്നുകൊടുക്കുന്നതോടെ ഈ രംഗത്ത് മത്സരം കടുക്കുകയും ആളുകള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ പരിരക്ഷ ലഭിക്കയും ചെയ്യും. മാത്രമല്ല ക്ലെയിം ത്തുക റിലീസ് ചെയ്യുന്നതിനുള്ള ഇപ്പോഴത്തെ വലിപ്പിക്കലും അനാവശ്യ വ്യവസ്ഥകളുമൊക്കെ പിന്‍വലിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. അങ്ങനെ ബജറ്റ്  പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒരു പുതിയ കാഴ്ചപ്പാട് തന്നെയാണ് രാജ്യത്തിന് സമ്മാനിച്ചിരിക്കുന്നത്. ധനമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈയ്യടിക്കുകയാണ് ഞങ്ങളും.


- എഡിറ്റര്‍

 

Advertisment