Advertisment

സംസ്ഥാനത്തെ സ്കൂളുകളില്‍ 5 - 7 ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണെന്ന് കണ്ടെത്തിയിട്ടും അവര്‍ക്ക് ചികിത്സ നല്കാന്‍ നടപടികളില്ല. കോവിഡ് കാലം കുട്ടികളിലെ മനോനിലയെ തകിടം മറിച്ചു. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കുന്നു. ഇളംതലമുറയല്ല, അവരെ നയിക്കേണ്ട മുതിർന്ന തലമുറയാണ് വഴി തെറ്റിയിരിക്കുന്നത് - എഡിറ്റോറിയല്‍

ആരോടും കൂട്ടുകൂടാനില്ലാതെ വീട്ടിൽ മൊബൈൽ ഫോൺ വഴി പഠനത്തിനും വിനോദത്തിനും ഒരുപോലെ സമയം കണ്ടെത്തിയ കുട്ടികൾ ഇൻ്റർനെറ്റിലൂടെ പലതും അറിഞ്ഞു. ആ അറിവാണ് ഇന്നത്തെ പല സഹചര്യങ്ങൾക്കും വഴിയൊരുക്കിതും. 

author-image
എഡിറ്റര്‍
New Update
school going students

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

അഞ്ചു വയസുവരെ കുട്ടികളെ രാജാക്കൻമാരെ പോലെയും, പിന്നെ ഉള്ള പത്ത് വർഷം ദാസരെ പോലെയും പതിനാറ് വയസ്സിന് ശേഷം കാര്യപ്രാപ്തരോട് എന്നപോലെ മിത്ര ഭാവത്തിലും മക്കളെ വളർത്തുവാൻ സാധിക്കണം എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. 

Advertisment

എന്നാൽ ഇന്ന് നേരെ തിരിച്ചാണ് കാര്യങ്ങൾ. അതുകൊണ്ടുതന്നെയാണ് കുട്ടികളുടെ അക്രമവാസനകൾ കൊണ്ടുള്ള ചെയ്തികൾ വാർത്തയിൽ നിറയുന്നതും. 

കൗമാരപ്രായക്കാരും അതിനു താഴെ പ്രായമുള്ള കുട്ടികളും വളരെയേറെ അക്രമാസക്തരായതും പല തരത്തിലുള്ള ആസക്തിയുള്ളവരായതും എന്ന് മുതലാണ് എന്ന് ചിന്തിക്കുന്നവരുണ്ട്. 


ഒന്ന് പിറകിലേയ്ക്ക് ചിന്തിച്ചാൽ അവർക്ക് അതിനുള്ള ഉത്തരം ലഭിക്കും. കോവിഡ് മഹാമാരി കാരണം രണ്ടു വർഷക്കാലം കുട്ടികൾ ഒറ്റപ്പെട്ടു വീടിനുള്ളിൽ കഴിയേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യമാണ് കുട്ടികളിൽ അക്രമവാസനയും ആസക്തിയും കൂട്ടിയതായി വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. 


ആരോടും കൂട്ടുകൂടാനില്ലാതെ വീട്ടിൽ മൊബൈൽ ഫോൺ വഴി പഠനത്തിനും വിനോദത്തിനും ഒരുപോലെ സമയം കണ്ടെത്തിയ കുട്ടികൾ ഇൻ്റർനെറ്റിലൂടെ പലതും അറിഞ്ഞു. ആ അറിവാണ് ഇന്നത്തെ പല സഹചര്യങ്ങൾക്കും വഴിയൊരുക്കിതും. 

boy watching mobile phone

ജനസംഖ്യാ ശാസ്ത്രം പരിശോധിച്ചാൽ 1980 മുതൽ 1997 വരെയുള്ള കാലഘട്ടത്തിലെ കുട്ടികളെ മില്ലേനിയൽസ്' എന്നാണ് പറയുക. 1997ന് ശേഷം ജനിച്ച കുട്ടികളെ 'പോസ്റ്റ് മില്ലേനിയൽസ്' എന്നും പറയുന്നു. ഈ രണ്ട് കാലഘട്ടത്തിൽ ജനിച്ചു വളർന്ന കുട്ടികളെ താരതമ്യം ചെയ്യുകയാണെങ്കിൽ വളരെയേറെ വ്യത്യാസം കാണാൻ സാധിക്കും. 

മില്ലേനിയൽസ് കുട്ടികളിൽ വ്യക്തിത്വം, അച്ചടക്കം, സ്വഭാവ രൂപീകരണം എന്നിവ വളർത്താൻ അവരുടെ കുടുംബങ്ങൾ ഏറെ പ്രാധാന്യം നൽകിയിരുന്നു. അതുപോലെതന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടിയുള്ള കാര്യങ്ങളും ചെയ്തിരുന്നു. 


എന്നാൽ പോസ്റ്റ് മില്ലേനിയൽസിന്റെ കാര്യമെടുക്കുമ്പോൾ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മാത്രമാണ് പ്രാധാന്യം നൽകിയത്. ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് ജീവിത മൂല്യങ്ങൾ വളർത്തുന്നതിനുള്ള പ്രാധാന്യം ആരും നൽകിയില്ല. 


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എതെങ്കിലും തരത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 300 കുട്ടികളെ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ്, എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗം പഠനവിഷയമാക്കിയപ്പോൾ മാതാപിതാക്കളുടെ വേർപിരിയൽ കുട്ടികളിൽ അക്രമവാസന വളർത്തുന്നതായിട്ടാണ് തെളിഞ്ഞത്. 

angry boy

സംസ്ഥാനത്തെ ഓരോ സ്കൂളുകളിലും അഞ്ചു മുതൽ ഏഴു ശതമാനം വരെ കുട്ടികൾ കുറ്റവാസനയുള്ളവരാണ് എന്നും പഠനത്തിൽ തെളിത്തു. എന്നാൽ കൃത്യമായ സമയത്തു അവർക്ക് ചികിൽസകളും തെറാപ്പികളും നൽകാൻ കഴിയുന്നില്ലെന്നതാണ് കുട്ടികളുടെ സ്വഭാവപ്രശ്നങ്ങൾ ഇത്ര ഗുരുതരമാകാൻ കാരണം. 


പണ്ട് മാതാപിതാക്കന്മാർ മാത്രമായിരുന്നില്ല ഒരു കുട്ടിയുടെ രക്ഷിതാവ്. ബന്ധുക്കളും, വിടിന് ചുറ്റുമുള്ളവരും, കുട്ടി സഞ്ചരിക്കുന്ന വഴിയിൽ സ്ഥിരമായി കാണുന്നവരും, പിന്നെ സ്ക്കൂളിൽ അധ്യാപകരും അങ്ങനെ നീളുന്നു കുട്ടിയുടെ രക്ഷാകർത്താക്കളുടെ പട്ടിക. എന്നാൽ ഇന്ന് അങ്ങനെയാണോ കാര്യങ്ങൾ ?


സമൂഹത്തെ മാതൃകയാക്കി വളരേണ്ട കുട്ടികൾക്ക് മുന്നിൽ ഇന്നത്തെ സമൂഹം നൽകുന്നത് എന്താണ്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. 

angry boy-2

എന്തു പറഞ്ഞാലും സമ്മതിച്ചു കൊടുക്കുന്ന അല്ലെങ്കിൽ മേടിച്ചു കൊടുക്കുന്ന തെറ്റായ രക്ഷാകർതൃത്വം ആണ് നമുക്ക് ചുറ്റും ഇപ്പോൾ കാണുന്നത്. നോ' എന്ന് പറയേണ്ട സാഹചര്യത്തിൽ അത് പറയുകയും ആ ശീലം കുട്ടികളിൽ വളർത്തേണ്ടതും അനിവാര്യമാണ്. 

ഒപ്പം കുട്ടികൾക്ക് വേണ്ടത്ര സ്നേഹം നൽകുവാനും ഒപ്പം അവരിൽ ജീവിത മൂല്യബോധം വളർത്തുവാനും മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയണം.


ചൂരലെടുക്കേണ്ട സമയത്ത് ചൂരൽ പ്രയോഗം നടത്താൻ അവർക്ക് പൊതുസമൂഹം സമ്മതം നൽകണം. പണ്ട് മാതാപിതാക്കളെയായിരുന്നു കുട്ടികള്‍ക്ക് ഭയം. ഇപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ ഭയക്കേണ്ട കാലമാണ്. 


ഇളംതലമുറയല്ല വഴി തെറ്റുന്നത്. അവരെ നയിക്കേണ്ട മുതിർന്ന തലമുറ തന്നെയാണ് വഴി തെറ്റിയിരിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. തെറ്റിയ വഴിയിൽ നിന്നു തിരിച്ച് നേർവഴിയിലേക്ക് എത്താൻ വൈകിയാണ് എങ്കിലും മുതിർന്നവർ ശ്രമിക്കണം.

അവരവരുടെ ജീവിതത്തിൽ  വന്ന വ്യതിയാനങ്ങളെ  തിരിച്ചറിഞ്ഞ് അത് ശരിപ്പെടുത്താൻ മുതിർന്നവർക്ക് സാധിക്കണം. മുമ്പേ നടന്നുകൊണ്ട് മാതൃകാപരമായ ജീവിതം ഇളം തലമുറയ്ക്ക് വഴി കാണിച്ചു കൊടുക്കാൻ മുതിർന്നവർക്ക് പറ്റിയാൽ എല്ലാം ശരിയാകും.

- എഡിറ്റര്‍

Advertisment