മാധ്യമപ്രവര്‍ത്തനത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരേ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പോലീസ് നടത്തിയ നീക്കം ലോകമെങ്ങും അപലപിക്കപ്പെടുന്നു. വനതകളുള്‍പ്പെടെ 46 പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയാണ് ദല്‍ഹി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്തത്.
ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ഥയെയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും ഭീകരപ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചൈനയ്ക്കുവേണ്ടി പ്രചാരണം നടത്തിയെന്ന കുറ്റമാരോപിച്ചാണ് ഡല്‍ഹി പോലീസിന്‍റെ നടപടി. അമേരിക്കക്കാരനായ നിക്ഷേപകനുമായുള്ള സാമ്പത്തിക ഇടപാടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് ഡല്‍ഹി പോലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടപടി തുടങ്ങിയത്.
/sathyam/media/media_files/yBNqsKDmlzuC0A535OEa.jpg)
2020 ആഗസ്തിലായിരുന്നു ഇത്. പിന്നാലേ 2021 -ല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയുമായി മുന്നോട്ടു വന്നു. പ്രബീറിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഇ.ഡിയെ ഡല്‍ഹി ഹൈക്കോടതി വിലക്കുകയും ചെയ്തു. ഇ.ഡിയുടെ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ മുമ്പിലാണ്. അതിനിടയ്ക്കാണ് ഡല്‍ഹി പോലീസ് മറ്റൊരു കേസില്‍ പ്രബീറിനെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെയുള്ള നടപടികളാണ് ന്യൂസ് ക്ലിക്ക് നടത്തിവരുന്നതെന്നാണ് ഡല്‍ഹി പോലീസിന്‍റെ പ്രത്യേക വിഭാഗം ആരോപിക്കുന്നു.
കാശ്മീരും അരുണാചല്‍ പ്രദേശും തര്‍ക്ക പ്രദേശങ്ങളായി കാണിക്കുന്ന ഭൂപടം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു, കോവിഡ് നിയന്ത്രണ നടപടികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് നിയമവിരുദ്ധ നടപടികളായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.
സ്ഥാപനത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയെല്ലാം വീടുകളിലും ഓഫീസിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തി ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കുന്ന എന്തെങ്കിലും രേഖകള്‍ പിടിച്ചടുത്ത ലാപ്ടോപ്പുകളിലോ മൊബൈല്‍ ഫോണുകളിലോ ഉള്ളതായി പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണു ശ്രദ്ധേയം.
വടക്കന്‍ ഡല്‍ഹിയില്‍ ഈയിടെ പൊട്ടിപ്പുറപ്പെട്ട കലാപം, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന കാര്‍ഷിക സമരം, പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം തുടങ്ങിയവ റിപ്പോര്‍ട്ടു ചെയ്തതാണ് വലിയ അപരാധമായി പോലീസ് കണ്ടെത്തിയിരിക്കുന്നതെന്ന് ന്യൂസ് ക്ലിക്ക് പ്രവര്‍ത്തകര്‍ പറയുന്നു.
അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായാണു പ്രവര്‍ത്തിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. അത് മുഖവിലയ്ക്കെടുക്കാന്‍ കഴിയുന്ന കാര്യമല്ല. രാജ്യത്തെ ഏതു സംഭവവും സ്വന്തം കാഴ്ചപ്പാടില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഓരോ സംഭവത്തെയും വിമര്‍ശനാത്മകമായും ക്രിയാത്മകമായും വിലയിരുത്താനും മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. ഇതാണ് മാധ്യമ സ്വാതന്ത്ര്യം.
/sathyam/media/media_files/GfdsGm2xQWDYJ53uAUhN.jpg)
ലോകമെങ്ങും ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകം മാധ്യമ സ്വാതന്ത്ര്യം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരേ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ തിരിയുന്നത് തികച്ചും അപകടകരമാണ്.
സര്‍ക്കാരിനെ വിമര്‍ശിക്കുകയോ സര്‍ക്കാരിനെതിരെ നടത്തുന്ന ജനകീയ മുന്നേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ അന്വേഷണ ഏജന്‍സികള്‍ ഇടപെടുമെന്ന ഭീദിതമായ സന്ദേശം ഇന്ത്യയിലെ മുഴുവന്‍ മാധ്യമ ലോകത്തിനും നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ലോകമെങ്ങും നോക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ മാധ്യമ ലോകം നേരിടുന്ന ഭീഷണികളെ. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന്‍റെ തന്നെ ഗുരുവാകാന്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിനു തുരങ്കം വെയ്ക്കുന്ന നടപടികള്‍ അദ്ദേഹത്തിന്‍റെ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികള്‍ കൈക്കൊള്ളുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല തന്നെ.