/sathyam/media/media_files/2025/10/28/pinarai-vijayan-binoy-viswam-2-2025-10-28-18-34-32.jpg)
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു രാഷ്ട്രീയ തർക്കത്തിന് തിരികൊളുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ 'പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ' അഥവാ പി.എം. ശ്രീ. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന മുഖ്യമന്ത്രി നൽകുമ്പോൾ അത് ഇടതുപക്ഷത്തിനുള്ളിൽ വലിയ വിള്ളലാണ് തീർക്കുന്നത്.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ വിളിച്ച യോഗം തുടങ്ങിയപ്പോൾ തന്നെ നിർത്തി മുഖ്യമന്ത്രി ഇറങ്ങിപ്പോയത് മുന്നണിക്കുള്ളിൽ അനിഷ്ടം പുകയുന്നതിൻ്റെ സൂചനകളാണ്. നാളെ ചേരുന്ന മന്ത്രിസഭ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടു നിന്നാൽ അത് വിള്ളലിൻ്റെ ആഴം കൂട്ടിയേക്കും.
ഫണ്ട് നഷ്ടപ്പെടുമെന്ന 'ഭയം' മുൻനിർത്തി സി.പി.എം. നേതൃത്വത്തിലുള്ള സർക്കാർ കൈക്കൊണ്ട നിലപാടിൽ, കടുത്ത എതിർപ്പ് പ്രകടിപ്പിച്ച സി.പി.ഐയും, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സംഘടനകളും പദ്ധതിയെ എതിർക്കുന്നതോടെ, കേരളത്തിന്റെ വിദ്യാഭ്യാസ നയവും ഒരു വഴിത്തിരിവിലാണ്.
'പി.എം. ശ്രീ' പദ്ധതി ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം, സി.പി.ഐ, സമസ്ത ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂദായിക സംഘടനകൾ ശക്തമായി വാദിക്കുന്നു. വിദ്യാഭ്യാസം കാവിവത്കരിക്കാനുള്ള നീക്കമാണിതെന്നും, കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒളിച്ചുകടത്താനുള്ള തന്ത്രമാണിതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സ്കൂളുകളുടെ പേരിനൊപ്പം 'പി.എം. ശ്രീ' എന്ന് ചേർക്കേണ്ടിവരുമെന്ന വ്യവസ്ഥയും ആശങ്കയുണ്ടാക്കുന്നു. എന്നാൽ ഇതിനോടൊപ്പം സിപിഎം നയം എന്താണെന്ന് നേതാക്കൾ വ്യക്തമാക്കുന്നുമില്ല.
മുമ്പ് ഈ പദ്ധതിയെ ശക്തമായി എതിർത്ത സി.പി.എം. സർക്കാർ, നിലവിൽ ഏകദേശം 1500 കോടി രൂപയോളം വരുന്ന സമഗ്ര ശിക്ഷാ അഭിയാൻ (എസ്.എസ്.എ) ഉൾപ്പെടെയുള്ള കേന്ദ്ര ഫണ്ടുകൾ നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോഴാണ് മലക്കം മറിഞ്ഞത്.
പദ്ധതിയിൽ ചേരുന്നതിലൂടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾക്ക് മാറ്റം വരില്ലെന്നും, കേന്ദ്ര ഫണ്ട് വാങ്ങാതിരിക്കുന്നത് സംസ്ഥാനത്തെ വിദ്യാർഥികളോട് ചെയ്യുന്ന അനീതിയാകുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.
വിദ്യാഭ്യാസം പോലുള്ള സുപ്രധാന വിഷയത്തിൽ മുന്നണിക്കുള്ളിൽ പൊതുവായ ധാരണ ഉണ്ടാകാതിരുന്നത് ഭരണപരമായ പാളിച്ച തന്നെയാണ്. മുന്നണിയിൽ ഉടലെടുത്ത ഈ ഭിന്നത, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലും പൊതുജനമധ്യത്തിലും എൽ.ഡി.എഫിന്റെ ഐക്യത്തിന് മങ്ങലേൽപ്പിക്കാൻ സാധ്യതയുണ്ട്.
കേരളത്തിന്റെ മതേതര, പുരോഗമന വിദ്യാഭ്യാസ നയം സംരക്ഷിക്കപ്പെടേണ്ടത് ഭരണകൂടത്തിന്റെ പരമമായ ഉത്തരവാദിത്തമാണ്. ഫണ്ട് നിഷേധിക്കപ്പെടുമ്പോൾ നിയമപരമായ വഴികൾ തേടുകയോ, ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുകയോ ചെയ്യുന്നതിന് പകരം, നേരത്തെ എതിർത്ത ഒരു പദ്ധതിക്ക് ഒറ്റരാത്രികൊണ്ട് അനുമതി നൽകുന്നത് 'രാഷ്ട്രീയ നയം അടിയറവ് വെക്കലാണോ' എന്ന ചോദ്യത്തിനാണ് ഇനി സി.പി.എം. മറുപടി പറയേണ്ടത്.
നിലവിലെ സാഹചര്യത്തിൽ, 'പി.എം. ശ്രീ' പദ്ധതിയുടെ മറവിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ വിവാദപരമായ ഘടകങ്ങൾ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയില്ലെങ്കിൽ അത് വലിയ പ്രതിഷേധങ്ങൾക്കാവും വഴിയിടുക.
ദേ​ശീ​യ​ത​ല​ത്തി​ൽ യു.​എ.​പി.​എ അ​ട​ക്കം ഭീ​ക​ര നി​യ​മ​ങ്ങ​ൾ​ക്ക​തി​രെ ശ​ക്​​ത​മാ​യ നി​ല​പാ​ട്​​ സ്വീ​ക​രി​ച്ച സി.പിഎം പക്ഷെ പന്തീരാങ്കാവ് യു.എ പി.എ കേസിൽ മലക്കം മറിഞ്ഞത് മുമ്പ് വലിയ ചർച്ചയായിരുന്നു. അതിൻ്റെ തുടർച്ച ഇന്നും തുടരുന്നു എന്നത് പാർട്ടിയുടെ അപചയമായിട്ടു വേണം വിലയിരുത്താൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us