Advertisment

ഇതാണ് കേരളം. വിഷം ഉള്ളില്‍ കൊണ്ടുനടക്കാത്ത മനുഷ്യരുള്ള കേരളം. കളമശേരി സ്ഫോടനം; ആശങ്കയും ആശ്വാസവും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

ഇസ്രയേലിനെതിരെ പാലസ്തീന്‍ സംഘടന ഹമാസ് നടത്തിയ ഭീകരമായ മിന്നലാക്രമണവും അതിനു പ്രതികാരമായി ഇസ്രയേല്‍ ഗാസയ്ക്കുനേരെ അഴിച്ചുവിട്ട തുറന്ന യുദ്ധവും കേരളത്തിലും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് ഒരു പ്രാര്‍ഥനാ കൂട്ടത്തിനു നേരെ അക്രമണമുണ്ടായത്.

New Update
dominic martin-2

ഞായറാഴ്ച കാലത്ത് എറണാകുളം ജില്ലയിലെ കളമശേരിയില്‍ യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ ഉണ്ടായ സ്ഫോടനം കേരളത്തെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു. നിഷ്കളങ്കരും നിരായുധരുമായ ഒരു പ്രാര്‍ഥനാ കൂട്ടത്തിനു നേരേ നടന്ന ആക്രമണത്തിന് ഒരു വര്‍ഗീയ നിറം നല്‍കാനും ശ്രമമുണ്ടായി. ഒരു ജനക്കൂട്ടത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ആരെന്ന ചോദ്യവും അതുണ്ടാക്കിയ ആശങ്കയും വളരെ വലുതായിരുന്നു.

Advertisment

സ്ഫോടനം നടന്ന് ഏതാനും മണിക്കൂറിനുള്ളില്‍ത്തന്നെ മാര്‍ട്ടിന്‍ ഡൊമിനിക്ക് കൊടകര പോലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങി. എറണാകുളത്ത് തമ്മനത്തു കുടുംബമായി കഴിയുന്ന ഇയാള്‍ കണ്‍വെന്‍ഷന്‍ ഹാളിലെത്തിയത് സ്കൂട്ടറിലാണെന്നു പോലീസ് പറയുന്നു.


ഐഇഡി (ഇംപ്രൊവൈസ്‌ഡ്‌ എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചു നടത്തിയ സ്ഫോടനത്തിലെ പ്രധാനഭാഗമായ റിമോട്ട് കണ്‍ട്രോളിന്‍റെ ചിത്രം നേരത്തെ മൊബൈലില്‍ പകര്‍ത്തിയത് ഇയാള്‍ പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. മുമ്പ് യഹോവ സാക്ഷികളുടെ സമുദായത്തില്‍ അംഗങ്ങളായിരുന്നു മാര്‍ട്ടിനും കുടുംബാംഗങ്ങളും. ഈ സമൂഹത്തിന്‍റെ വിശ്വാസങ്ങളോട് എതിര്‍പ്പു തോന്നിയതുകൊണ്ട് കുടുംബം അപ്പാടേ ഇവരില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു.

എന്തായാലും പോലീസ് ഈ സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണ്. ഒരാള്‍ക്ക് പരസഹായമൊന്നുമില്ലാതെ ഇതുപോലൊരു സ്ഫോടനം നടത്താനാകുമോ എന്നതാണു പ്രധാന ചോദ്യം. ഇന്‍റര്‍നെറ്റില്‍ നിന്നാണ് സ്ഫോടക വസ്തു ഉണ്ടാക്കുന്ന വിധം പഠിച്ചതെന്നാണ് മാര്‍ട്ടിന്‍ പോലീസിനോടു പറഞ്ഞത്.

ഇസ്രയേലിനെതിരെ പാലസ്തീന്‍ സംഘടന ഹമാസ് നടത്തിയ ഭീകരമായ മിന്നലാക്രമണവും അതിനു പ്രതികാരമായി ഇസ്രയേല്‍ ഗാസയ്ക്കുനേരെ അഴിച്ചുവിട്ട തുറന്ന യുദ്ധവും കേരളത്തിലും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് ഒരു പ്രാര്‍ഥനാ കൂട്ടത്തിനു നേരെ അക്രമണമുണ്ടായത്.

യഹോവാ സാക്ഷികളെ ഇതില്‍ കക്ഷിയാക്കേണ്ട കാര്യമൊന്നുമില്ല എങ്കില്‍ പോലും പൊതുവായ സംശയം ആ നിലയ്ക്കാണു നീങ്ങിയത്. യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണാന്‍ ഇവരുടെ വിശ്വാസം തയ്യാറല്ല. യഹോവയായ ദൈവത്തിലാണ് ഇവരുടെ വിശ്വാസം.


കേരളത്തില്‍ അടുത്ത കാലത്തു മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മിലുണ്ടായ ആശയ സംഘട്ടനവും പശ്ചാത്തലത്തിലുണ്ട്. 27 ശതമാനം വരുന്ന മുസ്ലിം സമുദായവും 18 ശതമാനം വരുന്ന ക്രിസ്ത്യന്‍ സമുദായവും കേരളത്തിലെ രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങളാണ്. രാഷ്ട്രീയമായി ഈ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമുണ്ട്.


ഈ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കളമശേരി സ്ഫോടനത്തെപ്പറ്റി നിലവിട്ടു പ്രസ്താവന നടത്തിയത്. സ്ഫോടനത്തിനു പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിക്കുക തന്നെ ചെയ്തു. വിഷാംശം ഉള്ളിലുള്ളവര്‍ അതെപ്പോഴും ചീറ്റിക്കൊണ്ടേയിരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖരന്‍റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. 

രാജീവ് ചന്ദ്രശേഖരന്‍റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ധരിച്ചത് ഇങ്ങനെ: "ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാല്‍ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലജ്ജാകരമായ പ്രീണന രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണ് കളമശേരിയില്‍ ഉണ്ടായത്. കേരളത്തില്‍ തീവ്രവാദികളായ ഹമാസിന്‍റെ ജിഹാദിനു വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങള്‍ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്കു നേരേ അക്രമങ്ങളും ബോംബാക്രമണങ്ങളും നടത്തുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുകയാണ്."

കളമശേരിയില്‍ സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ ഈ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം 'മുസ്ലിം തീവ്രവാദികള്‍ക്കു' മേല്‍ ചുമത്തിക്കൊണ്ടു പ്രസ്താവനയിറക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികളും കേരള പോലീസും ഊര്‍ജിതമായി അന്വേഷണം തുടങ്ങുന്ന ഘട്ടത്തിലാണ് ഒരു കേന്ദ്രമന്ത്രി ഇത്തരം പ്രസ്താവന നടത്തിയതെന്നോര്‍ക്കണം.


കേരള സമൂഹമാകട്ടെ, അങ്ങേയറ്റം സമചിത്തതയോടെയാണ് ഈ സംഭവത്തെ കണ്ടത്. മാധ്യമങ്ങള്‍ നല്ല സംയമനത്തോടെ തന്നെയാണ് വിഷയം വിശദമായി റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യധാരാ ടെലിവിഷന്‍ ചാനലുകളിലൊന്നും ഒരു സംശയമോ ദുസൂചനയോ റിപ്പോര്‍ട്ടര്‍മാരും വാര്‍ത്താ അവതാരകരും നല്‍കിയില്ല.


സാമൂഹ്യ മാധ്യമങ്ങളിലും വഴിവിട്ട ഒരു സന്ദേശവും വന്നില്ല. ഈഹാപോഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് മുന്നറിയിപ്പു നല്‍കിയിലുന്നു. അന്വേഷണം നടക്കട്ടെ, ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം.

എങ്കിലും ഈ സ്ഫോടനത്തിനു പിന്നില്‍ ചില മുസ്ലിം തീവ്രവാദികളായിരിക്കുമെന്ന് ചിലര്‍ സംശയിച്ചു. അല്ല ആഗ്രഹിച്ചു. അവര്‍ കേരളത്തെ എങ്ങനെയും ഒതുക്കാനും തകര്‍ക്കാനും നോക്കുന്നവരാണ്. ഇതിനു പിന്നില്‍ ഒരു മുസ്ലിം പേരുണ്ടാവരുതേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവര്‍ അനേകം വരും.

അതെ. ഇതാണു കേരളം. വിഷം ഉള്ളില്‍ കൊണ്ടുനടക്കാത്ത മനുഷ്യരുള്ള കേരളം.

Advertisment