Advertisment

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖം, എന്നിട്ടും ബിജെപിയിലേക്ക് പോകാന്‍ തയ്യാറായ കമല്‍നാഥ്; അന്ന് കമല്‍നാഥിനെ പിന്തുണച്ച് ഹൈക്കമാന്‍ഡ് നഷ്ടപ്പെടുത്തിയത് ജ്യോതിരാദിത്യ സിന്ധ്യയെന്ന ഊര്‍ജ്ജസ്വലനായ നേതാവിനെ ! ഇന്ന് നേതാക്കള്‍ ഒരേപോലെ ചോദിക്കുന്നു 'കമല്‍നാഥിനെക്കൊണ്ട് ഇനി നമുക്കെന്ത് പ്രയോജനം' ?-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവായിരുന്നു കമല്‍നാഥ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പതിവു മുഖവും ശബ്ദവും. എപ്പോഴും സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും വലിയ അടുപ്പം പുലര്‍ത്തിയിരുന്ന കടുത്ത കോണ്‍ഗ്രസുകാരന്‍.

New Update
kamal nath

ബിജെപിയിലേയ്ക്കു ചേക്കേറാന്‍ എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു കമല്‍നാഥ്. ജീവിതകാലമത്രയും ധരിച്ചിരുന്ന ഖദര്‍ വസ്ത്രങ്ങള്‍ക്കു പകരം കാവി ഉടുപ്പുകളും ചേരുന്ന മറ്റു വസ്ത്രങ്ങളുമെല്ലാം വാങ്ങിവെച്ചു. ഡല്‍ഹിയിലെ വീടിനു മുകളില്‍ ജയ് ശ്രീറാം എന്ന് എഴുതിയ കാവിക്കൊടിയും നാട്ടിനിര്‍ത്തി. മകന്‍ നകുല്‍ നാഥിന് നല്ലൊരു ലാവണം കിട്ടുമെന്നും കമല്‍നാഥ് കണക്കാക്കിയിരുന്നു.

Advertisment

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മകന്‍ നകുല്‍ നാഥും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്ന വാര്‍ത്ത നാടെങ്ങും കാട്ടുതീ പോലെ പരന്നു. കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി എന്ന നിലയ്ക്കാണു മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അഭിപ്രായം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് കമല്‍നാഥ് വാര്‍ത്ത നിരാകരിക്കാനോ നിഷേധിക്കാനോ തയ്യാറായതുമില്ല. കമല്‍നാഥും മകനും ബിജെപിയില്‍ ചേരുന്നതും കാത്ത് മാധ്യമ പ്രവര്‍ത്തകര്‍ നോക്കിയിരുന്നു. 

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവായിരുന്നു കമല്‍നാഥ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പതിവു മുഖവും ശബ്ദവും. എപ്പോഴും സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും വലിയ അടുപ്പം പുലര്‍ത്തിയിരുന്ന കടുത്ത കോണ്‍ഗ്രസുകാരന്‍. ഏറ്റവും പ്രധാനമായി മധ്യപ്രദേശിനെ ബിജെപിയില്‍ നിന്നു രക്ഷിച്ച കോണ്‍ഗ്രസ് നേതാവ് എന്ന പെരുമയും.

കമല്‍നാഥിനെ പിന്തുണച്ചതുവഴി ഹൈക്കമാന്‍റിനു നഷ്ടപ്പെട്ടത് ജ്യോതിരാദിത്യ സിന്ധ്യ എന്ന ഊര്‍ജ്ജസ്വലനായ യുവനേതാവിനെയാണ്. കോണ്‍ഗ്രസില്‍ പാരമ്പര്യവും ചരിത്രവും ഏറെയുള്ള യുവതാരം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ജ്യോതിരാദിത്യ സിന്ധ്യ ഇന്നു കേന്ദ്ര സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയാണ്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കു കാല്‍കുത്താന്‍ ഒരിഞ്ചു സ്ഥലംപോലും നല്‍കില്ലെന്ന വാശിയിലായിരുന്നു മുഖ്യമന്ത്രി കമല്‍നാഥ്.  ഹൈക്കമാന്‍റ് കമല്‍നാഥിനെ തുണച്ചു. അവസാനം സിന്ധ്യ വേദനയോടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിയുമായി.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ബിജെപി എണ്ണംപറഞ്ഞു തോല്‍പ്പിക്കുകയായിരുന്നുവെന്നു  പറയുന്നതാകും ഭംഗി. 

മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തിസ്ഗഢ്, മിസോറാം എന്നീ അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നാലിലും കോണ്‍ഗ്രസ് ജയിക്കുമെന്നായിരുന്നു അഭിപ്രായ സര്‍വ്വെ ഫലങ്ങളൊക്കെയും പറഞ്ഞിരുന്നത്. എങ്കിലും കോണ്‍ഗ്രസിനു കിട്ടിയത് തെലങ്കാന മാത്രം.

മധ്യപ്രദേശില്‍ ബിജെപിയെക്കാള്‍ രണ്ടു ശതമാനത്തിലധികം വോട്ടു നേടി കോണ്‍ഗ്രസ് ജയിക്കുമെന്നായിരുന്നു അഭിപ്രായ സര്‍വ്വെകളൊക്കെയും പ്രവചിച്ചത്. നാലു സംസ്ഥാനങ്ങളില്‍ വിജയിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ കാര്യമായൊരു തിരിച്ചുവരവു നടത്താന്‍ കഴിയുമെന്നു കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുകയും ചെയ്തു. പക്ഷേ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി ഭരണം പിടിച്ചു. 

തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തി സംസ്ഥാനത്തെ ചില പ്രമുഖ നേതാക്കള്‍ തന്നെ ബിജെപിക്കു ജയിക്കാന്‍ കളമൊരുക്കുകയായിരുന്നുവെന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ അടക്കിപ്പിടിച്ച സംസാരമുണ്ട്. അതിന്‍റെ ഭാഗമായാണ് കമല്‍നാഥിനെയും മകനെയും ബിജെപിയിലേയ്ക്കാനയിക്കാന്‍ നീക്കങ്ങള്‍ നടന്നതെന്നും പറയുന്നു.

പക്ഷെ ബിജെപിയിലെ തലമൂത്ത നേതാക്കള്‍ അകത്തളത്തിലിരുന്ന് ചോദിച്ചത് ഒരേയൊരു ചോദ്യം: കമല്‍നാഥിനെക്കൊണ്ട് ഇനി നമുക്കെന്തു പ്രയോജനം ? കമല്‍നാഥിനെയും മകനെയും പാര്‍ട്ടിയിലേയ്ക്കു കൊണ്ടുവരാന്‍ പാടുപെട്ട ബിജെപി നേതാക്കള്‍ക്ക് അവിടെ ഉത്തരം മുട്ടി.

ബിജെപിയിലേയ്ക്ക് പോകുന്നില്ലെന്ന് ഇപ്പോഴിതാ കമല്‍നാഥ് പ്രസ്താവിച്ചിരിക്കുന്നു. ഡല്‍ഹിയിലെ പുരപ്പുറത്തു കുത്തിവെച്ചിരുന്ന ജയ് ശ്രീറാം കൊടിയും രായ്ക്കു രാമാനം അപ്രത്യക്ഷമായിരിക്കുന്നു. ബിജെപിയിലേയ്ക്കുള്ള യാത്ര പാതിവഴിയില്‍ നിര്‍ത്തി കമല്‍നാഥ് കോണ്‍ഗ്രസ് നേതാക്കളുടെയടുത്തു തിരിച്ചെത്തിയിരിക്കുന്നു. കോണ്‍ഗ്രസുകാരും ചോദിക്കുന്നുണ്ട്: "ഇനി കമല്‍നാഥിനെക്കൊണ്ടു നമുക്കെന്തു പ്രയോജനം ?"

Advertisment