Advertisment

സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എസ്എഫ്‌ഐ തന്നെ; ക്രിമിനല്‍ സ്വഭാവമുള്ളവരെ ഒരു സംഘടനയിലും വളരാന്‍ അനുവദിക്കരുത്; നേതാക്കള്‍ ഇക്കാര്യം ശ്രദ്ധിച്ചേ മതിയാകൂ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

തങ്ങളുടെ സംഘടനയ്ക്കു മാത്രമല്ല, സംസ്ഥാനത്തിന്‍റെ ഭരണ നിയന്ത്രണമുള്ള തങ്ങളുടെ മാതൃപാര്‍ട്ടിക്കും പ്രതിഛായാ നഷ്ടമുണ്ടാക്കാവുന്ന കാര്യമാണ് ഇതെന്നറിയാത്തവരല്ല ഒരു പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍

New Update
H

പോലീസ് പീഡനം പല കാലങ്ങളില്‍ കേരളത്തെ ഞെട്ടിച്ചിട്ടുണ്ട്. ലോക്കപ്പ് മര്‍ദനമെന്നും കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ ക്രൂരതയെന്നുമെല്ലാം മാധ്യമങ്ങള്‍ ഇത്തരം പീഡനങ്ങളെ വിശേഷിപ്പിച്ചു. ഇപ്പോഴിതാ ഒരു പ്രൊഫഷണല്‍ സര്‍വകലാശാലാ കാമ്പസില്‍ സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ത്ഥി കാമ്പസില്‍ നേരിട്ട പീഡനങ്ങളുടെ തുടര്‍ക്കഥകള്‍ ദിവസേന കേരളക്കരയെ നടുക്കുന്നു.

Advertisment

വയനാട്ടിലെ പൂക്കോട് വെറ്റിനറി സര്‍വകലാശാല തുടങ്ങിയത് 2011 -ലാണ്. അവിടെ രണ്ടാം വര്‍ഷ ബിവിഎസ്‌സി വിദ്യാര്‍ത്ഥിയായിരുന്ന ജെ.എസ് സിദ്ധാര്‍ഥനെ ഇക്കഴിഞ്ഞ 18 -ാം തീയതി ഉച്ചയ്ക്കാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

ശരീരമാസകലം പരിക്കുകളുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടു മൂന്നു ദിവസങ്ങളിലായി നടന്ന മര്‍ദനങ്ങളിലേറ്റ മുറിവുകളാണ് ഇവയെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് സിദ്ധാര്‍ഥനെ കണ്ടത്. 

വാലന്‍റൈന്‍സ് ദിനത്തില്‍ നടന്ന ഒരു സാധാരണ സംഭവത്തിന്‍റെ പേരിലാണ് സിദ്ധാര്‍ഥനു നേരെ സഹപാഠികളും മുതിര്‍ന്ന വിദ്യാര്‍ത്ഥികളും തുടര്‍ച്ചയായ മര്‍ദന മുറകള്‍ അഴിച്ചുവിട്ടത്. ഹോസ്റ്റലിന്‍റെ നടുത്തളത്തില്‍ വിവസ്ത്രനാക്കി കൈകാലുകള്‍ ബന്ധിച്ചാണ് മര്‍ദനം നടത്തിയത്. അതും വിദ്യാര്‍ത്ഥികള്‍ ചുറ്റും കൂടിനിന്ന് പരസ്യ വിചാരണ നടത്തിയ ശേഷം.

സര്‍വകലാശാലാ യൂണിയന്‍ ഭരിക്കുന്ന എസ്എഫ്ഐ നേതാക്കളാണ് കേരളത്തെ നടുക്കിയ ഈ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളത്. ആകെ 18 വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നു. ഇതില്‍ 11 പേര്‍ ഇതിനോടകം പോലീസ് പിടിയിലായി. ബാക്കി ഏഴുപേര്‍ ഒളിവിലാണ്. ഇതില്‍ കേസിലെ മുഖ്യ പ്രതിയും ഉള്‍പ്പെടുന്നു.

എസ്എഫ്ഐ കേരളത്തിലെ ബഹുഭൂരിപക്ഷം കോളജുകളിലും ആധിപത്യമുള്ള വിദ്യാര്‍ത്ഥി സംഘടനയാണ്. സര്‍വകലാശാലാ യൂണിയനുകളും എസ്എഫ്ഐയുടെ നിയന്ത്രണത്തിലാണ്.

രണ്ടാം തവണയും അധികാരം കിട്ടിയ സിപിഎം കേരളം ഭരിക്കുമ്പോഴാണ് ഒരു സര്‍വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥിക്കു സഹപാഠികളുടെ കൊടിയ മര്‍ദനമേറ്റത്. തങ്ങളുടെ സംഘടനയ്ക്കു മാത്രമല്ല, സംസ്ഥാനത്തിന്‍റെ ഭരണ നിയന്ത്രണമുള്ള തങ്ങളുടെ മാതൃപാര്‍ട്ടിക്കും പ്രതിഛായാ നഷ്ടമുണ്ടാക്കാവുന്ന കാര്യമാണ് ഇതെന്നറിയാത്തവരല്ല ഒരു പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍. സംഘടനാ പ്രവര്‍ത്തനത്തില്‍ നല്ല പരിചയമുള്ളവരാണിവര്‍ എന്ന കാര്യത്തില്‍ സംശയമേയില്ല.

അമ്പതുകളുടെ അവസാനത്തോടെ ജന്മമെടുത്ത കെഎസ്‌യു കേരളത്തിലെ കലാലയ രാഷ്ട്രീയത്തില്‍ വന്‍ വളര്‍ച്ച നേടിയത് അറുപതുകളിലും എഴുപതുകളുടെ ആരംഭത്തിലുമായിരുന്നു. 1972 -ല്‍ കെഎസ്‌യു നേതൃത്വം നല്‍കിയ വിദ്യാഭ്യാസ സമരം കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വലിയൊരദ്ധ്യായമായി മാറി. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായി വളര്‍ന്ന കെഎസ്‌യുവിലൂടെയാണ് എ.കെ ആന്‍റണി, ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍ തുടങ്ങിയ നേതാക്കള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ നേതാക്കളായത്.

ആദ്യം കെഎസ്എഫ് ആയി രൂപമെടുത്ത് എസ്എഫ്ഐ ആയി മാറിയ സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി സംഘടന എഴുപതുകളുടെ മധ്യത്തോടെ സംസ്ഥാനത്തെ കലാലയങ്ങളില്‍ ചുവടുറപ്പിക്കാന്‍ തുടങ്ങി. പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍, എ.കെ ബാലന്‍, വൈക്കം വിശ്വന്‍, കെ രാധാകൃഷ്ണന്‍ എന്നിങ്ങനെ അനേകം നേതാക്കള്‍ എസ്എഫ്ഐയിലൂടെ കേരള രാഷ്ട്രീയത്തിലെത്തി. സിപി ജോണ്‍, സുരേഷ് കുറുപ്പ്, പി ശശി എന്നിങ്ങനെ നിരവധി നേതാക്കളിലൂടെ എസ്എഫ്ഐ വളരുകയായിരുന്നു.

ഇങ്ങനെ അതിവേഗം വളരുമ്പോഴും എസ്എഫ്ഐയുടെ നിരവധി നേതാക്കള്‍ കാമ്പസില്‍ കുത്തും വെട്ടുമേറ്റു മരിച്ചു. തലശേരി ബ്രണ്ണന്‍ കോളജിലെ അഷ്റഫ്, പന്തളം എന്‍എസ്എസ് കോളജിലെ ജി ഭുവനേശ്വരന്‍ എന്നിവരില്‍ തുടങ്ങി സെയ്താലി, പി.കെ രാജന്‍, സി.വി ജോസ്, എം.എസ് പ്രസാദ് എന്നിങ്ങനെ രക്തസാക്ഷികളായ എസ്എഫ്ഐ നേതാക്കളുടെ നിര നീണ്ടതാണ്. ഏറ്റവുമൊടുവില്‍ എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യു, ഇടുക്കി പൈനാവ് എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ത്ഥി ധീരജ് എന്നിവരും.

തങ്ങളുടെ പ്രധാന പ്രവര്‍ത്തകര്‍ ഇങ്ങനെ കൊല്ലപ്പെട്ടപ്പോഴൊന്നും എതിര്‍ സംഘടനയിലെ നേതാക്കളെയോ പ്രവര്‍ത്തകരെയോ ആക്രമിക്കാന്‍ സംഘടന തയ്യാറായിട്ടില്ലെന്ന് മുന്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് സിപി ജോണ്‍ പറയുന്നതു പല തവണ കേട്ടിട്ടുണ്ട്. യുഡിഎഫ് രാഷ്ട്രീയത്തിലെ സിഎംപി ജനറല്‍ സെക്രട്ടറിയാണെങ്കിലും തന്‍റെ പഴയ സംഘടനയുടെ ഈ പാരമ്പര്യം ഉറക്കെ പറയാന്‍ സിപി ജോണ്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല.

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ഥനെ മര്‍ദിച്ചവശനാക്കി മരണത്തിലേയ്ക്കു നയിച്ച സംഭവങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എസ്എഫ്ഐ തന്നെ. മരണമടഞ്ഞ സിദ്ധാര്‍ഥന്‍റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്ന് മുന്‍ എസ്എഫ്ഐ നേതാവായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയതും പ്രതികളെ മുഴുവന്‍ എസ്എഫ്ഐ സംഘടനയില്‍ നിന്നു പുറത്താക്കിയതുമെല്ലാം കേരള സമൂഹത്തെ അല്പമെങ്കിലും ആശ്വസിപ്പിക്കുന്നുണ്ടെന്നു മാത്രം.

ക്രിമിനല്‍ സ്വഭാവമുള്ളവരെ ഒരു കാരണവശാലും ഒരു സംഘടനയിലും വളരാന്‍ അനുവദിച്ചുകൂടാ എന്ന പാഠമാണ് ഈ സംഭവം കേരള സമൂഹത്തെ പഠിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകളുടെയൊക്കെ നേതാക്കള്‍ ശ്രദ്ധിച്ചേ മതിയാകൂ.

Advertisment