Advertisment

ഓരോ മണ്ഡലത്തിനും പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിക്ക് കഴിയുന്നു, പുതുമുഖങ്ങളെ അവര്‍ കൊണ്ടുവരുന്നു ? സീറ്റ് നിഷേധിക്കപ്പെട്ടവരാരും നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല ! പക്ഷേ, കോണ്‍ഗ്രസിലോ ? അവിടെ മത്സരിക്കാനിറങ്ങുന്നത് പഴയ മുഖങ്ങള്‍ തന്നെ; യുവാക്കള്‍ പട്ടികയ്ക്ക് പുറത്ത്-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

സീറ്റ് നിഷേധിക്കപ്പെട്ടവരാരും ബിജെപി നേതൃത്വത്തെയോ നരേന്ദ്ര മോദിയെയോ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. ഹര്‍ഷ വര്‍ദ്ധന്‍ രാഷ്ട്രീയം വിടുകയാണെന്നു മാത്രം പറഞ്ഞു. 195 അംഗ പട്ടികയാണ് ബിജെപി ആദ്യം പുറത്തുവിട്ടത്. 

New Update
congress bjp1

സിറ്റിങ്ങ് എംപിമാരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കിയാല്‍പ്പിന്നെ പ്രശ്നങ്ങളൊന്നുമില്ലല്ലൊ. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ ചര്‍ച്ച വേണ്ട, സ്ഥാനാര്‍ത്ഥിയാകാന്‍ വരുന്നവരുടെ തള്ളിക്കയറ്റമുണ്ടാകില്ല, സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ആരും പിണങ്ങുകയോ പാര്‍ട്ടി വിട്ടു പോവുകയോ ചെയ്യില്ല. കാര്യങ്ങളെല്ലാം എത്ര എളുപ്പം.

Advertisment

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അങ്ങനെ ആകെ സന്തോഷത്തിലാണ്. ഒരു പ്രശ്നവുമില്ലാതെ സ്ഥാനാര്‍ത്ഥികളെയൊക്കെ പ്രഖ്യാപിച്ചു. സിറ്റിങ്ങ് എംപിമാര്‍ക്കെല്ലാം സീറ്റ് എന്ന ഒറ്റവരി പ്രസ്താവനകൊണ്ട് തീരുമാനം പ്രഖ്യാപിച്ചു. എല്ലാം ശുഭം.

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, കെ മുരളീധരന്‍, ടി.എന്‍ പ്രതാപന്‍ എന്നിങ്ങനെ പലരും ഇത്തവണ ലോക്സഭയിലേയ്ക്കു മത്സരിക്കാനില്ലെന്നു തുറന്നു പറഞ്ഞതാണ്. എന്നിട്ടും നേതൃത്വം കേട്ടില്ല. അവരെത്തന്നെ പിടിച്ചു നിര്‍ത്തുകയായിരുന്നു.

വീണ്ടും ലോക്സഭയിലേയ്ക്കു പോകാന്‍ അത്ര താല്‍പര്യമില്ലെന്നു തോന്നും ചിലരുടെയെങ്കിലും മുഖഭാവം കണ്ടാല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഓരോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും മുഖത്തു കണ്ട ഉത്സാഹം ഏതായാലും ഇത്തവണ ആര്‍ക്കുമില്ല.

രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ വയനാട്ടില്‍ മത്സരിച്ചത് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കാനുമാണെന്ന ചിന്ത അന്ന് എല്ലാവര്‍ക്കുമുണ്ടായിരുന്നു. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കുപോലുമുണ്ടായിരുന്നു ആ പ്രതീക്ഷ. ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളൊക്കെയും ഉത്സാഹത്തോടെ രംഗത്തിറങ്ങി. പ്രവര്‍ത്തകരും അണികളും കൊണ്ടുപിടിച്ചദ്ധ്വാനിച്ചു. 20 -ല്‍ 19 സീറ്റും കരസ്ഥമാക്കിയാണ് യുഡിഎഫ് കേരളത്തിലെ 2019 തെരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സ്വന്തമാക്കിയത്.

വന്‍ ഭൂരിപക്ഷത്തോടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചുവെങ്കിലും കോണ്‍ഗ്രസ് അധികാരത്തിന്‍റെ ഏഴയലത്തുപോലുമെത്തിയില്ല. രാഹുല്‍ ഗാന്ധി രണ്ടാം തവണയും പ്രതിപക്ഷത്തിരുന്നു. കേരളത്തില്‍ നിന്നുള്ള 19 യുഡിഎഫ് അംഗങ്ങളും.

മൂന്നാം തവണയും അധികാരമേല്‍ക്കാന്‍ എല്ലാ തയ്യാറെടുപ്പും നടത്തുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. പക്ഷെ രാജ്യമെങ്ങും സിറ്റിങ്ങ് എംപിമാരെ വീണ്ടും മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറല്ല.

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആകെ നാലു കേന്ദ്ര മന്ത്രിമാരടക്കം 33 സിറ്റിങ്ങ് എംപിമാര്‍ പട്ടികയിലില്ല. മുമ്പ് ബിജെപിയുടെ കരുത്തുറ്റ വക്താവായിരുന്ന മീനാക്ഷി ലേഖി ടെലിവിഷന്‍ ചര്‍ച്ചകളില്‍ മിന്നും താരം തന്നെയായിരുന്നു. വിദേശകാര്യം, സാംസ്കാരികം എന്നീ വകുപ്പുകളുടെ സ്റ്റേറ്റ് മന്ത്രിയായിരുന്ന മീനാക്ഷി ലേഖി ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ തവണ ജയിച്ചത്.

ഭോപ്പാലില്‍ നിന്നുള്ള തീപ്പൊരി നേതാവ് പ്രജ്ഞ ഠാക്കൂറിനും ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനും സീറ്റ് നിഷേധിക്കപ്പെട്ടു. ഗാന്ധിജിയെ വധിച്ച നാഥൂറാം ഗോഡ്സെയാണ് ഇന്ത്യയിലെ യഥാര്‍ത്ഥ രാജ്യസ്നേഹി എന്നു പ്രസ്താവിച്ച നേതാവാണ് പ്രജ്ഞാ ഠാക്കൂര്‍. ആ പ്രസ്താവന പ്രധാനമന്ത്രി മോദിക്കു തീരെ പിടിച്ചിരുന്നില്ല.


സീറ്റ് നിഷേധിക്കപ്പെട്ടവരാരും ബിജെപി നേതൃത്വത്തെയോ നരേന്ദ്ര മോദിയെയോ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. ഹര്‍ഷ വര്‍ദ്ധന്‍ രാഷ്ട്രീയം വിടുകയാണെന്നു മാത്രം പറഞ്ഞു. 195 അംഗ പട്ടികയാണ് ബിജെപി ആദ്യം പുറത്തുവിട്ടത്. 


നേതൃത്വം ശക്തമായതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. ഓരോ മണ്ഡലത്തിനും പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപി നേതൃത്വത്തിനു കഴിയുന്നു. പുതുമുഖങ്ങളെ കൊണ്ടുവരുന്നു.

കോണ്‍ഗ്രസില്‍ പഴയ മുഖങ്ങള്‍ തന്നെ വീണ്ടും മത്സരിക്കാനിറങ്ങുന്നു. കൊടിക്കുന്നില്‍ സുരേഷും ആന്‍റോ ആന്‍റണിയും അടൂര്‍ പ്രകാശും ടി.എന്‍ പ്രതാപനുമെല്ലാം വീണ്ടും അങ്കത്തട്ടിലേയ്ക്ക്. യുവാക്കളൊക്കെയും ഇത്തവണയും പട്ടികയ്ക്ക് പുറത്ത്.

പത്തനംതിട്ട ജില്ലയില്‍ ഏഴു സീറ്റും ഇടതുപക്ഷത്തിനാണെങ്കിലും പത്തനംതിട്ട ലോക്സഭാ സീറ്റ് 2009 മുതല്‍ ആന്‍റോ ആന്‍റണി കൈയില്‍ വെച്ചിരിക്കുന്നുവെന്നത് ഒരു വലിയ കാര്യം തന്നെ. പക്ഷെ, ഇക്കാലം കൊണ്ട് ജില്ലയില്‍ കോണ്‍ഗ്രസ് ശിഥിലമായി. ഒരുകാലത്ത് പത്തനംതിട്ട ജില്ലയെ ഒരു കോണ്‍ഗ്രസ് കോട്ടയായി പിടിച്ചു നിര്‍ത്തിയ പീലിപ്പോസ് തോമസ് എന്നേ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. പണ്ട് ചങ്ങനാശേരിയിലെ ഒരു ബിഷപ്പ് ശുപാര്‍ശ ചെയ്തിട്ടാണ് ഉമ്മന്‍ ചാണ്ടി ആന്‍റോ ആന്‍റണിക്കു സീറ്റ് നല്‍കിയത്. കോണ്‍ഗ്രസുകാര്‍ ആഞ്ഞുപിടിച്ചു ജയിപ്പിച്ചു. പിന്നെയും പിന്നെയും ആന്‍റോ ആന്‍റണി സ്ഥാനാര്‍ത്ഥിയായി. അപ്പോഴെല്ലാം പ്രവര്‍ത്തകര്‍ ആന്‍റോ ആന്‍റണിക്കു സിന്താബാദ് വിളിച്ചു ജയിപ്പിച്ചു.

ഇപ്പോഴിതാ നേതൃത്വം തീരുമാനിച്ചിരിക്കുന്നു സിറ്റിങ്ങ് എംപിമാര്‍ക്കെല്ലാം സീറ്റ് കൊടുക്കുകയാണെന്ന്. പത്തനംതിട്ടയിലെ കോണ്‍ഗ്രസുകാര്‍ ആന്‍റോ ആന്‍റണിയെ ജയിപ്പിക്കാന്‍ വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നു.

പക്ഷെ ജില്ലയില്‍ മിടുക്കരായ യുവ കോണ്‍ഗ്രസ് നേതാക്കളൊക്കെ  നോക്കിനില്‍ക്കുന്നു. ഒന്നും മിണ്ടാതെ. പ്രവര്‍ത്തിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. കേരളമൊട്ടാകെ ഇതുതന്നെ സ്ഥിതി.

Advertisment